തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മേഖലകളും തുറക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം ആരംഭിക്കണമെന്നുമാണ് ഐഎംഎയുടെ കേരളാ ഘടകം നിർദ്ദേശിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണമെന്നും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വാക്സിൻ നൽകിയ ശേഷം വേണം അദ്ധ്യയനം ആരംഭിക്കാനെന്നും ഐഎംഎ അറിയിച്ചു. സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ സർക്കാർ മാറ്റം വരുത്തിനിരിക്കെയാണ് ഐഎംഎ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
എല്ലാ വ്യാപാര- വ്യവസായശാലകളും എല്ലാ ദിവസവും തുറക്കണം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം. 18 വയസിന് താഴെ പ്രായമുള്ളവർക്കും വാക്സിൻ നൽകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും വേണമെന്നും ഐഎംഎ നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി വിപുലമായ സീറോ സർവേക്ക് തയ്യാറാണെന്നും ഐ.എം.എ അറിയിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് സിറോ സർവേ നടത്തിയത്. ഇതിന് പകരം എല്ലാ ജില്ലകളിലുമായുള്ള ആധികാരിക പഠനം നടത്തണം. കൂടുതൽ സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കണമെന്നും ഈ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐ.എം.എ വ്യക്തമാക്കി.
വാക്സിൻ വിതരണം ആരോഗ്യ വകുപ്പ് നേരിട്ട് നടത്തണമെന്നും ഐഎംഎ നിർദ്ദേശിച്ചു. വാക്സിൻ വിതരണം പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുകയാണെന്നും വാക്സിൻ കൊടുക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഐ.എം.എ ആരോപിക്കുന്നു. ചെറുകിട ആശുപത്രികൾക്ക് അടക്കം വാക്സിൻ വാങ്ങാൻ സൗകര്യമൊരുക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

