ചന്ദ്രയാൻ 3 അടുത്ത വർഷം വിക്ഷേപിക്കും: തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: അടുത്ത വർഷത്തോടെ ചന്ദ്രയാൻ 3 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ. 2022-ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്.

ചന്ദ്രയാൻ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി അദ്ദേഹം വ്യക്തമാക്കി. പുതിയ സമയക്രമവും അദ്ദേഹം പുറത്തുവിട്ടു. ഈ വർഷം ചന്ദ്രയാൻ 3 വിക്ഷേപിക്കാനായിരുന്നു ഐഎസ്ആർഒ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് വിക്ഷേപണം നീട്ടിവെയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ വർക്ക് ഫ്രം ഹോമിലിരുന്ന് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തിരുന്നതായി ബഹിരാകാശ വകുപ്പ് വ്യക്തമാക്കി.

ലോക്ക് ഡൗൺ മാറിയതോടെ വീണ്ടും ചന്ദ്രയാൻ 3 യ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ ഭൂരിഭാഗം പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയിൽ നൽകിയ മറുപടിയിൽ വിശദമാക്കുന്നു.