General (Page 1,478)

കൊച്ചി: ഐഷാ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഹൈക്കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യപ്പെട്ട രേഖകൾ ഐഷ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ആരോപിക്കുന്നു.

രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഐഷാ സുൽത്താന മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു. ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തുന്നതിന് മുൻപ് ഐഷാ സുൽത്താന തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ഐഷാ സുൽത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളതെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.കേസ് മുന്നോട്ടു കൊണ്ടുപോവുകയും ഐഷാ സുൽത്താനയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു.

ടെക്സസ്: റിച്ചാർഡ് ബ്രാൻസന്റെ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെ ഏറെ നാളെത്തെ സ്വപ്‌നം സഫലമാക്കി ജെഫ് ബസോസും. ബഹിരാകാശത്തേക്ക് യാത്ര നടത്തിയ ശേഷം ജെഫ് ബെസോസും സംഘവും തിരിച്ചെത്തി. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു ജെഫ് ബെസോസിന്റെ യാത്ര. സഹോദരരനായ മാർക് ബെസോസ്(53), ഒലിവർ ഡീമൻ(18), വാലി ഫങ്ക്(83) എന്നിവരും ജെഫ് ബെസോസിനൊപ്പം ഉണ്ടായിരുന്നു. ടെക്സസിലെ ബാൻ ഹോൺ വിക്ഷേപണത്തറയിൽ നിന്നാണ് ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്സ്യൂളുമായി ബൂസ്റ്റർ റോക്കറ്റ് വിക്ഷേപിച്ചത്.

ഇന്ത്യൻ സമയം വൈകുന്നേരം 6.43 ഓടെ പറന്നുയർന്ന റോക്കറ്റ് ഏഴ് മിനിറ്റും 32 സെക്കന്റും പിന്നിട്ട ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തി. യാത്ര വിജയകരമായി പൂർത്തീകരിച്ചതോടെ ആദ്യമായി പൈലറ്റില്ലാതെ യാത്രക്കാരുമായി ബഹിരാകാശം തൊടുന്ന ദൗത്യം എന്ന നേട്ടം കരസ്ഥമാക്കി. ഏറ്റവും കൂടുതലും, കുറവും പ്രായമുള്ള യാത്രക്കാർ ഉണ്ടായി എന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.

ബഹിരാകാശം എന്ന് അവകാശപ്പെടുന്ന കാർമൻ ലൈൻ(100 കിലോമീറ്റർ) പിന്നിട്ടാണ് ജെഫ് ബെസോസും സംഘവും തിരിച്ചെത്തിയത്. 104 കിലോമീറ്റർ ഇവർ യാത്ര ചെയ്തു.

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ പുതിയ ഇളവുകൾ നൽകില്ല. വാരാന്ത്യ ലോക്ക് ഡൗൺ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകളെ സുപ്രീം കോടതി വിമർശിച്ച സാഹചര്യത്തിലാണ് ലോക്ക് ഡൗണിൽ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി അതേപടി തുടരാൻ യോഗത്തിൽ ധാരണയായി. ബക്രീദുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനുവദിച്ചിരുന്ന നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് അവസാനിക്കും. നാളെ മുതൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് അവലോകന യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നൽകിയ ഇളവുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വൈകിയ വേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്നായിരുന്നു കോടതി അറിയിച്ചത്. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് കോടതി വിമർശിച്ചിരുന്നു.

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി അധികാരത്തിലെത്തി എന്നത് കോൺഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോൺഗ്രസ് ‘കോമ’യിൽ നിന്ന് പുറത്തുകടന്നിട്ടില്ല. എല്ലാ സ്ഥലത്തും തകർന്നടിയുമ്പോഴും കോൺഗ്രസിന്റെ ശ്രദ്ധ ബിജെപിയിലാണ്. കോൺഗ്രസിന്റെ പെരുമാറ്റം നിരുത്തരവാദപരവും ദൗർഭാഗ്യകരവുണ്. 60 വർഷം രാജ്യം ഭരിച്ചതിന്റെ അധികാരബോധമാണ് കോൺഗ്രസിനെന്ന് അദ്ദേഹം വിമർശിച്ചു.

അധികാരത്തിന് അർഹതയുണ്ടെന്നാണ് കോൺഗ്രസിന്റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്റെ ജോലികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റിയ സത്യം അവർ തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമെന്ന നിലയിൽ ജനക്ഷേമ കാര്യങ്ങളിലാണ് കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്. സത്യത്തിൽ രാജ്യത്ത് വാക്സിൻ ദൗർലഭ്യമില്ല. എന്നിട്ടും മനപൂർവം കോൺഗ്രസ് പ്രതികൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് പ്രതിസന്ധി രാഷ്ട്രീയ വിഷയമല്ല. മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയിൽ ആരും പട്ടിണികിടക്കില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹിയിൽ 20 ശതമാനം കോവിഡ് മുൻനിരപ്പോരാളികൾക്ക് ഇതുവരെ വാക്സിൻ ലഭിച്ചില്ലെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾക്കെതിരെ ശബ്ദിക്കണമെന്ന് പ്രധാനമന്ത്രി എംപിമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. വാരാന്ത്യ ലോക്ക് ഡൗൺ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക.

മൈക്രോ കണ്ടെയിൻമെൻറ് സോൺ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താണ് സർക്കാർ ആലോചിക്കുന്നത്. ജൂലൈ 22 ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുന്നത്. ബക്രീദിനോടനുബന്ധിച്ച് കേരളം നൽകിയ ലോക്ക് ഡൗൺ ഇളവുകൾക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ കോടതി നടപടി കൂടി കണക്കിലെടുത്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കണമെന്നാണ് വ്യാപാരികൾ ഉൾപ്പെടെയുള്ള വരുടെ ആവശ്യം.

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ബക്രീദ് കാലത്ത് കടകൾ തുറക്കുന്നതിൽ കേരളം ഇളവുകൾ നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

വൈകിയ വേളയിലായതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് കോടതി അറിയിച്ചു. മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദ്ദത്തിന് വഴിപ്പെടരുതായിരുന്നുവെന്ന് കോടതി വിമർശിച്ചു. കാറ്റഗറി ഡിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് ഗുരുതര വിഷയമാണ്. അഞ്ചു ശതമാനം ടിപിആർ ഉള്ള സ്ഥലങ്ങളിൽ അവസ്യസാധനങ്ങൾ വിൽക്കാൻ നേരത്തെ അനുമതി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് കോടതി വ്യക്തമാക്കി. വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മതപരമായ ആചാരങ്ങളേക്കാൾ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർച്ചയുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുൻ കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണോ പെഗാസസ് ഫോൺ ചോർത്തൽ വിവാദങ്ങൾ ഉയർന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉയർത്തപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കലാപത്തിനു പ്രേരിപ്പിച്ചു. 2019 ലെ തെരഞ്ഞെടുപ്പ് സമയത്ത് പെഗാസസ് കഥ വന്നു. നാൽപ്പത്തിയഞ്ചോളം രാജ്യങ്ങൾ പെഗാസസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളിൽ കൂടുതലും പശ്ചാത്യ രാജ്യക്കാരാണെന്ന് പെഗാസസിന്റെ നിർമാതാക്കളായ എൻഎസ്ഒ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതിന്റെ പിന്നിലുള്ള കഥ എന്താണെന്നും ഈ കഥയിലെ ട്വിസ്റ്റ് എന്താണെന്നും അദ്ദേഹം ആരാഞ്ഞു.

ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗാസസ് കഥ വരുന്നു. ഈ വാർത്ത പുറത്തുവിട്ട ഓൺലൈൻ പോർട്ടൽ നേരത്തേയും ഇതുപോലെ ചിലത് പുറത്തുവിട്ടിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. പെഗാസസ് കഥയുമായി ബിജെപിയെ ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിൽ സ്വകാര്യതയും ഉൾപ്പെടുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

കാസർകോട്: മാർക്സ് സാമ്പത്തിക ശാസ്ത്രത്തിന്റെ അവസാന വാക്കല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. സമ്പത്ത് വ്യക്തിയിൽ കേന്ദ്രീകരിക്കുക വഴി സമൂഹത്തിലുണ്ടായ പ്രതിസന്ധിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ബദൽ പരിഹാരം കണ്ടെത്തുകയായിരുന്നു മാർക്സ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബഹുമുഖ തലങ്ങളെ വിശകലനം ചെയ്യാൻ അതുവഴി സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ സർവകലാശാല മുൻ രജിസ്ട്രാറും കാഞ്ഞങ്ങാട് നെഹ്റു കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ ഡോ.എ. അശോകന്റെ ‘ഹെറ്ററഡോക്സ് ഇക്കണോമിക്സ്’ എന്ന പുസ്തകം പ്രകാശനന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്ററിന് പുസ്തകം കൈമാറിക്കൊണ്ടായിരുന്നു മന്ത്രി എം വി ഗോവിന്ദൻ പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

സാമ്പത്തിക ശാസ്ത്രത്തിൽ മാർക്സ് അവസാന വാക്കാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. ഇന്ന് അതിനപ്പുറത്തേക്ക് ഉൽപാദന ബന്ധങ്ങൾ വളർന്നു കഴിഞ്ഞു.18 ലക്ഷം ശമ്പളം വാങ്ങുന്നവർ, ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്നതെന്തിനെന്ന് ചോദിക്കുന്നു. അത്രയും ശമ്പളം വാങ്ങുന്നയാൾ ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യവും അതിനനുസരിച്ച് വളർന്നിട്ടുണ്ട്. പട്ടിണിയെ അടിസ്ഥാനമാക്കി മാത്രം മിച്ചമൂല്യ സിദ്ധാന്തത്തെ വിശകലനം ചെയ്യരുതെന്നും വളർന്നു വരുന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിശകലനം ചെയ്യുമ്പോഴാണ് മാർക്സിസം പ്രസക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ലോക്ക് ഡൗൺ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ബക്രീദിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചീഫ് സെക്രട്ടറി വി പി ജോയ് ആണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മൂന്ന് മാസമായി നീണ്ടുനിൽക്കുന്ന നിയന്ത്രണങ്ങളിൽ ജനം അസ്വസ്ഥരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിദ്ഗധരുടെ അഭിപ്രായം കൂടി കണക്കിലെടുത്തതാണ് സംസ്ഥാനത്ത് ബക്രീദിനോടനുബന്ധിച്ചുള്ള ഇളവുകൾ അനുവദിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾ കാരണം രോഗവ്യാപനം കുറയില്ലെന്ന് ഐഎംഎ അറിയിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദമാക്കി.

രോഗവ്യാപനം കൂടുതലായുള്ള പ്രദേശങ്ങൾക്കായി പ്രത്യേക പ്രതിരോധ മാർഗങ്ങൾ തയ്യാറാക്കി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബക്രീദിന് മൂന്ന് ദിവസത്തെ ലോക്ക് ഡൗൺ ഇളവുകൾ അനുവദിച്ച കേരള സർക്കാർ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മലയാളി പികെഡി നമ്പ്യാർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചൊവ്വാഴ്ച്ച സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിക്കും.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.

ഇസ്രയേൽ നിർമിത പെഗാസസ് സോഫ്റ്റ്‌വെയറിലൂടെ ചാര റാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും മോദി സർക്കാരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കേന്ദ്ര സർക്കാരിന് ഇപ്പോൾ കിടപ്പറ സംഭാഷണങ്ങൾ കേൾക്കാൻ സാധിക്കുമെന്നും കോൺഗ്രസ് പരിഹസിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ നടപടികൾ രാജ്യദ്രോഹമാണ്. മോദി സർക്കാർ ദേശീയ സുരക്ഷയിൽ നിന്ന് പൂർണമായി പിന്മാറിയെന്നും കോൺഗ്രസ് വിമർശിച്ചു. പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനത്തെ കുറിച്ചും അത് ഏതുവിധത്തിൽ ജനങ്ങളെ ബാധിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ചോദ്യം ഉന്നയിച്ചു. നിങ്ങൾ വാഷ്റൂമിൽ ആയിരുന്നാലും, കിടപ്പുമുറിയിൽ ആയിരുന്നാലും, നിങ്ങൾ നടത്തുന്ന സംഭാഷണം, നിങ്ങളുടെ ഭാര്യ-മകൾ-കുടുംബം നടത്തുന്ന സംഭാഷണം ഒക്കെ നരേന്ദ്ര മോദി സർക്കാരിന് ഒളിച്ചുകേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.