തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ. ഇനി മുതൽ ഞായറാഴ്ച മാത്രമാകും സംസ്ഥാനത്ത് ലോക്ക്ഡൗൺ ഉണ്ടാകുക. ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ എല്ലാ കടകളും തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ കടകൾ രാവിലെ ഏഴു മണി മുതൽ 9 മണി വരെ തുറക്കാം. വ്യാപര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നാണ് നിർദ്ദേശം. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളിൽ വിപുലീകരിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം അനുവദിക്കേണ്ടത്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേർന്ന് യോഗങ്ങൾ നടത്തും. കടകൾ സന്ദർശിക്കുന്നവർ ആദ്യ ഡോസ് വാക്സിനേഷനേഷൻ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതുപേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്.1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 1000 പേരിൽ 10 പേരിൽ കൂടുതൽ ആൾക്കാർക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകു.
ആൾക്കൂട്ട നിരോധനവും തുടരും. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ പ്രവേശിപ്പിക്കേണ്ടത്. വിസ്തീർണമുള്ള വലിയ ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാം. സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും. ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യേക പ്രസ്താവനയാണ് മന്ത്രി നടത്തിയത്. പ്രസ്താവനയിലെ പ്രസക്തഭാഗങ്ങൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കും. സാമൂഹ്യ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 60 വയസ്സിന് മുകളിൽ പ്രായമുള്ള സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും വാക്സിൻ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളിൽ വാക്സിനേഷൻ നൽകും.
കിടപ്പ് രോഗികൾക്ക് എല്ലാവർക്കും സമയബന്ധിതമായി വീടുകളിൽ ചെന്ന് വാക്സിനേഷൻ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുകയും ചെയ്യും.മൂന്നാം തരംഗത്തിനു മുമ്പ് തന്നെ വാക്സിനേഷൻ കഴിയുന്നത്ര പൂർത്തീകരിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേർക്ക് ഒന്നാം ഡോസും 62,01,105 പേർക്ക് രണ്ടാം ഡോസും നൽകിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

