General (Page 1,463)

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികൾ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറാൻ പാടില്ലെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡിജിപി പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മുംബൈ: ബിസിനസ് രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി മൈക്രോസോഫ്റ്റ്. ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഒയോയിൽ നിക്ഷേപം നടത്താനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗിക്കുകയാണെന്നാണ് വിവരം. ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും ടെക് ക്രഞ്ച് വ്യക്തമാക്കിയിരുന്നു.

ഒയോയിൽ മൈക്രോസോഫ്റ്റ് എത്ര കോടി രൂപയാവും നിക്ഷേപിക്കുകയെന്ന കാര്യം വ്യക്തമല്ല. സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒൻപത് ബില്യൺ ഡോളറാണ്. കഴിഞ്ഞ മാസം ഒയോ ആഗോള തലത്തിൽ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം തേടിയിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, യൂറോപ്പ്, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്ക് ഒയോയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷൻ നടപടികൾ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും ഒയോയുടെ പ്രതീക്ഷകൾക്ക് കരുത്ത് നൽകുന്നു. സമ്മർ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായി ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ അറിയിച്ചു.

തിരുവനന്തപുരം: മുസ്ലീം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതായി മുൻമന്ത്രി കെ ടി ജലീൽ. ജൂലൈ 24 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയതെന്നാണ് കെ ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് പാണക്കാട് നേരിട്ടെത്തി ഇഡി അദ്ദേഹത്തിന്റെ മൊഴിയെടുത്തുവെന്നും ജലീൽ വ്യക്തമാക്കുന്നു.

ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്ന് ജലീൽ ആരോപിച്ചു. സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിൻവലിച്ചത് എന്ന് പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ആർ നഗർ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും ജലീൽ ആവശ്യപ്പെടുന്നു.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ. ഇനി മുതൽ ഞായറാഴ്ച മാത്രമാകും സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകുക. ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ എല്ലാ കടകളും തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ കടകൾ രാവിലെ ഏഴു മണി മുതൽ 9 മണി വരെ തുറക്കാം. വ്യാപര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദ്ദേശം. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേർന്ന് യോഗങ്ങൾ നടത്തും. കടകൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ് വാക്സിനേഷനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതുപേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്.1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 1000 പേരിൽ 10 പേരിൽ കൂടുതൽ ആൾക്കാർക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകു.

ആൾക്കൂട്ട നിരോധനവും തുടരും. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ പ്രവേശിപ്പിക്കേണ്ടത്. വിസ്തീർണമുള്ള വലിയ ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും. ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യേക പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പ്രസ്താവനയിലെ പ്രസക്തഭാഗങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്സിനേഷൻ നൽകും.

കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും.മൂന്നാം തരംഗത്തിനു മുമ്പ് തന്നെ വാക്സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേർക്ക് ഒന്നാം ഡോസും 62,01,105 പേർക്ക് രണ്ടാം ഡോസും നൽകിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

പാലക്കാട്: ഗുണമേന്മയുള്ള അദ്ധ്യയനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ. സർക്കാർ മേഖലയിലെ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, പ്രൈമറി വിദ്യാലയങ്ങളുടെ സമഗ്ര വികസനവും വളർച്ചയും ഉറപ്പുവരുത്താൻ അഞ്ചു വർഷം മുൻപ് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനു പകരം ‘വിദ്യാകിരണം’ എന്ന പദ്ധതിയാണ് സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ സർക്കാർ ആരംഭിച്ച നാലുമിഷനുകളെയും കേരള പുനർനിർമാണപദ്ധതിയെയും ഏകോപിപ്പിച്ചു സർക്കാർ രൂപീകരിച്ച നവകേരളം കർമപദ്ധതി 2 ന്റെ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുളള സംരംഭമായിട്ടാണ് സർക്കാർ വിദ്യാകിരണത്തെ അവതരിപ്പിക്കുന്നത്. വിദ്യാകിരണം പദ്ധതിയ്ക്ക് ഏതൊക്കെ ഘടകങ്ങൾ വേണം രീതികൾ എന്തെല്ലാമായിരിക്കണം എന്തെല്ലാം സംവിധാനമാണ് ഇതിന് വേണ്ടത് എന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയും പ്രൊജക്ടുകളുമെല്ലാം സർക്കാർ നടത്തും. ഓൺലൈൻ വിദ്യഭ്യാസത്തിൽ കുട്ടികൾക്ക് സമഗ്രശിക്ഷണം ലഭിക്കാനുള്ള നടപടികളും പദ്ധതിയിലൂടെ ഉറപ്പു വരുത്തും.

പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനിൽ ഒരു മണ്ഡലത്തിലെ ഒരു സ്‌കൂൾ വീതം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നവീകരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കും 5 കോടി രൂപയുടെ നവീകരണവും മൂന്നു കോടിരൂപയുടെ ഉപകരണങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാലയങ്ങൾക്കായി ഒരു കോടി രൂപയാണ് ചെലവഴിച്ചത്. എല്ലാ സ്‌കൂളിലും ഹൈടെക് പഠനത്തിനുള്ള മുറികൾ, ടെക്‌സറ്റ് ബുക്കും അധ്യാപകരുടെ നോട്ടുകളും ഉൾപ്പെടെ ലഭിക്കുന്ന സമഗ്രപോർട്ടലും ഇതിന്റെ ഭാഗമായി നിലവിൽ വന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷന്റെ തുടർച്ചയായാണ് വിദ്യാകിരണം നടപ്പാക്കാനുള്ള തീരുമാനം. ഉത്തരവനുസരിച്ച് സമ്പൂർണ പാർപ്പിടം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ, ജനസൗഹൃദ സർക്കാർ ആശുപത്രികൾക്കായി ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസമിഷൻ, ശുചിത്വം, മാലിന്യസംസ്‌കരണം, മണ്ണു-ജലസംരക്ഷണവും ലക്ഷ്യമാക്കി ഹരിത കേരളമിഷൻ എന്നിവയ്‌ക്കൊപ്പം കേരള പുനർനിർമാണ പദ്ധതിയും യോജിപ്പിച്ചാണ് നവകേരളം കർമപദ്ധതി-2 ന് സർക്കാർ രൂപം നൽകിയത്.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും പദ്ധതി നടത്തിപ്പിനായി നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

ലണ്ടൻ: ക്രൂഡ് ഓയിൽ നിരക്കിൽ വീണ്ടും ഇടിവ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയിലെ ഫാക്ടറി ഉൽപ്പാദനം 17 മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രൂഡ് ഓയിൽ നിരക്ക് ഇടിഞ്ഞത്. ചൈനയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദവും വർധിച്ചു. ഒപെക് ഉൽപാദകരിൽ നിന്നുള്ള എണ്ണ ഉൽപാദനത്തിലെ വർദ്ധനവിനെ സംബന്ധിച്ച ഉറപ്പും വിപണിയിലെ വില കുറയാൻ കാരണമായി.

ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് 72.80 ഡോളറിലേക്ക് എത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 69 സെന്റ് അഥവാ 0.9 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലേക്കും, ഒടുവിൽ വിവരം ലഭിക്കുമ്പോൾ 71.05 ഡോളറിലേക്കും താഴ്ന്നു.

ആഗോള തലത്തിൽ കോവിഡ് വാക്‌സിനേഷൻ മെച്ചപ്പെടുന്നത് വരെ ക്രൂഡ് ഓയിൽ ഡിമാൻഡ് മെച്ചപ്പെടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനയിലെ ഫാക്ടറി ഉൽപ്പാദനം ജൂലൈയിൽ മന്ദഗതിയിലായി. അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില, ബിസിനസ്സ് പ്രവർത്തനങ്ങളിൽ തടസ്സം നേരിടുന്ന തരത്തിലുളള മോശം കാലാവസ്ഥ സാഹചര്യം എന്നിവ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി ഓണക്കിറ്റ് വിതരണം ചെയ്ത് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ള മന്ത്രിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. റേഷൻ ഡീലർമാർ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പ്രതിഷേധം അറിയിച്ചു. എന്നാൽ വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിലിന്റെ പ്രതികരണം. ഭക്ഷ്യവകുപ്പുമായി എപ്പോഴും സഹകരിക്കുന്ന ആളെന്ന നിലയിലാണ് മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി കിറ്റ് നൽകിയതെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

പ്രമുഖരെ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടന ഫോട്ടോ റേഷൻകടയുമടകൾ എടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുന്നത്. ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഷെഡ്യൾ മന്ത്രി തന്നെ തെറ്റിച്ചെന്നാണ് റേഷൻ വ്യാപാരികൾ ആരോപിക്കുന്നത്. സംസ്ഥാനത്ത് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത് പാവപ്പെട്ടവർക്കാണ്. മുൻഗണനാ ഇതര വിഭാഗത്തിലുള്ള വെള്ളകാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 13 മുതലാണ് കിറ്റ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൂൾ തെറ്റിക്കാൻ റേഷൻ കടക്കാർക്കും കഴിയില്ല. എന്നാൽ ഇതിനിടെ ഷെഡ്യൂൾ തെറ്റിച്ച് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകുകയായിരുന്നു. ഓഗസ്റ്റ് 16 വരെയാണ് സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം.

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ കോവിഡ് വാക്‌സിൻ ഡോസുകൾ നൽകണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. സംസ്ഥാനത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. ഓണത്തിന് മുൻപ് ഒരു കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ലക്ഷ്യം പൂർത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇരുപതിനായിരത്തിൽ കൂടുതൽ പ്രതിദിന കേസുകളുണ്ട്. ആരംഭ ഘട്ടത്തിൽ കോവിഡ് പ്രതിരോധിക്കുന്നതിൽ വിജയിച്ചു എന്നു പറഞ്ഞാൽ അതിനർഥം വളരെ കുറച്ച് ആളുകളിൽ മാത്രമാണ് ആന്റിബോഡികൾ ഉള്ളതെന്നാണ്. കൂടുതൽ വാക്സിൻ നൽകി കേന്ദ്രം സംസ്ഥാനത്തെ പിന്തുണയ്ക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.

ഹൈ റിസ്‌ക് കേസുകൾ കുറയ്ക്കുന്നതിനും ആരോഗ്യ മേഖലയ്ക്കുണ്ടാകുന്ന ഭാരം കുറയ്ക്കുന്നതിനുമായി ഓണത്തിന് മുൻപ് സംസ്ഥാനത്ത് ഒരു കോടി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മാൻസുഖ് മാണ്ഡവ്യയെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൂടുതൽ വാക്‌സിൻ നൽകാത്തപക്ഷം നിലവിൽ കേസുകൾ കൂടുതലുള്ള സ്ഥിതി വീണ്ടും മോശമാകാൻ സാധ്യതയുണ്ടെന്നും അത് ദേശീയ പ്രതിസന്ധിക്ക് തന്നെ കാരണമായേക്കാമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന 24 സർവകലാശാലകൾ വ്യാജമാണെന്ന് കണ്ടെത്തി യു.ജി.സി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രണ്ട് സർവകലാശാലകൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും യുജിസി കണ്ടെത്തി. ലോകസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. എട്ടെണ്ണമാണ് ഇവിടെയുള്ളത്. ഉത്തർപ്രദേശിലെ ഭാരതീയ ശിക്ഷ പരിഷത്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയവയാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകൾ. ഈ രണ്ട് സർവകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്ന് മന്ത്രി ലോക്‌സഭയിൽ വിശദമാക്കി. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സർവകലാശാലകളും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളും വ്യാജമാണെന്ന് യുജിസി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ സർകലാശാല സെന്റ് ജോൺസ് സർവകലാശാലയാണെന്നാണ് യുജിസിയുടെ കണ്ടെത്തൽ.

വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി വ്യാജ സർവകലാശാലകളെ കണ്ടെത്തിയത്. യുജിസി ആക്ട് 1956 ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം സർവകലാശാലകൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സർവകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കുമെന്നും ഇത് എല്ലാ ദേശീയ മാദ്ധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും കേന്ദ്രമന്ത്രി മറുപടി നൽകി. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിക്കും. ചൊവ്വാഴ്ച്ച ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ സർക്കാർ തീരുമാനിച്ചു.

നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനും യോഗത്തിൽ തീരുമാനമായി. ഞായറാഴ്ച്ചകളിൽ ലോക്ക് ഡൗൺ നിലനിൽക്കുമെങ്കിലും ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലും ഓഗസ്റ്റ് 22 മൂന്നാം ഓണത്തിനും തീയതികളിൽ ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആയിരം ആളുകളിൽ എത്ര പേർ പോസീറ്റീവ് എന്ന് നോക്കിയാവും ഓരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുന്നത്. കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്ത സ്ഥലങ്ങളിൽ വിപുലമായ ഇളവ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പോസീറ്റീവ് കേസുകൾ എന്നതാവും ഇനി ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മാനദണ്ഡം. പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രമായിരിക്കും ഇനി അടച്ചിടുന്നത്.

ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന നിലവിലെ രീതിയ്ക്ക് പകരം രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് ചീഫ് സെക്രട്ടറി തല സമിതി ശുപാർശ ചെയ്തത്. കൂടുതൽ കോവിഡ് കേസുകൾ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ കൊണ്ടു വരാനാണ് ആലോചന. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്. വ്യാപാരികൾ ഉൾപ്പെടെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.