വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് കേന്ദ്രീകൃത പരിശോധനാ സംവിധാനം

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. കെ -സിസ് (Kerala-Centralised Inspection System) എന്ന പോർട്ടൽ അടിസ്ഥാനമാക്കിയാണ് പരിശോധനാ സംവിധാനം പ്രവർത്തിക്കുക. എൻഐസിയാണ് പോർട്ടൽ തയ്യാറാക്കിയത്.

അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കുക. ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ്, തൊഴിൽ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകൾ കേന്ദ്രീകൃതമായി നടത്തുന്നതിനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്. മൂന്നുതരത്തിലുള്ള പരിശോധനകളാണ് കെ-സിസിലൂടെ നടത്തുന്നത്. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള പരിശോധന, പതിവ് പരിശോധന, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന എന്നിവയാണവ. പരിശോധന ഷെഡ്യൂൾ വെബ് പോർട്ടൽ സ്വയം തയ്യാറാക്കും. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനകൾ വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും.

പരിശോധന നടത്തുന്ന ഉദ്ദ്യോഗസ്ഥരെ പോർട്ടൽ തന്നെ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ ഇൻസ്പെക്ടർ തുടർച്ചയായി രണ്ട് പരിശോധനകൾ നടത്തുന്നിലെന്ന് ഉറപ്പ് വരുത്തും. പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുൻകൂട്ടി എസ്.എം.എസ്, ഇമെയിൽ മുഖേന നൽകും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ കെ – സിസ് പോർട്ടലിൽ പ്രസിദ്ധീകരിക്കും. പോർട്ടലിലേക്ക് സംരഭകനും ബന്ധപ്പെട്ട വകുപ്പുകൾക്കും ലോഗിൻ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുള്ള പരിശോധനക്കായി സംരഭകർക്ക് പോർട്ടൽ വഴി അപേക്ഷിക്കാം. പരിശോധകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ക്രമീകരണവും പോർട്ടലിലുടെ ചെയ്യാനാകും. സ്ഥാപനം സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ സമർപ്പിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഒരു സ്ഥാപനത്തിൽ നടത്തിയ പരിശോധനകളുടെ ചരിത്രവും പോർട്ടലിലൂടെ അിറയാം. പരിശോധന റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

അഗ്നി രക്ഷാ സേനാ, ഭൂഗർഭ ജല അതോറിറ്റി തുടങ്ങി കൂടുതൽ വകുപ്പുകൾ പോർട്ടലിൻെഖ ഭാഗമാക്കി ഭാവിയിൽ മാറ്റും വ്യവസായ സ്ഥാപനങ്ങളിൽ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനകളിൽ സുതാര്യത ഉറപ്പുവരുത്താനാണ് കേന്ദ്രീകൃത പരിശോധന സംവിധാനം. സംരഭകർക്ക് ആത്മവിശ്വാസം പകരുന്നതും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതും ആയിരിക്കും കെ-സിസ്. വ്യവസായ വാണിജ്യ സംഘടനകളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പോർട്ടലിന് രൂപം നൽകിയത്.