General (Page 1,459)

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി പൊതുവിൽ വാക്സിനേഷൻ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുകയും ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വാക്സിനുകൾക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 20 ലക്ഷം ഡോസ് വാക്സിനുകൾ വാങ്ങി സ്വകാര്യ ആശുപത്രികൾക്ക് അതേ നിരക്കിൽ നൽകും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിൻ നൽകാൻ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക. ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും പൊതു സംഘടനകൾക്കും വാങ്ങിയ വാക്സിനുകളിൽ നിന്നും ആശുപത്രികളുമായി ചേർന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുതിർന്ന പൗരൻമാർക്കുള്ള വാക്സിനേഷൻ ഓഗസ്റ്റ് പതിനഞ്ചിനുള്ളിൽ കൊടുത്തു തീർക്കും. അറുപത് വയസ്സ് കഴിഞ്ഞവർക്കുള്ള ആദ്യ ഡോസാണ് പൂർത്തീകരിക്കുക. കിടപ്പുരോഗികൾക്ക് വീട്ടിൽ ചെന്നാണ് വാക്സിൻ നൽകുകയെന്ന് അദ്ദേഹം വിശദമാക്കി.

നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു മണിവരെ വരെ പ്രവർത്തിക്കാൻ അനുമതി നൽകും. ബുധനാഴ്ച മുതലാണ് കർക്കശമായ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി മാളുകൾ തുറക്കാൻ അനുമതി നൽകുക. കർക്കിടക വാവിന് കഴിഞ്ഞ വർഷത്തെ പോലെ വീടുകളിൽ തന്നെ പിതൃതർപ്പണച്ചടങ്ങുകൾ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകളിൽ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ) ഡ്യൂട്ടിയിൽ ഏർപ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിൽ കാണുന്നത് സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ തുടർച്ചയാണെന്ന് ഫെഡറൽ ബാങ്ക് സിഎഫ്ഒ വെങ്കടരാമൻ വെങ്കടേശ്വരൻ. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതിയുടെതായി പ്രഖ്യാപിച്ച യോഗ തീരുമാനങ്ങൾ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 10 വർഷ കടപ്പത്ര വരുമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറ് ശതമാനത്തിൽ നിന്നും 6.20 ശതമാനമായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

പണലഭ്യതാ സൗകര്യം ബാങ്കുകൾ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതിനാൽ പ്രസ്തുത സൗകര്യം നീട്ടി നൽകിയത് നിലവിലെ സാഹചര്യത്തിൽ വലിയ വ്യത്യാസമുണ്ടാക്കാനിടയില്ല. പണലഭ്യതയെ സംബന്ധിച്ചിടത്തോളം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നു.

പണപ്പെരുപ്പത്തേക്കാൾ റിസർവ് ബാങ്ക് വളർച്ചയ്ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. വളർച്ചയ്ക്ക് സാഹചര്യമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് ഇപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ. സാഹചര്യങ്ങൾക്കനുസൃതമായും ക്രമാനുഗതമായും പണലഭ്യതാ സൗകര്യങ്ങൾ പിൻവലിക്കുന്നത് തുടരാനാണു സാധ്യതയെന്നും അദ്ദേഹം വിശദീകരിച്ചു.

2022-23 ന്റെ ആദ്യ പാദത്തിലെ ചില്ലറ പണപ്പെരുപ്പം 5.1 ശതമാനമായി കണക്കാക്കപ്പെടുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് നാല് ശതമാനം എന്ന നിലയിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നിലനിർത്തിയിട്ടുണ്ട്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിൽ മാറ്റമില്ലാതെ തുടരും. ചില്ലറ പണപ്പെരുപ്പം 2021-22 കാലയളവിൽ 5.7 ശതമാനമായി കണക്കാക്കപ്പെടുന്നു. ഇതിൽ രണ്ടാം പാദത്തിൽ 5.9 ശതമാനവും മൂന്നാം പാദത്തിൽ 5.3 ശതമാനവും 2021-22 ലെ നാലാം പാദത്തിൽ 5.8 ശതമാനവുമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ അടിയന്തര സജ്ജീകരണങ്ങളൊരുക്കാൻ തീരുമാനം. മെഡിക്കൽ കോളേജിൽ നടന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മൈനർ ഓപ്പറേഷൻ തീയറ്റർ, ഐ.സി.യു മുതലായവ ഉടൻ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാൻ തീരുമാനിച്ചു. എം.ആർ.ഐ., സി.ടി. സ്‌കാൻ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഡി.എം.ഇ.യെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നൽകി ടെണ്ടർ വിളിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി പൂർത്തിയാക്കി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

2022 ൽ മെഡിക്കൽ കോളേജിൽ അഡ്മിഷൻ ആരംഭിക്കാനുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കുന്നതാണ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി എൻ.എം.സി. യുടെ അനുവാദം ലഭ്യമാക്കുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു. ഗൈനക്കോളജി ചികിത്സയും, ബ്ലഡ് ബാങ്കും ആരംഭിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി. ആശുപത്രി വികസന സമിതി അടിയന്തിരമായി രൂപീകരിക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയിരുന്നു. ഇത് നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഓക്സിജൻ പ്ലാന്റ് ഇൻസ്റ്റലേഷന് വേണ്ടി കെ.എം.സി.എൽ., ജില്ലാ ഭരണകൂടം എന്നിവർ ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും സിവിൽ വർക്കിനുള്ള തുക ജില്ലാ കളക്ടർ നൽകാം എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വിശദമാക്കി.

ഇതിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതാണ്. ഫർണീച്ചറുകളും അനുബന്ധ ഉപകരണങ്ങളും കെ.എം.സി.എൽ. അടിയന്തിരമായി ലഭ്യമാക്കും. കോവിഡിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് പീഡിയാട്രിക് ചികിത്സാ വിഭാഗം, ഐ.സി.യു എന്നിവയുടെ ശക്തീകരിക്കുന്നതാണ്. വിവിധ മെഡിക്കൽ കോളേജുകളിൽ വർക്കിംഗ് അറേഞ്ച്മെന്റുകളിൽ ജോലി ചെയ്യുന്നവരെ തിരികെ നിയമിച്ച് തുടങ്ങിയിട്ടുണ്ട്. വർക്കിംഗ് അറേഞ്ച്മെന്റ് പൂർണമായും അവസാനിപ്പിച്ച് നിയമനം നടത്താൻ തീരുമാനിച്ചു. എംപ്ലോയ്മെന്റ് വഴി നിയമിക്കേണ്ട പാർട്ട്ടൈം സ്വീപ്പർമാരുടെ നിയമനം നടത്തി. നഴ്സിംഗ് അസിസ്റ്റുമാർക്ക് അന്തർ ജില്ലാ സ്ഥലംമാറ്റം നൽകി നിയമനം നടത്തിയിട്ടുണ്ട്. അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം വേഗത്തിലാക്കുമെന്ന് വീണാ ജോർജ് പറഞ്ഞു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി. കൂടുതൽ സർവീസ് ആരംഭിക്കുന്നതാണ്. കെ.യു. ജനീഷ് കുമാറിന്റെ എം.എൽ.എ. ഫണ്ടിൽ നിന്നും കോളേജ് ബസ് നൽകുവാനും തീരുമാനിച്ചു. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം വിലയിരുത്തി വകുപ്പ് മേധാവികളുടേയും നിർമ്മാണവും അനുബന്ധ സജ്ജീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടേയും യോഗങ്ങളാണ് നടന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശക്തമായ പ്രവർത്തനമെന്നത് നിയമസഭ അടിച്ച് പൊളിക്കുന്നത് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷവും കോൺഗ്രസിലെ സംസ്ഥാന നേതൃത്വവും പിണറായി സർക്കാരിനെതിരെ മൃദു സമീപനം കൈക്കൊള്ളുന്നുവെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കന്മാർ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശൻ പ്രതകരണവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്തിന് സർക്കാരിനോട് മൃദുസമീപനമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും പ്രതിപക്ഷം എപ്രകാരമാണോ പ്രവർത്തിക്കേണ്ടത് അത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ദിവസവും ബഹളമുണ്ടാക്കുകയും ഇറങ്ങിപോവുകയും ചെയ്യുന്നില്ലെന്നത് ശരി തന്നെയാണ്. എന്നാൽ ശരിയായ രീതിയിൽ തന്നെയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം മുന്നോട്ടു പോകുന്നത്. പരാതികൾ ഉണ്ടാകുമെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.

മുട്ടിൽ മരംമുറി കേസ്, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും ഉയരുന്ന പരാതി. കഴിഞ്ഞ അഞ്ചു മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പ്രതിപക്ഷത്തിന്റെ പ്രകടനം നിരാശാജനകമാണെന്നും വിമർശനം ഉയരുന്നുണ്ട്.

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ മുഈൻ അലിക്ക് എതിരെ നടപടി ഇല്ല. പാണക്കാട് കുടുംബവും കെഎം ഷാജിയും എം കെ മുനീറും മുഈൻ അലിയെ പിന്തുണച്ചു. നേതൃത്വത്തിന് എതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ മുഈൻ അലിക്ക് എതിരെ നടപടിക്ക് ശുപാർശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷൻ ആസിഫ് അൻസാരിയും അറിയിച്ചിരുന്നു. മുഈൻ അലി ആരോപണം ഉയർത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അൻവർ സാദത്തും മുഈൻ അലിക്ക് പിന്തുണ നൽകിയിരുന്നു. മുഈൻ അലി ഉയർത്തിയ പ്രശ്‌നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫേസബുക്ക് പോസിറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും അൻവർ സാദത്ത് അഭിപ്രായപ്പെട്ടിരുന്നു. മുഈൻ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാകും. ഇതിനായുള്ള സൗകര്യം ആവിഷ്‌ക്കരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പറിലുള്ള വാട്സാപ്പിലാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാകുക.

വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്ട്‌സാപ്പിൽ ലഭിക്കാനായി ആദ്യം വാക്സിനായി രജിസ്റ്റർ ചെയ്ത അതേ നമ്പറിൽ വാട്സാപ്പുള്ള ഫോണിൽ 9013151515 എന്ന നമ്പർ സേവ് ചെയ്യണം. പിന്നീട് ഈ നമ്പറിലേയ്ക്ക് വാട്സാപ്പിൽ നിന്നും Download Certificate എന്ന് മെസേജ് അയക്കണം. ഈ സമയം അതേ മൊബൈൽ നമ്പറിലേയ്ക്ക് ഒരു OTP നമ്പർ മെസ്സേജായി ലഭിക്കും. ഈ നമ്പർ വാട്സാപ്പിൽ മറുപടിയായി അയയ്ക്കുക. അപ്പോൾ അതേ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടേയും പേര് വാട്സാപ്പിൽ മെസ്സേജായി വരും. ഇതിൽ അത് വ്യക്തിയുടെ സർട്ടിഫിക്കറ്റാണോ വേണ്ടത് ആ വ്യക്തിയുടെ പേരിന് നേരെയുള്ള ക്രമനമ്പർ മറുപടിയായി അയക്കണം. ഉടൻ തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് പിഡിഎഫ് ഫോർമാറ്റിൽ വാട്സാപ്പിൽ ലഭ്യമാകുന്നതായിരിക്കും.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സർക്കാർ സ്‌കൂളുകളുടെ പേര് മാറ്റാനൊരുങ്ങുന്നു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ പേരുകളാണ് കശ്മീരിലെ സ്‌കൂളുകൾക്ക് നൽകുക. വീരമൃത്യു വരിച്ച ധീര ജവാൻമാരോടുള്ള ആദര സൂചകമായാണ് നടപടി.

ഇന്ത്യൻ സൈന്യം, സിആർപിഎഫ്, പോലീസ് എന്നീ സേനകളിലെ വീരമൃത്യു വരിച്ചവരുടെ പേരുകളാണ് സ്‌കൂളുകൾക്ക് നൽകുന്നത്. ദോഡ, റെസായ്, പൂഞ്ച്, രജൗരി, കത്വ, സാംബ, റംബാൻ, കിഷ്ത്വാർ, ഉദ്ദംപൂർ, ജമ്മു എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഇക്കാര്യം വ്യക്തമാക്കി ജമ്മു ഡിവിഷണൽ കമ്മീഷണർ കത്ത് നൽകിയിട്ടുണ്ട്. പേര് മാറ്റാനുള്ള സർക്കാർ സ്‌കൂളുകൾ ഉടനടി കണ്ടെത്തണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.

കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ തലത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് കശ്മീർ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഈ കമ്മിറ്റിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിനിധികൾ ഉണ്ടാകണമെന്നും ജമ്മു കശ്മീർ ഭരണകൂടം നിർദ്ദേശിച്ചു.

പഞ്ചാബിലെ സ്‌കൂളുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകൾ പരിഗണിച്ച് മഹത് വ്യക്തികളോടുള്ള ആദര സൂചകമായാണ് സ്‌കൂളുകളുടെ പേര് മാറ്റാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചത്.

ബംഗളുരു: കർണാടകയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായി സ്‌കൂളുകൾ തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി 9, 10, 11, 12 ക്ലാസുകൾ ഓഗസ്റ്റ് 23 മുതൽ പുനരാരംഭിക്കും. വിദ്യാർത്ഥികളെ രണ്ട് ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുന്നത്. പ്രൈമറി വിദ്യാർത്ഥികളുടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഓഗസ്റ്റ് അവസാന ആഴ്ച്ചയോടെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബെസവരാജ് ബൊമ്മ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപനം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും. കർണാടകയിലെ മുഴുവൻ ജില്ലകളിലും തുടരുന്ന രാത്രി കർഫ്യൂ സമയം ദീർഘിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നിലവിൽ രാത്രി പത്ത് മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഇത് രാത്രി 9 മുതൽ ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്.

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വെല്ലുവിളിയുമായി മുൻമന്ത്രി കെടി ജലീൽ. തങ്ങൾ കുടുംബത്തെ വരുതിയിലാക്കാമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കിൽ ആ വിചാരം തെറ്റാണെന്ന് കെടി ജലീൽ വ്യക്തമാക്കി. മുഈൻ അലി തങ്ങൾക്കെതിരെയുള്ള നടപടി തുടരാനാണ് ഭാവമെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തിൽ നടപടിയെടുപ്പിക്കാമെന്നാണ് ഭാവമെങ്കിൽ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കെടി ജലീൽ നൽകുന്ന മുന്നറിയിപ്പ്. ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടേണ്ടി വരുമെന്നും അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയപ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീൽ പറയുന്നു.

പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് ഇ.ഡിയുമായി ബന്ധപ്പെട്ട വിഷയം കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകൾ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സൂക്ഷിച്ചു കൈകാര്യം ചെയ്താൽ അദ്ദേഹത്തിന് നല്ലതെന്നും ജലീൽ വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. പാണക്കാട് തങ്ങളെ വളരെ മോശമായി എത്രമാത്രം വൃത്തിഹീനമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഏതൊരാളും കേട്ടലറയ്ക്കുന്ന പദപ്രയോഗങ്ങൾ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചുവെന്നും ജലീൽ ആരോപിച്ചു.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെയായി 50 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്സിൻ എന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് 50 കോടി വാക്സിനേഷനുകൾ നടന്നു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസവും 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. 50 കോടി പ്രതിരോധ വാക്സിനുകളിലെത്താൻ 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാജ്യത്ത് 18 മുതൽ 44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്സിനുകളും 4,32,281 രണ്ടാം ഡോസ് വാക്സിനുകളും വെള്ളിയാഴ്ച്ച വിതരണം ചെയ്തു. 18 മുതൽ 44 വയസിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.