സമ്പദ്ഘടനയിലെ പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണം; അഭ്യർത്ഥനയുമായി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം സമ്പദ്ഘടനയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ ബാങ്കുകളുടെ സഹകരണം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി മറികടക്കാൻ ബാങ്കുകൾ കൂടുതൽ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അസംഘടിത മേഖലയിൽ കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2021 മേയ് മാസം പ്രഖ്യാപിച്ച പാക്കേജിൽ മാർച്ച് 31 ന് എൻ.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയിൽ താഴെ വായ്പ എടുത്തിട്ടുള്ളവർക്കുമാണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് ഒന്നാം തരംഗത്താലും അതിനു മുമ്പുള്ള പ്രകൃതി ദുരന്തങ്ങളാലും വലിയ രീതിയിൽ ബാധിക്കപ്പെട്ട ആളുകൾക്കും സ്ഥാപനങ്ങൾക്കും ഉപാധികളില്ലാതെ 2021 ഡിസംബർ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാൻ കേന്ദ്ര ധനകാര്യമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാർ ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീമിന്റെ വകയിരുത്തൽ 4.5 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ പരിപാടിക്ക് പരമാവധി പ്രചരണം നൽകാൻ ബാങ്കുകൾ ശ്രമിക്കണമെന്നും വ്യാപാര സമൂഹത്തിന് ഇതിൽ നിന്നും സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

37 ലക്ഷം കർഷകർ പി.എം. കിസാൻ പരിപാടിയിൽ കേരളത്തിൽ നിന്നുണ്ട്. എല്ലാ കർഷകർക്കും ക്ഷീര കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ഈ പദ്ധതികളുടെ കവറേജ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന സർക്കാരിന്റെ കാർഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവർക്കും കാർഷിക വായ്പ അനുവദിക്കണമെന്നും വിളവെടുപ്പിനുശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കാർഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകൾ അർഹരായവർക്ക് സഹായം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായി കാർഷിക ഉൽപ്പാദന സംഘടനകൾ രൂപീകരിക്കാൻ കൃഷി വകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഇവയ്ക്കും ഉദാരമായ സഹായം നൽകണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ വായ്പാ സഹായം ബാങ്കുകൾ ലഭ്യമാക്കണം. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം കാലതാമസമില്ലാതെ ഉണ്ടാകണം. കുടുംബശ്രീ മുഖേന പലിശ സർക്കാർ നൽകിയുള്ള വായ്പകളുടെ കാര്യത്തിൽ ബാങ്കുകൾ അനുകൂല സമീപനം സ്വീകരിക്കണം. സർഫാസി നിയമപ്രകാരം ജപ്തി നടപടികൾ നേരിടുന്നവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ബാങ്കുകൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.