ന്യൂഡൽഹി: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള പാർട്ടിയായ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമിന്റെ (എഐഎംഐഎം) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. പാർട്ടി വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. എഐഎംഐഎം എന്ന പ്രൊഫൈൽ പേര് മാറ്റി ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. പ്രൊഫൈൽ ഫോട്ടോയും ഹാക്കർമാർ ബിസിനസ് സ്ഥാപനത്തിന്റേതാക്കി മാറ്റിയിരുന്നു. പ്രൊഫൈൽ പേരും പിക്ചറും മാറ്റിയതല്ലാതെ ഹാൻഡിലിൽ നിന്ന് യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. ഒൻപത് ദിവസങ്ങൾക്ക് മുൻപും പാർട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ട്വിറ്റർ അധികൃതരെ ബന്ധപ്പെട്ടതോടെയാണ് പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.

