ന്യൂഡൽഹി: വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെയും ലഭ്യമാകും. ഇതിനായുള്ള സൗകര്യം ആവിഷ്‌ക്കരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പറിലുള്ള വാട്സാപ്പിലാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാകുക.
വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്ട്‌സാപ്പിൽ ലഭിക്കാനായി ആദ്യം വാക്സിനായി രജിസ്റ്റർ ചെയ്ത അതേ നമ്പറിൽ വാട്സാപ്പുള്ള ഫോണിൽ 9013151515 എന്ന നമ്പർ സേവ് ചെയ്യണം. പിന്നീട് ഈ നമ്പറിലേയ്ക്ക് വാട്സാപ്പിൽ നിന്നും Download Certificate എന്ന് മെസേജ് അയക്കണം. ഈ സമയം അതേ മൊബൈൽ നമ്പറിലേയ്ക്ക് ഒരു OTP നമ്പർ മെസ്സേജായി ലഭിക്കും. ഈ നമ്പർ വാട്സാപ്പിൽ മറുപടിയായി അയയ്ക്കുക. അപ്പോൾ അതേ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടേയും പേര് വാട്സാപ്പിൽ മെസ്സേജായി വരും. ഇതിൽ അത് വ്യക്തിയുടെ സർട്ടിഫിക്കറ്റാണോ വേണ്ടത് ആ വ്യക്തിയുടെ പേരിന് നേരെയുള്ള ക്രമനമ്പർ മറുപടിയായി അയക്കണം. ഉടൻ തന്നെ വാക്സിൻ സർട്ടിഫിക്കറ്റ് പിഡിഎഫ് ഫോർമാറ്റിൽ വാട്സാപ്പിൽ ലഭ്യമാകുന്നതായിരിക്കും.

