ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന 24 സർവകലാശാലകൾ വ്യാജമാണെന്ന് കണ്ടെത്തി യു.ജി.സി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ രണ്ട് സർവകലാശാലകൾ പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും യുജിസി കണ്ടെത്തി. ലോകസഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നത്. എട്ടെണ്ണമാണ് ഇവിടെയുള്ളത്. ഉത്തർപ്രദേശിലെ ഭാരതീയ ശിക്ഷ പരിഷത്, ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് മാനേജ്മെന്റ് തുടങ്ങിയവയാണ് ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകൾ. ഈ രണ്ട് സർവകലാശാലകളുടെ കാര്യവും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളാണെന്ന് മന്ത്രി ലോക്‌സഭയിൽ വിശദമാക്കി. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സർവകലാശാലകളും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളും വ്യാജമാണെന്ന് യുജിസി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ സർകലാശാല സെന്റ് ജോൺസ് സർവകലാശാലയാണെന്നാണ് യുജിസിയുടെ കണ്ടെത്തൽ.
വിദ്യാർഥികൾ, രക്ഷിതാക്കൾ, പൊതുജനം എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുജിസി വ്യാജ സർവകലാശാലകളെ കണ്ടെത്തിയത്. യുജിസി ആക്ട് 1956 ലംഘിച്ച് പ്രവർത്തിക്കുന്ന ഇത്തരം സർവകലാശാലകൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന ചോദ്യത്തിന് ഇത്തരം വ്യാജ സർവകലാശാലകളുടെ പേര് പ്രസിദ്ധീകരിക്കുന്നതിന് യു.ജി.സി നോട്ടീസ് പുറപ്പെടുവിക്കുമെന്നും ഇത് എല്ലാ ദേശീയ മാദ്ധ്യമങ്ങളിലും പ്രസിദ്ധികരിക്കുമെന്നും കേന്ദ്രമന്ത്രി മറുപടി നൽകി. സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും ഒപ്പം വിദ്യാഭ്യാസ സെക്രട്ടറിമാർക്കും ഇത് സംബന്ധിച്ച വിവരം കൈമാറുമെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

