ലോക്ക്ഡൗണ്‍ കാലത്ത് വില്ലനായി ലഹരിയും സ്ത്രീധനവും; ഗാര്‍ഹിക പീഡനക്കേസുകളില്‍ വന്‍ വര്‍ദ്ധനവ് !

കോഴിക്കോട്: കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഗാര്‍ഹിക പീഡനക്കേസുകളില്‍ വന്‍ വര്‍ദ്ധനവ്. 2020 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സാമൂഹിക ക്ഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവൈഡിങ്ങ് സെന്ററുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3818 ഗാര്‍ഹിക പീഡനകേസുകളാണ്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ, വനിതാ കമ്മീഷന്‍, സ്വകാര്യ അന്യായം എന്നിവ കൂടി പരിഗണിച്ചാല്‍ ഈ കണക്കുകള്‍ പതിനായരത്തിലെത്തുമെന്ന് സാമൂഹിക ക്ഷേമ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ സൂസന്‍ കൊടി വ്യക്തമാക്കി.

കേസുകളില്‍ 41 ശതമാനവും സംഭവിച്ചിരിക്കുന്നത് ലഹരിയുടെ സ്വാധീനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 21 ശതമാനം പീഡനങ്ങള്‍ക്ക് സ്ത്രീധനവും, 18 ശതമാനം മൊബൈല്‍, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവുമുണ്ടെന്നും, 18 ശതമാനത്തിന് വിവാഹേതര ബന്ധവും കാരണമായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഗാര്‍ഹിക പീഡനങ്ങള്‍ 4338 കുട്ടികളുടെ മാനസിക ആരോഗ്യത്തിലും ബുദ്ധിവികാസത്തിലും പഠനത്തിലുമെല്ലാം ആഘാതമേല്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തില്‍ 82 സര്‍വ്വീസ് പ്രൊവൈഡിങ് സെന്ററുകളാണുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം-421, വയനാട്- 404, കണ്ണൂര്‍- 389, കോട്ടയം – 337, തൃശ്ശൂര്‍ 306, കൊല്ലം- 302, ഇടുക്കി-282, പാലക്കാട്-268, കോഴിക്കോട്- 168, ആലപ്പുഴ -117, പത്തനംതിട്ട-108 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടത് കാസര്‍കോട് ജില്ലയിലാണ്, 63 കേസുകള്‍.