ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പിൻവാതിലിലൂടെ ആളുകളെ കയറ്റി കച്ചവടം: പ്രമുഖ വ്യാപാര സ്ഥാപനത്തിനെതിരെ നടപടി

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കവെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി പിൻവാതിലിലൂടെ ആളുകളെ പ്രവേശിപ്പിച്ച് കച്ചവടം നടത്തി തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര സ്ഥാപനം. തിരുവനന്തപുരത്തുള്ള പോത്തീസിലാണ് കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കച്ചവടം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തീസിനെതിരെ നടപടി സ്വീകരിച്ചു.

തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്ഥാപനം കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി.

കഴിഞ്ഞ വർഷം ഡിസംബറിലും കൊവിഡ് ചട്ടലംഘനം നടത്തിയതിന് സ്ഥാപനം പൂട്ടിച്ചിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും കുറഞ്ഞ വിലയിൽ നൽകും എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് ജനത്തിരക്ക് ഏറിയത് മൂലമാണ് അന്ന് സ്ഥാപനം പൂട്ടിയത്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും കോവിഡ് ചട്ടങ്ങൾ പാലിക്കപ്പെടാത്തതിനെ തുടർന്നാണ് സ്ഥാപനം അടപ്പിച്ചത്.