General (Page 1,458)

ന്യൂഡൽഹി: കോവിഡ് വാക്‌സിനുകൾ കൂട്ടികലർത്തുന്നത് സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഐസിഎംആർ. കൊവാക്‌സിനും, കൊവിഷീൽഡും മിശ്രിതമാക്കുന്നത് സുരക്ഷിതമാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഐസിഎംആർ അറിയിച്ചു.

ഈ വാക്‌സിനുകൾ വെവ്വേറ എടുക്കുന്നതിലും ഫലപ്രദമാണ് മിശ്രിത രൂപമെന്നാണ് പുതിയ പഠനത്തിൽ ഐസിഎംആർ വിശദമാക്കുന്നത്. മിശ്രിത രൂപത്തിലുള്ള വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധശേഷി മറ്റുള്ളവരേക്കാൾ കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് വാക്‌സിൻ കോക്‌ടെയിൽ സുരക്ഷിതമാണെന്ന വിലയിരുത്തലിലേക്ക് ഐസിഎംആർ എത്തിയത്. മൂന്നാം തരംഗത്തിനടക്കം ഇടയാക്കിയേക്കാവുന്ന ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ ചെറുക്കാൻ മിശ്രിത രൂപത്തിന് കഴിയുമെന്നും ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ജൂലെയിൽ വാക്‌സിനുകൾ കൂട്ടികലർത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയിരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിലാണ് കൊവിഷീൽഡും കൊവാക്‌സിനും കൂട്ടികലർത്തിയുള്ള മരുന്ന് പരീക്ഷണം നടക്കുന്നത്.

രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യഘട്ടത്തിൽ ആദ്യ ഡോസ് കൊവാക്‌സിനും രണ്ടാം ഡോസ് കൊവിഷീൽഡും അബദ്ധത്തിൽ നൽകിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് വ്യത്യസ്ത വാക്‌സിനുകൾ നൽകുന്നത് ഫലപ്രദം ആണോയെന്നത് സംബന്ധിച്ച പഠനങ്ങൾ നടത്താൻ ഐസിഎംആർ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ സമാന രീതിയിലുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതിനെ തുടർന്നാണ് ഇന്ത്യയിൽ വാക്‌സിൻ കൂട്ടികലർത്തിയുള്ള പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയത്. പരീക്ഷണം വിജയകരമെങ്കിൽ ആദ്യ ഡോസായി മിശ്രിത രൂപം നൽകാനും രണ്ടാം ഡോസായി മിശ്രിതത്തിലെ ഏതെങ്കിലും ഒരു വാക്‌സിൻ നൽകാനും പദ്ധതിയുണ്ട്.

കോഴിക്കോട്: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബലിതർപ്പണം നടത്തിയ നൂറു പേർക്കെതിരെ കേസ്. കോഴിക്കോട് വരയ്ക്കൽ കടപ്പുറത്താണ് സംഭവം. ആൾക്കൂട്ടമുണ്ടാക്കി ബലിതർപ്പണം നടത്തിയ നൂറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്ന് രാവിലെയാണ് സംഭവം.

വരയ്ക്കൽ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമ പ്രകാരമാണ് നടപടി.

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിർദ്ദേശം. ആലുവ മണപ്പുറത്തും ഇത്തവണ ബലിതർപ്പണം ഉണ്ടായിരുന്നില്ല. കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിൽ ബലിതർപ്പണ ചടങ്ങുകൾ നടത്താനായിരുന്നു നിർദ്ദേശിച്ചിരുന്നത്. കഴിഞ്ഞ വർഷവും പിതൃതർപ്പണ ചടങ്ങുകൾ വീടുകളിലാണ് നടന്നത്.

തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പേരെത്തുന്ന തിരുവല്ലം, മദ്ധ്യകേരളത്തിലെ തിരുനാവായ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇത്തവണ ബലിതർപ്പണം ഉണ്ടായിരുന്നില്ല.

ന്യൂയോർക്ക്: താലിബാനു വിദേശ രാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള സഹായമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ.ഐക്യരാഷ്ട്ര സംഘടനയിലെ അഫ്ഗാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം.ഇസാക്‌സായാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദേശ ഭീകരവാദ ശൃംഖലകളിൽനിന്ന് താലിബാന് സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മനഃപൂർവമായ ഈ പ്രാകൃത പ്രവൃത്തിയിൽ താലിബാൻ തനിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനവും സുരക്ഷയും സുസ്ഥിരതയും അവർ ഭീഷണിപ്പെടുത്തുന്നു. ഏപ്രിൽ പകുതി മുതൽ, താലിബാനും അവർക്കൊപ്പമുള്ള വിദേശ ഭീകര ഗ്രൂപ്പുകളും 31 പ്രവിശ്യകളിൽ 5,500ലേറെ ആക്രമണങ്ങൾ നടത്തിയെന്ന് അദ്ദേഹം വിശദമാക്കി.

അൽ ഖായിദ, ലഷ്‌കർ ഇ ത്വയ്ബ, തെഹ്രീകെ താലിബാൻ പാക്കിസ്താൻ, ഐഎസ് ഉൾപ്പെടെ 20 സംഘടനകളിലെ 10,000ലേറെ വിദേശ പോരാളികളുടെ നേരിട്ടുള്ള പിന്തുണയോടെയാണു താലിബാൻ ആക്രമണം നടത്തുന്നത്. പാക്കിസ്താൻ താലിബാന്റെ സുരക്ഷിത താവളമാണ്. യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് പാകിസ്താൻ താലിബാന് പിന്തുണ നൽകുന്നുണ്ട്. താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായെന്നും അതിനാലാണ് അടിയന്തര യോഗം വിളിക്കാൻ നിർബന്ധിതരായതെന്നും യുഎൻ സുരക്ഷാ സമിതിയിൽ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട്: മുസ്ലീം ലീഗിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന് എം.കെ. മുനീർ എം.എൽ.എ. പാർട്ടിയിൽ ഗുണപരമല്ലാത്തത് ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ഓരോ പാർട്ടിയെയും കൂടുതൽ സമ്പന്നമാക്കുകയേ ഉള്ളൂ. അതിനാൽ തന്നെ ഈ ചർച്ചകൾ പാർട്ടിയെ കൂടുതൽ ഗുണകരമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു ബോഡിക്കകത്ത് പലരും പലതരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞുകഴിഞ്ഞാൽ അവസാനം എടുക്കുന്ന തീരുമാനം കൂട്ടായ തീരുമാനമാണെന്നായിരുന്നു ഉന്നതാധികാര സമിതിയിൽ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം കെ മുനീർ മറുപടി നൽകിയത്. ഉന്നതാധികാര സമിതിയേക്കാൾ പ്രാധാന്യമുള്ളത് പ്രവർത്തക സമിതിക്കാണ്. 14-ാം തിയതി പ്രവർത്തക സമിതി ചേരും.

ഈ സമിതിയിലേക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനും ഭാവിയിൽ പാർട്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ് സമിതി ചേർന്നതെന്നും അന്തിമമായി തീരുമാനം എടുക്കുന്നത് പ്രവർത്തക സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ചർച്ചകളെയും പാർട്ടി സ്വാഗതം ചെയ്യുമെന്നും ലീഗിന്റേത് ക്ലോസ്ഡ് മൈൻഡ് അല്ല, ഓപ്പണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

riyaz

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഭീതി മൂലം വിദേശ ടൂറിസ്റ്റുകൾ എത്താൻ സാധ്യതയില്ലാത്തതിനാൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിൽ ടൂറിസം മേഖലയിൽ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. 2020 മാർച്ച് മുതൽ ഡിസംബർ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യ വിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016 ൽ 13 കോടി ആദ്യന്ത വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വന്നെങ്കിൽ 2020-ൽ അതു 45 ലക്ഷമായി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ടൂറിസം വകുപ്പിന്റെ ഓണാഘോഷം ഓൺലൈനിലാക്കി. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുൻനിർത്തി ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഇക്കുറി ഓൺലൈൻ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പൂക്കള മത്സരത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം വെബ്‌സൈറ്റിൽ പത്താം തീയതി മുതൽ പൂക്കള മത്സരത്തിന്റെ രജിസ്‌ട്രേഷൻ തുടങ്ങുമെന്നും കേരളത്തിലുള്ളവർക്കും പുറത്തുള്ളവർക്കും വെവ്വേറെ സമ്മാനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പരാതി പരിഹാരത്തിനായി പുതിയ സംവിധാനം ആവിഷ്‌ക്കരിച്ച് ഇന്ത്യൻ റെയിൽവേ. വൺ റെയിൽ വൺ എന്ന ഹെൽപ്പ്ലൈൻ പദ്ധതിയാണ് റെയിൽവേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പരാതി പരിഹാരമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ ലയിപ്പിച്ചാണ് പുതിയ സേവനം രപീകരിച്ചിരിക്കുന്നത്.

വിവിധ ആവശ്യങ്ങൾക്കായി ഇനി മുതൽ ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ മാത്രമായിരിക്കും ഉണ്ടായിരിക്കുക. 139 എന്ന നമ്പറിലേക്കാണ് ഇനി റെയിൽവേയുടെ സേവനങ്ങൾക്കായി ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ലഭ്യമാകുന്ന ഈ ഹെൽപ്പ് ലൈന് നമ്പറിലേക്ക് എല്ലാ അന്വേഷണ ആവശ്യങ്ങൾക്കും ബന്ധപ്പെടാം.

ഉപഭോക്തൃ പരാതികൾ, അന്വേഷണം, നിർദേശം, സഹായം എന്നിവയ്ക്കായാണ് റെയിൽ മദദ് ഒരുക്കിയിരിക്കുന്നത്. 12 ഭാഷകളിൽ മദദിലൂടെ സേവനം ലഭ്യമാകും. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി യാത്രക്കാർക്ക് വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യൽ മീഡിയ, ഹെൽപ്പ് ലൈൻ എന്നിവയും റെയിൽ മമദ് നൽകുന്നു. ഹെൽപ്പ്ലൈൻ മുഖേനേ ലഭിച്ച 99.93 ശതമാനം പരാതികളും പരിഹരിക്കാനായെന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു.

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകര സംഘടനയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് സജീവം. ഇതുസംബന്ധിച്ച കൂടുതൾ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവർ കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെന്റിന് ശ്രമിച്ചിരുന്നതായുള്ള വിവരം കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്താൻ ശ്രമിച്ചിരുന്നത്.

പിടിയിലായവരുടെ ലക്ഷ്യം ഐസിസ് ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ നാലുപേരും കേരളത്തിൽ പലതവണ എത്തിയിരുന്നുവെന്നും എൻഐഎയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. കേരളത്തിലും കർണാടകത്തിലും ഐസിസ് റിക്രൂട്ടിംഗ് സജീവമാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹറയും വെളിപ്പെടുത്തിയിരുന്നു.

ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ വശത്താക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഇന്റലിജൻസുമായി ചേർന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പർ സെല്ലുകൾ കണ്ടെത്തുമെന്നും ബെഹറ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് സൈബർ പട്രോളിംഗ് പോലും കാര്യക്ഷമമല്ലാത്ത അവസ്ഥയാണിപ്പോൾ. സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമാണ്. മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരള ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹവുമായി ഇന്ത്യ. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ചരിത്രം കുറിക്കാനുള്ള തടസം നീരജ് ചോപ്ര നീക്കിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നീരജിന്റെ ജാവ്ലിനിലെ സ്വർണ്ണം ചരിത്രം കുറിച്ചു. തികച്ചും അപ്രതീക്ഷിതമായ വിജയമാണ് നീരജ് ചോപ്ര കൈവരിച്ചത്. നീരജിന്റെ നേട്ടം ചരിത്ര നിമിഷമാണ്. എല്ലാ യുവാക്കൾക്കും അദ്ദേഹത്തിന്റെ വിജയം പ്രചോദനമാണ്. ആദ്യ ഒളിമ്പിക്സിൽ തന്നെ സ്വർണ നേട്ടം കൈവരിച്ച നീരജിന് എല്ലാ ആശംസകളും നേരുന്നുന്നു. രാജ്യം വളരെ സന്തോഷത്തിലാണ്- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്നും തികച്ചും അസാധാരണ പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എന്നും നീരജ് ചോപ്രയുടെ നേട്ടം ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സ്വതന്ത്ര ഭാരത ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് ട്രാക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. ഒട്ടും പ്രതീക്ഷിക്കാത്ത വിഭാഗത്തിലാണ് നീരജ് കരുത്തുറ്റ പ്രകടനം നടത്തിയത്. ചരിത്രം കുറിച്ച നീരജിന്റെ പ്രകടനത്തിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീരജിന്റെ നേട്ടം രാജ്യത്തിനും ഇന്ത്യൻ സൈന്യത്തിനും ഏറെ അഭിമാനം നൽകുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഒളിമ്പിക്സിലെ യുദ്ധമുഖത്ത് ഒരു യാഥാർത്ഥ സൈനിക നായിട്ടാണ് നീരജ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തിരുവനന്തപുരം: മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചെന്ന് മുൻമന്ത്രി കെ ടി ജലീൽ. മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ താൻ കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നില്ലെന്ന് ജലീൽ പറഞ്ഞു. മുസ്ലീം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലെ തീരുമാനങ്ങൾ അറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും ലീഗിൽ ഒരു തലമുറ ജനിക്കുമെന്നും ജലീൽ പറഞ്ഞു. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ വാക്കാവണമെന്നും അതുകൊണ്ടാണ് താൻ മറ്റ് കാര്യങ്ങൾ പുറത്തുവിടാത്തതെന്നും ജലീൽ വ്യക്തമാക്കി.

മുസ്ലീം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാർത്താ സമ്മേളനം നടക്കുന്നത്. സാദിഖലി ശിഹാബ് തങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ സ്വസ്ഥമായി കാര്യങ്ങൾ പറയാൻ പറ്റി. ഇ.ടി. മുഹമ്മദ് ബഷീർ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവൻ പറയുകയും ചെയ്തു. പി.എം.എ. സലാം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായി വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹം പറയാനുള്ളതെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും ജലീൽ വിശദമാക്കി.

കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് നടന്നത്. ബ്ലാക്ക്‌മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. പി.എം. അബൂബക്കർ സാഹിബിനെയും സേട്ട് സാഹിബിനെയും അടക്കം പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നും കെടി ജലീൽ ആരോപിക്കുന്നു.

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൺ്‌സ്യൂമർഫെഡിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായാണ് ഓൺലൈൻ പോർട്ടലിന് തുടക്കം കുറിച്ചിരിക്കുന്നത്. www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഓൺലൈൻ പോർട്ടലിൽ ഓൺലൈൻ പേയ്മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭ്യമാകുന്നത്. കൂടാതെ ആകർഷകമായ അനവധി ഓഫറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കും. 30 രൂപയാണ് ഏറ്റവും കുറഞ്ഞ ഡെലിവറി ചാർജ്. തുടർന്നുള്ള 5 കിലോമീറ്റർ 3 രൂപ എന്ന നിരക്കിൽ കൂടുതൽ നൽകേണ്ടി വരും. സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകന്നതിന് പുറമെ അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നു.

കോഴിക്കോട്- വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചത്. ഇത് വിജയിച്ചതോടെയാണ് ഓൺലൈൻ വ്യാപാരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന DuGo എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് കൺസ്യൂമർഫെഡ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നത്.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കുമെന്നാണ് സഹകരണ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.