കൊച്ചി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തി ഹൈബി ഈഡൻ എംപി. എറണാകുളം റെയിൽവേ ടെർമിനൽ നടപടികൾ വേഗത്തിലാക്കണമെന്നു ആവശ്യപ്പെട്ടാണ് ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രിയെ കണ്ടത്. വൈറ്റില പൊന്നുരുന്നിയിൽ റെയിൽവേ മാർഷലിങ് യാഡ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആധുനിക ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
എറണാകുളം നഗര ഹൃദയത്തിൽ 500 കോടിയോളം രൂപ വില വരുന്ന 110 ഏക്കർ റെയിൽവേയ്ക്കു സ്വന്തമായി ഉണ്ടെന്ന് എംപി കേന്ദ്രമന്ത്രിയെ അറിയിച്ചു. പിയൂഷ് ഗോയൽ കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് ഒട്ടേറെ തവണ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ പദ്ധതിക്കു വേണ്ട പ്രാധാന്യം നൽകിയില്ലെന്ന് ഹൈബി ഈഡൻ പറഞ്ഞു. വിശദമായ പദ്ധതി ശുപാർശ തയാറാക്കാൻ പോലും ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
പദ്ധതി യാഥാർത്ഥ്യമായാൽ രാജ്യത്തെ തന്നെ ആദ്യത്തെ സംയോജിത ഗതാഗത സംവിധാനമാണ് എറണാകുളത്ത് നിലവിൽ വരുന്നത്. സീറോ ഇൻവെസ്റ്റ്‌മെന്റിൽ റെയിൽവേയ്ക്കു തന്നെ വലിയ ലാഭം പദ്ധതിയിലൂടെ ലഭിക്കുമെന്ന് ഹൈബി ഈഡൻ പറയുന്നു. റെയിൽവേ, മെട്രോ റെയിൽ, വാട്ടർ മെട്രോ, റോഡ് ഗതാഗതം മുതലായവയെല്ലാം വൈറ്റില മേഖലയിൽ ഒരു കുടക്കീഴിൽ വരുന്ന പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

