ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും സംപ്രീം കോടതി ജഡ്ജിമാരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നരേന്ദ്ര മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തിയതായാണ് റിപ്പോർട്ട്. നിതിൻഗഡ്കരി, സ്മൃതി ഇറാനി എന്നീ മന്ത്രിമാരുടെ ഫോണുകളാണ് ചോർന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചില വ്യവസായികളുടെ ഫോണുകളും സുരക്ഷാ ഏജൻസി മേധാവികളുടെ ഫോണുകളും ചോർത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്.
രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്. പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

