പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു; വെളിപ്പെടുത്തലുകളുമായി കെ ടി ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയതായി മുൻമന്ത്രി കെ ടി ജലീൽ. ജൂലൈ 24 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയതെന്നാണ് കെ ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് പാണക്കാട് നേരിട്ടെത്തി ഇഡി അദ്ദേഹത്തിന്റെ മൊഴിയെടുത്തുവെന്നും ജലീൽ വ്യക്തമാക്കുന്നു.

ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്ന് ജലീൽ ആരോപിച്ചു. സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിൻവലിച്ചത് എന്ന് പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ ആർ നഗർ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും ജലീൽ ആവശ്യപ്പെടുന്നു.