തിരുവനന്തപുരം: ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സാമ്പത്തിക സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ റോജി എം. ജോണിന്റെ സബ്മിഷന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തതും, നിലവിൽ എസ്.സി-എസ്.ടി, ഒ.ബി.സി സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും മുന്നാക്ക സംവരണത്തിന് അർഹരാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമെ ഇ.ഡബ്ലിയു.സി. സർട്ടിഫിക്കറ്റ് നൽകാവൂയെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ക്രിസ്ത്യൻ റോമൻ കാത്തലിക്ക്, സീറോ മലബാർ ക്രിസ്ത്യൻ, ആർ.സി, ആർ.സി.എസ്, ക്രിസ്ത്യൻ ആർ.സി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരികയാണ്. ഇത്തരത്തിലുള്ള ചില അപാകതകളിൽ സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നാക്ക കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ്ഗം, സംസ്ഥാന ഒ.ബി.സി, കേന്ദ്ര ഒ.ബി.സി പട്ടികയിൽപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയൻ കാത്തലിക്ക് (സീറോ മലബാറിക് കാത്തലിക്ക്) വിഭാഗവും ഈ പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസ്സുകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുക, കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഗ്രൂപ്പുകളിൽ അശ്ലീല സംഭാഷണങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഈ അധ്യയനവർഷം 51 പരാതികൾ ലഭിച്ചു.എട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ കെ.എം.സച്ചിൻദേവിന്റെ സബ്മിഷന് മറുപടി നൽകവെ അദ്ദേഹം വിശദമാക്കി.

