കൊച്ചി: ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലെ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്തംബർ 29 വരെ നീട്ടിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉത്തരവിനെതിരെ പി.എസ്.സി നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് എ. ബദറുദ്ദീൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എല്ലാ ജില്ലകളിലെയും ലാസ്റ്റ് ഗ്രേഡ് സർവന്റ് ഒഴിവുകൾ സർക്കാർ എത്രയും വേഗം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും, സെപ്തംബർ മൂന്നാം വാരത്തിനകം ട്രൈബ്യൂണലിന്റെ ഹർജി പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് അന്തിമ സ്വഭാവത്തിലുള്ളതാണെന്നും ഇത്തരമൊരു ഉത്തരവ് നൽകരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയ ട്രൈബ്യൂണലിന്റെ ഉത്തരവ് പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് പിഎസ്‌സിയ്ക്കായി ഹാജരായ അഭിഭാഷകൻ പി സി ശശിധരൻ കോടതിയെ അറിയിച്ചു. ഒരു ലിസ്റ്റിന് മാത്രമായി കാലാവധി നീട്ടാനാവില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതടക്കമുള്ള പ്രത്യേക സാഹചര്യങ്ങളുണ്ടെങ്കിലാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്. ഇത് പി.എസ്.സിയുടെ അധികാരത്തിൽപ്പെട്ടതാണ്. കോടതിക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നു പറയാനാവില്ലെന്ന് ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവുണ്ടെന്നും അദ്ദേഹം വാദിച്ചു.
അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറഞ്ഞത് മൂന്നു മാസം മുതൽ ഒന്നര വർഷം വരെ നീട്ടി നൽകാമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്കു വേണ്ടി ഹാജരായ അഡ്വ. എ. അരുണ കോടതിയിൽ വ്യക്തമാക്കി. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് ഉൾപ്പെടെ 493 ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടാൻ 2021 ഫെബ്രുവരി അഞ്ചിനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇവയുടെ കാലാവധി ആഗസ്റ്റ് നാലു വരെയായി.
വരുമാനത്തിന്റെ 75 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ് സർക്കാർ വിനിയോഗിക്കുന്നത്. ഇങ്ങനെ തുടരാനാവില്ല. സർക്കാർ ജോലിയില്ലെങ്കിൽ ലോകാവസാനമൊന്നുമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. യുവാക്കളുടെ മനോഭാവം മാറണം. സർക്കാർ ജോലിയെ ഇങ്ങനെയങ്ങ് ആശ്രയിക്കാൻ കഴിയില്ല. യൂറോപ്യൻ മാതൃകയിലുള്ള സംരംഭങ്ങൾ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണം. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോഴൊക്കെ പ്രതിഷേധങ്ങളാണ്. ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുമ്പോൾ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇങ്ങനെ നീട്ടേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ നിയമപരമായി മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും കോടതി വിശദമാക്കി. എം.എസ്സി പഠിച്ചയാൾ രണ്ട് ആടിനെ വളർത്തി വരുമാനമുണ്ടാക്കിയാൽ സ്റ്റാറ്റസ് നഷ്ടമാകുമോയെന്നും ബി.എ പഠിച്ചാൽ പിന്നെ ആടിനെയൊന്നും തൊടാൻ പറ്റില്ലെന്ന മനോഭാവമാണ് നിലനിൽക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

