General (Page 1,461)

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

ഒരു വശത്ത് കടകൾ തുറക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. രണ്ടു കിലോ അരി വാങ്ങാൻ 500 രൂപയുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി കടയിൽ പോകേണ്ട അവസ്ഥയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുളളവരും കൊവിഡ് വാക്സിൻ എടുത്തവരും കടകളിൽ എത്തുന്നതാണ് അഭികാമ്യമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. എന്നാൽ തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിർബന്ധമാക്കിയിരിക്കുകയാണ്. മന്ത്രിസഭ ഒന്ന് തീരുമാനിക്കുകയും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒന്ന് തീരുമാനിക്കുകയും അതിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കാണുന്ന അശാസ്ത്രീയതയെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ് അത് അടിവരയിടുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

പോലീസിനേയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ജനങ്ങളെ ക്രൂരമായി ക്രൂശിക്കുകയാണ് പോലീസ്. കേരളം ഒരു ‘ഫൈൻ’ സിറ്റിയായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും പോലീസിന് ടാർജറ്റ് കൊടുക്കുന്നത്. പൊലീസ് മേധാവി ഓരോ ജില്ലകൾക്കായി ടാർജറ്റ് വീതംവച്ച് കൊടുക്കുകയാണ്. ഈ കോവിഡ് കാലത്ത് ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഫൈൻ ഈടാക്കാനാണ് പോലീസ് നടക്കുന്നത്. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ ആളുകൾക്ക് മീതെ അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ടും വി ഡി സതീശൻ പ്രതികരിച്ചു. നമുക്ക് സഭയുടെ ഫ്‌ളോറിലല്ലെ പ്രതിഷധിക്കാനാകൂ മന്ത്രി ശിവൻകുട്ടി ചെയ്തതുപോലെ ചെയ്യാനാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമുക്ക് ജനാധിപത്യപരമായ രീതിയിൽ നിയമസഭയിൽ ശക്തമായി പറയാൻ പറ്റുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: റേഷൻ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് സൗജന്യ ഓണക്കിറ്റ് നൽകും. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് റേഷൻ കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി. സപ്ലൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചതെന്നും പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. മണിയൻപിള്ള രാജുവിന് കിറ്റ് നൽകിയത് അപരാധം എന്ന രീതിയിൽ ചിത്രീകരിക്കാൻ പ്രതിപക്ഷം ശ്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണിയൻപിള്ള രാജുവിന്റെ വീട്ടിൽ ഓണക്കിറ്റ് നേരിട്ടെത്തിച്ചതിന് ഭക്ഷ്യമന്ത്രിയ്‌ക്കെതിരെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മന്ത്രി ജി ആർ അനിൽ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തി ഓണക്കിറ്റ് കൈമാറിയത്.

modi

തിരുവനന്തപുരം: നീണ്ട നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഈ അമ്മയുടെ കണ്ണീരിന് മോചനം. ഇറാൻ ജയിലിൽ അകപ്പെട്ട തന്റെ മകനെ രക്ഷപ്പെടുത്താനായി ഒരമ്മ ചെയ്ത പരിശ്രമങ്ങളെല്ലാം ഒടുവിൽ ഫലംകണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടതോടെയാണ് മകനെ അമ്മ ഷേർലിയ്ക്ക് തിരികെ ലഭിച്ചത്.

ഇറാൻ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിനായി ഷേർലി മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. സഹായം അഭ്യർത്ഥിച്ച് പലരേയും ഈ അമ്മ സമീപിച്ചിരുന്നു. കൊല്ലം പരവൂർ സ്വദേശിയും റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ രാജീ വാമദേവനാണ് ഒടുവിൽ ഈ അമ്മയ്ക്ക് സഹായവുമായെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നിവേദനം അയക്കുന്നതിന് ഉൾപ്പെടെ ഇടപെടൽ നടത്തിയത് രാജീ വാമദേവനാണ്. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ ഇറാൻ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ മാമ്പ്ര പാറപറമ്പിൽ വീട്ടിൽ ദീപക് രവിയും നാലു ഇന്ത്യക്കാരും ജയിൽ മോചിതരായി.

മീൻ കച്ചവടക്കാരനായ രവിയുടേയും ഷേർലിയുടേയും മകൻ ദീപക് ജയ്പൂരിൽ മർച്ചന്റ് നേവി കോഴ്‌സ് കഴിഞ്ഞ് ഏജന്റ് വഴി രണ്ടരലക്ഷം രൂപ നൽകിയാണ് ദുബായിയിൽ ജോലിക്കായെത്തിയത്. അവിടെ നിന്നാണ് എം.ടി മനമൻ 8 എന്ന എണ്ണ കപ്പലിൽ ജോലിക്ക് കയറിയത്. ഷിപ്പിംഗ് കമ്പനിയിലെ ജോലിക്ക് താത്പര്യമില്ലായിരുന്നെങ്കിലും വീട്ടിലെ അവസ്ഥയോർത്താണ് ദീപക് അതിന് തയാറായത്. വായ്പയെടുത്തും സ്വർണം വിറ്റുമൊക്കെയാണ് ദുബായിലേക്ക് പോകാൻ തുക കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് 17 നാണ് മകന്റെ ഓൺലൈൻ സന്ദേശം അവസാനമായി ലഭിച്ചതെന്ന് ഷേർലി പറയുന്നു. അടുത്ത ദിവസം ദീപക്കിനെയും ധീരേന്ദ്രു, വെങ്കിട് രമണൻ, ശിവ അലു, മോഹിത് എന്നിവരെയും അനധികൃതമായി എണ്ണ കടത്തിയെന്നാരോപിച്ച് ഇറാൻ കോസ്റ്റ് ഗാർഡ് അറസ്റ്റു ചെയ്യുകയായിരുന്നു. ജയിലിൽ ഒപ്പമുള്ള ഒരാളുടെ അച്ഛനാണ് ദീപക് ജയിലിലാണെന്ന വിവരം ഇവരെ അറിയിക്കുന്നത്. പിന്നീട് മകനെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഷേർലി. പല വാതികളും മുട്ടിയെങ്കിലും ഒന്നും ഫലംകണ്ടില്ല. പിന്നീടാണ് രാജീ വാമദേവന്റെ നമ്പർ ഷേർലിയ്ക്ക് ലഭിക്കുന്നത്.

നിരാലംബരായ നിരവധി ആളുകളുടെ പ്രശ്‌നം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് രാജീ വാമദേവനാണ്. വിഷയം ചൂണ്ടിക്കാട്ടി രാജീ വാമദേവൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരം ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ മലയാളിയായ സുധാകരൻ ജയിലിലെത്തി ദീപക്കിനേയും മറ്റുള്ളവരേയും സന്ദർശിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കി. രണ്ടു തവണ ഇവരെ മോചിപ്പിക്കാൻ ജയിൽ അധികൃതർ തയാറായെങ്കിലും കപ്പൽ അധികൃതർ ജയിലിലെത്താത്തതിനാൽ നിയമനടപടികൾ പൂർത്തിയായില്ല. തുടർന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യൻ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയും വിഷയത്തിൽ ഇടപെട്ടു. ഇതോടെ നിയമനടപടികൾ വേഗത്തിലായി.

covid

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഉത്സവകാലം അടുക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഇളവുകൾ അനുവദിക്കരുതെന്നും നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി കത്തയച്ചത്.

ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ലോക്ക് ഡൗൺ ഇളവു നൽകാനും ശനിയാഴ്ചത്തെ അധിക നിയന്ത്രണങ്ങൾ എടുത്തുനീക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം നിർദ്ദേശിച്ചത്. ആഴ്ചയിൽ ആറു ദിവസവും കടകൾ തുറക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയ ഉത്സവ ദിവസങ്ങളോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകരുതെന്നും ആഘോഷങ്ങൾ സൂപ്പർ സ്‌പെഡറാകാൻ സാധ്യതയുണ്ടെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. വ്യാപാരികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. അതേസമയം കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കേരളത്തിൽ ആവശ്യത്തിന് പരിശോധനാ, ചികിത്സാ സംവിധാനങ്ങളില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടെന്നുമാണ് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് വീഴ്ച്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചീഫ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന കത്തിൽ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാനത്തെ കൊവിഡ് 19 സാഹചര്യം ചർച്ച ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗനിയന്ത്രണത്തിനായി കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രതിസന്ധി കേരളത്തിന്റെ സമ്പദ് ഘടനയെ തകർത്തെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കോവിഡും അതിനെ തുടർന്നുള്ള അടച്ചിടലും ഈ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2020-21 ൽ ബജറ്റ് എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 18.77 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2021-22 ൽ റവന്യൂ വരുമാനത്തിന്റെ 40.67 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉയർന്ന കോവിഡ് കേസുകൾ അനിവാര്യമാക്കിയ ലോക്ക്ഡൗണിന്റെ അനന്തര ഫലങ്ങൾ ഇതിന് പ്രതിബന്ധം ഉണ്ടാക്കും. അധിക ചെലവ് ബാധ്യതകൾക്കൊപ്പം സംസ്ഥാന സാമ്പത്തിക സ്ഥിതിക്ക് ഉയർന്ന വരുമാന കമ്മിയും ധനകമ്മിയും ഉണ്ടാകാൻ ഇടയുണ്ട്. വാക്‌സിനേഷനിലൂടെ കോവിഡ് നിയന്ത്രിച്ചു കഴിഞ്ഞാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.

ആസൂത്രണ ബോർഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം റവന്യൂ വരുമാനത്തിൽ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. കോവിഡ് സംസ്ഥാന സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ചുള്ള പ്രത്യാഘാതം കാരണം കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിരുന്നു. 2021-22ൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് രണ്ടാംതരംഗം ഈ പ്രതീക്ഷയ്ക്കും പ്രതിസന്ധിയുണ്ടാക്കും. ജിഎസ്ഡിപി വളർച്ചയിലെ മാന്ദ്യം സ്വാഭാവികമായും സംസ്ഥാന റവന്യൂ വരുമാനത്തിൽ പ്രതികൂല ഫലമാകും കൊണ്ടുവരികയെന്നും അദ്ദേഹം വിശദമാക്കി.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗം ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കുന്നതാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 20,000 കോടിയുടെ പ്രത്യേക പാക്കേജ്, പ്രാഥമിക സഹകരണ സംഘങ്ങളേയും വാണിജ്യ ബാങ്കുകളേയും ഉൾപ്പെടുത്തി വിപുലമായ പുനരുജജീവന വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ബജറ്റിൽ തന്നെ പ്രഖ്യാപനമുണ്ട്. നബാർഡിന്റെ പുനർവായ്പാ സ്‌കീമിന്റെ സാധ്യതയും കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച വായ്പാ പാക്കേജുകളുടെ സാധ്യതയും പരമാവധി പ്രയോജനപ്പെടുത്തും. തൊഴിലില്ലായ്മ കാലങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. കോവിഡ് ലോക്ക്ഡൗൺ ഇതിനെ രൂക്ഷമാക്കി. പരമ്പരാഗത മേഖലകളിൽ അടക്കം കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനമുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രത്തോട് സഹായം തേടിയിട്ടുണ്ടെന്നും പറഞ്ഞു. കടമെടുക്കാനുള്ള പരിധി ആവശ്യമില്ലാത്ത നിബന്ധനകൾ ഒഴിവാക്കി വർധിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തർക്കായി തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. ക്ഷേത്രനിർമാണം ആരംഭിച്ച് ഒരു വർഷമായ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്പോഴേക്കും അവസാനിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

ക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിർമാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2025 ഓടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2020 ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്രനിർമാണത്തിന് തറക്കല്ലിട്ടത്.

110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവായി പ്രതീക്ഷിക്കുന്നത്. 3000 കോടിയിലധികം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്ഷേത്ര ട്രസ്റ്റിന് സംഭാവനയായി ലഭിച്ചത്.

കൊച്ചി: കോവാക്‌സിന് ഗൾഫ് രാജ്യങ്ങളിൽ അംഗീകാരം ലഭിക്കാത്തതിനാൽ മൂന്നാം ഡോസിനായി ഹൈക്കോടതിയെ സമീപിച്ച് പ്രവാസി. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാറാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ കഴിഞ്ഞ എട്ടുവർഷമായി വെൽഡറായി ജോലി ചെയ്തുവരികയായിരുന്നു ഗിരികുമാർ. കോവാക്‌സിന്റെ രണ്ടു ഡോസുകളുമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. എന്നാൽ സൗദി അറേബ്യയിൽ കൊവാക്സിൻ അംഗീകരിക്കാത്തതിനാൽ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കോവിഷീൽഡ് വാക്സിനെടുക്കാൻ അനുമതി തേടിയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വിസ നിബന്ധന പ്രകാരം ഓഗസ്റ്റ് 30 ന് മുമ്പ് അദ്ദേഹത്തിന് സൗദി അറേബ്യയിലേക്ക് മടങ്ങണം. ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും. ജോലി നഷ്ടപ്പെടാതിരിക്കാൻ മൂന്നാം ഡോസ് വാക്‌സിൻ എടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. തനിക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഒരാൾ ബിരുദത്തിനും മറ്റേയാൾ പത്താം ക്ലാസിലും പഠിക്കുകയാണെന്നും അവരുടെ വിദ്യാഭ്യാസ ചിലവുകൾ കണ്ടെത്താൻ തനിക്ക് മറ്റ് വരുമാന മാർഗമില്ലെന്നും അദ്ദേഹം പറയുന്നു. കോവിൻ വെബ്സൈറ്റിൽ മൂന്നാമത്തെ ഡോസ് എന്നൊരു ഓപ്ഷൻ ഇല്ലാത്തതിനാലാണ് ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് ഗിരികുമാർ നാട്ടിലെത്തിയത്. 45 വയസിന് മുകളിലുള്ളവർക്ക് കേന്ദ്രം വാക്സിൻ നൽകിയപ്പോൾ പാസ്പോർട്ട് വിശദാംശങ്ങൾ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഏപ്രിൽ 17 ന് ആദ്യത്തെ കൊവാക്സിൻ ഡോസും, ഒരു മാസത്തിനുശേഷം രണ്ടാമത്തേതും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കൊവാക്സിൻ ലഭിച്ചതിന് ശേഷമാണ് സൗദി സർക്കാർ ഇത് അംഗീകരിച്ചിട്ടില്ലെന്ന് താൻ അറിഞ്ഞതെന്നും അദ്ദേഹം വിശദമാക്കി.

ന്യൂഡൽഹി : കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എൻഐഎയുടെ നടപടി.

അറസ്റ്റിലായവരിൽ രണ്ട് പേരെ ജമ്മു കശ്മീരിലെ ബന്ദിപ്പോറ, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും മറ്റ് രണ്ട് പേരെ കർണാടകയിലെ മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുമാണ് പിടികൂടിയതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. മലയാളികളായ മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്. കേരള, കർണാടക, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് അമീൻ ഐഎസ്ഐസിന്റെ ജിഹാദി ആശയങ്ങൾ ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു.

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും കെ.വി. ഭാസ്‌ക്കരനെയുമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ കഴിഞ്ഞ മാസം കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം നടന്നിരുന്നു. ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെഎം സുരേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുണ്ടാ ആക്രമണ കേസിൽ പിടിയിലായ എറണാകുളം സ്വദേശി അസീസാണ് ആക്രമണം നടത്തിയത്. വ്യായാമത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു സംഘട്ടനത്തിൽ എത്തിയതെന്നാണ് പോലീസ് പറയുന്നത്.