General (Page 1,462)

ബംഗളൂരു: കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 29 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പുതുതായി മന്ത്രിസഭയിൽ ഇടംനേടിയ മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോമൂത്രത്തിന്റെയും കർഷകരുടേയും നാമത്തിലാണ് മന്ത്രിമാരിൽ ചിലർ സത്യപ്രതിജ്ഞ ചെയ്തത്. പ്രഭു ചൗഹാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെ നാമത്തിലായിരുന്നു. ദൈവത്തിന്റെയും കർഷകരുടേയും നാമത്തിലായിരുന്നു ലിംഗായത്തിൽ നിന്നുള്ള നേതാവ് മുരുകേഷ് നിരാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ആനന്ദ് സിംഗ് ആയിരുന്നു. വിജയനഗര വിരുപക്ഷയുടേയും കർണാടക ദേവത ‘തായി’ ഭുവനേശ്വരിയുടേയും നാമത്തിലായിരുന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് കർണാടകയിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. ഒ.ബി.സി. വിഭാഗത്തിൽ നിന്നും വൊക്കലിഗ സമുദായത്തിൽ നിന്നും ഏഴു പേരെ വീതം പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽ നിന്ന് മൂന്നു പേരും എസ്.ടി. വിഭാഗത്തിൽ നിന്ന് ഒരാളും മന്ത്രിസഭയിൽ ഇടം നേടി. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അതേസമയം യെദ്യൂരപ്പയുടെ ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്ക് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചില്ല. ഇത്തവണ കർണാടക മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനവും ഇല്ല. അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ പ്രതിഷേധവുമായി ബിഡിജെഎസ് ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയില്‍ മേല്‍ശാന്തിമാരായി നിയമിക്കണമെന്ന് ആവശ്യമുന്നയിച്ച് ബിഡിജെഎസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരം നടത്തി.

തന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെയാവണം ശബരിമല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്നും, ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണെന്നും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിഡിജെഎസും കക്ഷി ചേരുമെന്നും അറിയിച്ചു.

മാത്രമല്ല, ഇതേ ആവശ്യമുന്നയിച്ച് കേരളമാകെ സമരം വ്യാപിപ്പിക്കുമെന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാറ്റം എളുപ്പമല്ലെന്ന നിലപാടുമായി ബിജെപി മൗനം പാലിക്കുകയാണ്.

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ കാലങ്ങളായി തുടരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് ബി.ജെ.പിക്ക് വിരോധമൊന്നുമില്ലെന്നും, അതേസമയം പെട്ടെന്നുള്ള ഈ ആവശ്യപ്പെടലും സമരവും ശ്രദ്ധപിടിച്ചുപറ്റാനുള്ള ബിഡിജെഎസിന്റെ അടവാണെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം.

എന്നാല്‍, ബിഡിജെഎസിന്റെ സമരം അജ്ഞതമൂലമെന്നാണ് തിരുവിതാംകൂര്‍ ദേശീയ പ്രചാരസഭയുടെ അഭിപ്രായം.

pinarayi

തിരുവനന്തപുരം: ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സാമ്പത്തിക സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ റോജി എം. ജോണിന്റെ സബ്മിഷന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തതും, നിലവിൽ എസ്.സി-എസ്.ടി, ഒ.ബി.സി സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും മുന്നാക്ക സംവരണത്തിന് അർഹരാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമെ ഇ.ഡബ്ലിയു.സി. സർട്ടിഫിക്കറ്റ് നൽകാവൂയെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ക്രിസ്ത്യൻ റോമൻ കാത്തലിക്ക്, സീറോ മലബാർ ക്രിസ്ത്യൻ, ആർ.സി, ആർ.സി.എസ്, ക്രിസ്ത്യൻ ആർ.സി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരികയാണ്. ഇത്തരത്തിലുള്ള ചില അപാകതകളിൽ സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നാക്ക കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ്ഗം, സംസ്ഥാന ഒ.ബി.സി, കേന്ദ്ര ഒ.ബി.സി പട്ടികയിൽപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയൻ കാത്തലിക്ക് (സീറോ മലബാറിക് കാത്തലിക്ക്) വിഭാഗവും ഈ പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസ്സുകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുക, കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഗ്രൂപ്പുകളിൽ അശ്ലീല സംഭാഷണങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഈ അധ്യയനവർഷം 51 പരാതികൾ ലഭിച്ചു.എട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ കെ.എം.സച്ചിൻദേവിന്റെ സബ്മിഷന് മറുപടി നൽകവെ അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയ്ക്ക് ഡിജിപി പദവി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് ബി സന്ധ്യക്ക് ഡി.ജി.പി റാങ്ക് നൽകിയത്. സംസ്ഥാനത്ത് ഡിജിപി പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് സന്ധ്യ. ആർ ശ്രീലേഖയായിരുന്നു ആദ്യ വനിതാ ഡിജിപി.

കഴിഞ്ഞ മാസം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിച്ച ഘട്ടത്തിൽ ബി. സന്ധ്യയും പട്ടികയിൽ ഉണ്ടായിരുന്നു. സുദേഷ്‌കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് പിന്നീട് അനിൽ കാന്തിനെ ഡിജിപിയാക്കിയത്. സർക്കാരിന്റെ തീരുമാനം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

എ.ഡി.ജി.പിയായ അനിൽകാന്തിനെ മേധാവിയാക്കിയപ്പോൾ ഡി.ജി.പി റാങ്കും നൽകിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനിൽകാന്തിന് നൽകിയത്. ഇതോടെ ജൂനിയറായ അനിൽകാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കുമായി. ഇത് ശരിയല്ലെന്ന് പോലീസ് സേനയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. പിന്നീട് സന്ധ്യക്കും ഡി.ജി.പി റാങ്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അനിൽകാന്ത് സംസ്ഥാന സർക്കാരിന് കത്ത് നൽകുകയും ചെയ്തു.

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കവെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി പിൻവാതിലിലൂടെ ആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തി തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര സ്ഥാപനം. തിരുവനന്തപുരത്തുള്ള പോത്തീസിലാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കച്ചവടം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തീസിനെതിരെ നടപടി സ്വീകരിച്ചു.

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്ഥാപനം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി.

കഴിഞ്ഞ വർഷം ഡിസംബറിലും കൊവിഡ് ചട്ടലംഘനം നടത്തിയതിന് സ്ഥാപനം പൂട്ടിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയിൽ നൽകും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജനത്തിരക്ക് ഏറിയത് മൂലമാണ് അന്ന് സ്ഥാപനം പൂട്ടിയത്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും കോവിഡ് ചട്ടങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സ്ഥാപനം അടപ്പിച്ചത്.

COVID

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകൾ കാര്യക്ഷമല്ലെന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ കേരളത്തിൽ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്ര സംഘം വ്യക്തമാക്കി. ഇക്കാര്യം വിശദമാക്കി സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ടാണ് സംഘം ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയത്.

രോഗവ്യാപനം പിടിച്ചു നിർത്താൻ സർക്കാർ ഫലപ്രദമായി ഇടപെടൽ നടത്തുന്നില്ലെന്നും കേന്ദ്ര സംഘം വിമർശിക്കുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയിൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും സംസ്ഥാനത്ത് ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ല. കോവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി വിശദമാക്കി.

കൊച്ചി: ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്തംബർ 29 വരെ നീട്ടിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എ. ബദറുദ്ദീൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

എല്ലാ ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവുകൾ സർക്കാർ എത്രയും വേഗം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും, സെപ്തംബർ മൂന്നാം വാരത്തിനകം ട്രൈബ്യൂണലിന്റെ ഹർജി പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് അന്തിമ സ്വഭാവത്തിലുള്ളതാണെന്നും ഇത്തരമൊരു ഉത്തരവ് നൽകരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ട്രൈബ്യൂണലിന്റെ ഉത്തരവ് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് പിഎസ്‌സിയ്ക്കായി ഹാജരായ അഭിഭാഷകൻ പി സി ശശിധരൻ കോടതിയെ അറിയിച്ചു. ഒരു ലിസ്റ്റിന് മാത്രമായി കാലാവധി നീട്ടാനാവില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതടക്കമുള്ള പ്രത്യേക സാഹചര്യങ്ങളുണ്ടെങ്കിലാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്. ഇത് പി.എസ്.സിയുടെ അധികാരത്തിൽപ്പെട്ടതാണ്. കോടതിക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നു പറയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് മൂന്നു മാസം മുതൽ ഒന്നര വർഷം വരെ നീട്ടി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്കു വേണ്ടി ഹാജരായ അഡ്വ. എ. അരുണ കോടതിയിൽ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് ഉൾപ്പെടെ 493 ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടാൻ 2021 ഫെബ്രുവരി അഞ്ചിനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇവയുടെ കാലാവധി ആഗസ്റ്റ് നാലു വരെയായി.

വരുമാനത്തിന്റെ 75 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് സർക്കാർ വിനിയോഗിക്കുന്നത്. ഇങ്ങനെ തുടരാനാവില്ല. സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമൊന്നുമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. യുവാക്കളുടെ മനോഭാവം മാറണം. സർക്കാർ ജോലിയെ ഇങ്ങനെയങ്ങ് ആശ്രയിക്കാൻ കഴിയില്ല. യൂറോപ്യൻ മാതൃകയിലുള്ള സംരംഭങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുമ്പോൾ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇങ്ങനെ നീട്ടേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ നിയമപരമായി മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും കോടതി വിശദമാക്കി. എം.എസ്സി പഠിച്ചയാൾ രണ്ട് ആടിനെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റാറ്റസ് നഷ്ടമാകുമോയെന്നും ബി.എ പഠിച്ചാൽ പിന്നെ ആടിനെയൊന്നും തൊടാൻ പറ്റില്ലെന്ന മനോഭാവമാണ് നിലനിൽക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സിയ്ക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ആരുവിചാരിച്ചാലും ചട്ടങ്ങൾ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർഥി ആഗ്രഹിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് കാലത്തുള്ള ഒഴിവുകൾ പിഎസ്‌സി കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ ഒഴിവുകൾ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. അവരവരുടെ അർഹത ഓരോ ഉദ്യോഗാർത്ഥികളും മനസിലാക്കണം. കൃത്യമായ നിബന്ധനകളാണ് പി.എസ്.സി പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിഫോം, പോലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരുവർഷം കഴിഞ്ഞാൽ മൂന്നുവർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്ന നിലവാരം പുലർത്തുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരു വർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്ക് മാത്രമെ നീട്ടാൻ കഴിയൂ. ഏറ്റവും കൂടുതലായി മൂന്നു വർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂവെന്നും 1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്‌സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി പിഎസ്‌സി ജനറൽ വിഭാഗത്തിന് മൂന്നു വർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമ പ്രകാരം അവസാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പി.എസ്.സിയുടെ നിയമനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വരുന്ന നിയമനങ്ങൾ ഉൾപ്പടെ തടസപ്പെടുത്താതിരിക്കാനാണ് കോടതിയിൽ പോയതെന്നും പി.എസ്.സി ശരിയാണെന്ന് കോടതിയും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: മിൽമ അധികൃതരുടെ അനാസ്ഥയെ തുടർന്ന് കൊല്ലം തേവള്ളിയിലെ ഡയറിക്ക് മുൻപിൽ ജോലി തേടി എത്തിയത് ആയിരങ്ങൾ. താൽക്കാലിക ഡ്രൈവറുടെ ഒരു ഒഴിവിലേക്കുള്ള അഭിമുഖത്തിലേക്കാണ് ഇത്രയധികം പേർ എത്തിയത്. താത്ക്കാലിക ഡ്രൈവറുടെ പോസ്റ്റിൽ എത്ര ഒഴിവുകളുണ്ടെന്ന കാര്യം അപേക്ഷകരെ ക്ഷണിച്ച് കൊല്ലം മിൽമാ ഡയറി നൽകിയ പത്രപരസ്യത്തിൽ വ്യക്തമാക്കിയിരുന്നില്ല.

ഈ അനാസ്ഥ കാരണം കോവിഡ് കാലത്ത് അഭിമുഖത്തിനായി തടിച്ചുകൂടിയത് ആയിരത്തോളം ഉദ്യോഗാർത്ഥികളായിരുന്നു. മറ്റു ജില്ലകളിൽ നിന്നുള്ളവരടക്കം ഇന്നലെ പുലർച്ചെ മുതൽ അഭിമുഖത്തിനായി ഡയറിക്ക് മുൻപിൽ എത്തിയിരുന്നു. അതേസമയം സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആറ് മാസത്തേക്കാണ് നിയമനമെന്ന് പലരും അറിഞ്ഞത് ഇവിടെ എത്തിയ ശേഷമാണ്. മണിക്കൂറുകളോളം അഭിമുഖത്തിനായി കാത്തുനിന്ന ഉദ്യോഗാർത്ഥികൾ ഒടുവിൽ മിൽമയുടെ ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

ന്യൂഡൽഹി: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള വിദേശ നിർമിത മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇ ടി മുഹമ്മദ് ബഷീർ എം പി യാണ് ഇക്കാര്യം അറിയിച്ചത്.

മുഹമ്മദിന്റെ ചികിത്സയ്ക്കായി മരുന്ന് ലഭ്യമാക്കുന്നതിന് എംപി ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിരുന്നു. മൂന്നു മാസത്തിനുള്ളിൽ മുഹമ്മദിന്റെ ചികിത്സ പൂർത്തിയാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മരുന്നിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് തീരുമാനമെടുത്ത കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമന് മുഹമ്മദ് ബഷീർ അഭിനന്ദനം അറിയിച്ചു. 6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ മരുന്നിന് ഇളവ് ലഭിക്കുന്നത്. ഇന്ത്യയിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി നേരത്തെയും സമാനമായ രീതിയിൽ നികുതിയിളവ് ലഭിച്ചിരുന്നു. എസ്എംഎ ബാധിതർക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂർണമായും ഒഴിവാക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.

18 കോടി രൂപയുടെ അത്യപൂർവ മരുന്നാണ് മുഹമ്മദിന് ചികിത്സയ്ക്കായി വേണ്ടത്. മുഹമ്മദിന്റെ ചികിത്സയ്ക്കായി ലഭിച്ച സഹായധനത്തിൽ ബാക്കി വരുന്ന തുക സമാനമായ രീതിയിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികൾക്ക് നൽകുമെന്ന് ചികിത്സാ കമ്മിറ്റി അറിയിച്ചിരുന്നു.