നിയമസഭാ കൈയാങ്കളിക്കേസ്; വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഒറ്റ വഴി മാത്രം

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഒറ്റ വഴി മാത്രം. വിചാരണ എതുവിധേനയും നീട്ടിക്കൊണ്ടുപോവുകയെന്നത് മാത്രമാണ് ഇനി സർക്കാരിന് മുന്നിലുള്ള വഴി. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ മന്ത്രിക്കും കെ.ടി.ജലീൽ എം.എൽ.എയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാകും. ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ആറുവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും ഉണ്ടായിരിക്കും.

നിയമസഭയിലെ പരാക്രമങ്ങളിൽ പങ്കാളികളായ കൂടുതൽ എം.എൽ.എമാർ വിചാരണഘട്ടത്തിൽ പ്രതിചേർക്കപ്പെടാനും സാധ്യതയുണ്ട്. തെളിവുകൾ ധാരാളമുള്ളതിനാൽ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി ഐ.പി.സി-109, സി.ആർ.പി.സി-319 വകുപ്പുകൾ പ്രകാരം പ്രതികളാക്കാൻ വിചാരണക്കോടതിക്ക് അധികാരമുണ്ട്. ഈ ആവശ്യമുന്നയിച്ച് ഏത് പൗരനും കോടതിയെ സമീപിക്കാം. സ്പീക്കറുടെ പോഡിയത്തിൽ കയറി പൊതുമുതൽ നശിപ്പിച്ചില്ലെങ്കിലും, ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവും. നിലവിലെ പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ അവർക്കും ബാധകമാവാമെന്നാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽപാക്ഷ വ്യക്തമാക്കുന്നത്.

വീഡിയോദൃശ്യങ്ങളടക്കം ശക്തമായ ഡിജിറ്റൽ തെളിവുകൾ നിയമസഭാ കയ്യാങ്കളി കേസിലുണ്ട്. പ്രക്ഷോഭത്തിന് പ്രേരിപ്പിച്ച കൂടുതൽ എം.എൽ.എമാർ പ്രതികളാവാം. സുപ്രീംകോടതിയിൽ നിന്ന് നേരിട്ടതിലും വലിയ തിരിച്ചടിയാവും ഇതെന്നും കെമാൽ പാക്ഷ പറഞ്ഞു.