ശബരിമല മേല്‍ശാന്തി നിയമനം; വിവേചനത്തിനെതിരെ സമരമുറകളുമായി ബിഡിജെഎസ്, മാറ്റം എളുപ്പമല്ലെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ പ്രതിഷേധവുമായി ബിഡിജെഎസ് ഹിന്ദു സമുദായത്തിലെ എല്ലാ ശാന്തിമാരെയും ശബരിമലയില്‍ മേല്‍ശാന്തിമാരായി നിയമിക്കണമെന്ന് ആവശ്യമുന്നയിച്ച് ബിഡിജെഎസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സൂചനാ സമരം നടത്തി.

തന്ത്രവിദ്യയും പൂജയും പഠിച്ചവരെ ജാതിവിവേചനമില്ലാതെയാവണം ശബരിമല മേല്‍ശാന്തിയെ നിയമിക്കേണ്ടതെന്നും, ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്നത് അയിത്തവും തീണ്ടലും ഇന്നും തുടരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണെന്നും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിഡിജെഎസും കക്ഷി ചേരുമെന്നും അറിയിച്ചു.

മാത്രമല്ല, ഇതേ ആവശ്യമുന്നയിച്ച് കേരളമാകെ സമരം വ്യാപിപ്പിക്കുമെന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാറ്റം എളുപ്പമല്ലെന്ന നിലപാടുമായി ബിജെപി മൗനം പാലിക്കുകയാണ്.

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ കാലങ്ങളായി തുടരുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യത്തോട് ബി.ജെ.പിക്ക് വിരോധമൊന്നുമില്ലെന്നും, അതേസമയം പെട്ടെന്നുള്ള ഈ ആവശ്യപ്പെടലും സമരവും ശ്രദ്ധപിടിച്ചുപറ്റാനുള്ള ബിഡിജെഎസിന്റെ അടവാണെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം.

എന്നാല്‍, ബിഡിജെഎസിന്റെ സമരം അജ്ഞതമൂലമെന്നാണ് തിരുവിതാംകൂര്‍ ദേശീയ പ്രചാരസഭയുടെ അഭിപ്രായം.