തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യയ്ക്ക് ഡിജിപി പദവി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് ബി സന്ധ്യക്ക് ഡി.ജി.പി റാങ്ക് നൽകിയത്. സംസ്ഥാനത്ത് ഡിജിപി പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് സന്ധ്യ. ആർ ശ്രീലേഖയായിരുന്നു ആദ്യ വനിതാ ഡിജിപി.
കഴിഞ്ഞ മാസം സംസ്ഥാന പോലീസ് മേധാവിയെ തീരുമാനിച്ച ഘട്ടത്തിൽ ബി. സന്ധ്യയും പട്ടികയിൽ ഉണ്ടായിരുന്നു. സുദേഷ്‌കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് പിന്നീട് അനിൽ കാന്തിനെ ഡിജിപിയാക്കിയത്. സർക്കാരിന്റെ തീരുമാനം വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
എ.ഡി.ജി.പിയായ അനിൽകാന്തിനെ മേധാവിയാക്കിയപ്പോൾ ഡി.ജി.പി റാങ്കും നൽകിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനിൽകാന്തിന് നൽകിയത്. ഇതോടെ ജൂനിയറായ അനിൽകാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കുമായി. ഇത് ശരിയല്ലെന്ന് പോലീസ് സേനയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. പിന്നീട് സന്ധ്യക്കും ഡി.ജി.പി റാങ്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അനിൽകാന്ത് സംസ്ഥാന സർക്കാരിന് കത്ത് നൽകുകയും ചെയ്തു.

