വ്യവസായികൾക്കും കർഷകർക്കും കൈത്താങ്ങ്; 5650 കോടിയുടെ സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും കർഷകർക്കും വേണ്ടി 5650 കോടിയുടെ പാക്കേജാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ലക്ഷം വരെയുള്ള വായ്പയുടെ നാല് ശതമാനം പലിശ സർക്കാർ ആറു മാസത്തേക്ക് നൽകും. കോവിഡ് വ്യാപനവും അടച്ചുപൂട്ടലും വഴി സാമ്പത്തിക പ്രതിസന്ധിയിലായ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും വ്യവസായികളുടേയും ആവശ്യങ്ങൾ പരിഗണിച്ചാണ് സാമ്പത്തികാശ്വാസ പദ്ധതി പ്രഖ്യാപനം നടത്തിയത്.

പലിശയിലെ ഇളവാണ് പാക്കേജിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേന്ദ്ര സംസ്ഥാന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ നിന്നെടുത്ത രണ്ട് ലക്ഷം രൂപവരെയോ അതിൽ താഴെ വരോയോ ഉള്ള വായ്പകൾക്കാണ് പലിയ ഇളവ് അനുവദിക്കുന്നത്. പലിശയുടെ നാല് ശതമാനം സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് വഹിക്കും.

രണ്ടായിരം കോടി രൂപയുടെ ഇളവിൽ ഒരുലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്കും ഇളവ് അനുവദിക്കും. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതിയും വൈദ്യൂതി ഫിക്‌സഡ് ചാർജ്ജും ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒഴിവാക്കിയതായി സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിന്റെ കടമുറികളുടെ വാടകയും ഒഴിവാക്കും.

കെഎസ്എഫ് ഇ നൽകിയ എല്ലാ വായ്പകളുടേയും പിഴപ്പലിശ സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിട്ടുണ്ട്. ചിട്ടി തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കും ഇളവ് നൽകും. കെഎഫ്‌സി വഴിയുള്ള വായ്പകൾക്ക് ജൂലൈ ഒന്ന് മുതൽ ഒരു വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സംരഭക വികസനപദ്ധതിയുടെ രണ്ടാം ഭാഗവും കെഎഫ് സി വഴി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. സ്റ്റാർട്ട് അപ്പ് കേരള, വ്യവസായ എസ്റ്റേറ്റിലുള്ളവർക്കുള്ള പ്രത്യേക പദ്ധതിയും സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.