General (Page 1,460)

കറാച്ചി: മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരിച്ചടി. വിസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫ് സമർപ്പിച്ച അപേക്ഷ ബ്രിട്ടൺ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

രണ്ട് അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫിന് ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് വിദേശത്ത് പോകാൻ ലാഹോർ ഹൈക്കോടതി അനുവാദം നൽകിയിരുന്നു. തുടർന്ന് 2019 നവംബറിൽ ലണ്ടനിലേക്ക് പോയ അദ്ദേഹം അന്നു മുതൽ ലണ്ടനിൽ തന്നെയാണ് കഴിയുന്നത്. വിസാ കാലാവധി നീട്ടിയില്ലെങ്കിൽ ഷെരീഫിന് ആറുമാസത്തിൽ കൂടുതൽ ബ്രിട്ടനിൽ തുടരാൻ കഴിയില്ല.

അതേസമയം തീരുമാനത്തിനെതിരെ ഇമിഗ്രേഷൻ ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നാണ് പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് വിഭാഗം (പിഎംഎൽ-എൻ) വക്താവ് അറിയിച്ചത്.

കൊച്ചി: നാടാർ സംവരണത്തിന് സ്റ്റേ. ഹൈക്കോടതിയാണ് നാടാർ സംവരണത്തിന് സ്‌റ്റേ ഏർപ്പെടുത്തിയത്. ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നാണ് നാടാർ സംവരണം സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.

മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകയുക്തയുടെ നോട്ടീസ്. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ അഖില ഖാൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നായിരുന്നു പരാതിയിൽ ആരോപിച്ചിരുന്നത്.

വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്തതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ആർ ടി ഐ കേരളഘടകം ജില്ലാ കമ്മിറ്റി അംഗം വി വി രാജേഷും ഷാഹിദ കമാലിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഷാഹിദാ കമാൽ അഞ്ചൽ സെന്റ് ജോൺസ് കോളജിൽ നിന്ന് ബി കോം നേടി എന്നാണ് പറയുന്നത്. എന്നാൽ, കേരള സർവകലാശാല വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ബി കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ഓഗസ്റ്റ് 29 ന് വനിതാ കമ്മീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും ഷാഹിദാ കമാൽ വിദ്യാഭ്യാസ യോഗ്യതയായി നൽകിയിരിക്കുന്നത് ബി കോമാണ്.

2018 ജൂലൈയിൽ പി എച്ച് ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്റ്റേഴ്‌സും ഡി.ലിറ്റും നേടിയെന്നും ഷാഹിദാ കമാൽ പോസ്റ്റിട്ടിരുന്നു. മൂന്ന് മാസം കൊണ്ട് ഈ യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്നാണ് ഷാഹിദാ കമാലിനെതിരെയുള്ള പരാതിയിൽ പറയുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്. ടോക്കിയോ ഒളിംപിക്സിന് മുമ്പ് രണ്ട് ഇന്ത്യൻ താരങ്ങൾക്ക് അമേരിക്കയിൽ വിദഗ്ധ ചികിത്സയും പരിശീലനവും ഒരുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സഹായം ലഭിച്ച താരങ്ങളിലൊരാൾ ഭാരോദ്വഹനത്തിൽ വെള്ളിത്തിളക്കം നേടിയ മീരാബായി ചനുവാണെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിൽ സംഘടിപ്പിച്ച ആദര ചടങ്ങിൽ മീരാബായി ചനു തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചതെന്നും ബീരേൻ സിംഗ് വെളിപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് നേരിട്ട് സഹായമൊരുക്കിയത് എന്നതിനെ കുറിച്ച് ചനു വിവരിച്ചു. മസിലിലെ ശസ്ത്രക്രിയക്കും പരിശീലനത്തിനുമായി യുഎസിലേക്ക് പോകാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ചനുവിന്റെ ഒളിംപിക്സ് മെഡൽ സ്വപ്നം സാധ്യമാകുമായിരുന്നില്ല. മീരാബായ് ചനുവിനെ സഹായിച്ച് പ്രധാനമന്ത്രി പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും മോദി എങ്ങനെയാണ് ചനുവിനെ സഹായിച്ചത് എന്ന് മണിപ്പൂർ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ച സഹായത്തെ കുറിച്ചുള്ള ചനുവിന്റെ വെളിപ്പെടുത്തൽ തന്നെ അത്ഭുതപ്പെടുത്തിയെന്നും ബീരേൻ സിംഗ് പറയുന്നു.

അടുത്തിടെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ ചനുവിനെ സഹായിച്ചതിന് നന്ദി അറിയിച്ചിരുന്നു. അപ്പോൾ അദ്ദേഹം പുഞ്ചിരിക്കുകയാണുണ്ടായത്. ഒരു നേതാവിന്റെ മഹത്തരമാണ് ഇത് കാണിക്കുന്നത്. ചനുവിന് നടുവേദനയുണ്ടായിരുന്നുവെന്നറിഞ്ഞ പ്രധാനമന്ത്രിയും അദേഹത്തിന്റെ ഓഫീസും വിദേശത്ത് ചികിത്സയ്ക്കും പരിശീലനത്തിനുമുള്ള സൗകര്യങ്ങൾ നേരിട്ട് ഒരുക്കുകയായിരുന്നുവെന്നും മറ്റൊരും അത്‌ലറ്റിനെ കൂടി അദ്ദേഹം സഹായിച്ചുവെന്നും ബീരേൻ സിംഗ് കൂട്ടിച്ചേർത്തു.

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചനു വെള്ളിമെഡൽ നേടിയത്. ഒളിംപിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചനു. 2000 ത്തിൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയതാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡൽ.

കോഴിക്കോട്: മുസ്ലിം ലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യിലെ പ്രശ്‌നം പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ചന്ദ്രികയിലെ പ്രശ്‌ന പരിഹാരത്തിനായി മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ മുഈനലിയെ ഏൽപ്പിച്ചതിന്റെ കത്ത് പുറത്തുവന്നു. മാർച്ച് അഞ്ചാം തീയതിയിൽ ഹൈദരലി തങ്ങളുടെ ലെറ്റർ പാഡിൽ ഇറങ്ങിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.

മാനേജ്‌മെന്റുമായി ആലോചിച്ച് ഈ മാസം തന്നെ പ്രശ്‌നത്തിന് പരിഹാരം കാണമെന്നും ബാധ്യതകൾ തീർക്കണമെന്നും കത്തിൽ വിശദമാക്കുന്നു. ചന്ദ്രികയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഈനലിയെ നിയോഗിച്ചുവെന്നാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്റെ വെളിപ്പെടുത്തലുകളാണ് വലിയ വിവാദങ്ങൾ സൃഷ്ടിച്ചത്. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മാനേജ്‌മെന്റ് വക്കീൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഈനലിയുടെ പരാമർശങ്ങൾ. എന്നാൽ ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ ഇരുന്നതെന്നാരോപിച്ച് ചിലർ രംഗത്തെത്തി വാർത്താ സമ്മേളനം തടസപ്പെടുത്തുകയായിരുന്നു.

മുണ്ടക്കയം: ലോക്ക് ഡൗൺ ദിവസം ക്ഷേത്ര ദർശനത്തിനായി പോയ കുടുംബത്തിന് 17,500 രൂപ പിഴയിട്ട് കേരളാ പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പോലീസ് പിഴ വിധിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം. നെടുങ്കണ്ടത്തെ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോകവെ വാഹനം തടഞ്ഞ് നിർത്തിയായിരുന്നു നടപടി. പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച് അഡീഷണൽ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞത്.

സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരുടെയും വിലാസം പോലീസ് എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500 രൂപ വീതം 17500 രൂപ കോടതിയിൽ അടച്ചാൽ മതിയെന്നും അറിയിച്ചു. റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ 17,500 രൂപ പിഴ അടയ്ക്കാൻ മാർഗമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

സാമൂഹ്യ അകലം പാലിയ്ക്കാതെ ലോക്ക് ഡൗൺ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്നാണ് ഇൻസ്പെക്ടർ ജയപ്രകാശിന്റെ വിശദീകരണം. അതേസമയം പീരുമേട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ കടന്നാണ് പെരുവന്താനം പോലീസ് പിഴയിട്ടതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇനിയും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാൻ സാധ്യതയുണ്ടെന്ന് വീണാ ജോർജ് വ്യക്തമാക്കി. വാക്സിനേഷൻ പൂർണമാകുന്നതിനു മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി മോശമാകുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാക്കാലവും നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും നിയന്ത്രണങ്ങൾ പരിശോധിച്ച ശേഷമാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുന:പരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ല. രോഗവ്യാപനമുണ്ടാകുന്ന തരത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുമ്പോഴാണ് പോലീസിന് ഇടപെടേണ്ടിവരുന്നതെന്നും വീണാ ജോർജ് വിശദമാക്കി. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് പിഴ ഈടാക്കാനാണ് നിയന്ത്രണങ്ങളെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ. ബാബു എം.എൽ.എ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് മന്ത്രി പറയുന്നതാണോ ചീഫ് സെക്രട്ടറി പറയുന്നതാണോ ശരിയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഈ സർക്കാർ പെറ്റി സർക്കാരാണെന്നും നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്ന് പ്രമുഖരും ആരോഗ്യ വിദഗ്ധരും വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

തിരുവനന്തപുരം: വനിത വികസന കോർപറേഷന്റെ ആർത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനകാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് വീണാ ജോർജ് വ്യക്തമാക്കി. ആർത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോൾ അതാത് സ്‌കൂളുകളിലെ ആൺകുട്ടികളിലും ആർത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം വളരുന്നതിനും, അതു വഴി സഹ വിദ്യാർത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും ആ രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും സഹായിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിയ്ക്കാണ് സർക്കാർ തുടക്കം കുറിച്ചത്. കൗമാരപ്രായക്കാരായിട്ടുള്ള പെൺകുട്ടികൾക്ക് വേണ്ടി പ്രത്യേകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പരിപാടിയാണിത്. ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലൂടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥിനികളുടെ പഠനവേളയിലെ ആർത്തവകാലം സർക്കാരിന്റെ സംരക്ഷണയിൽ ആരോഗ്യകരവും ശുചിത്വമുള്ളതുമാക്കി മാറ്റി അവരെ ആരോഗ്യവതികളാക്കി മാറ്റുന്നുവെന്നും ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി.

പദ്ധതിയിലൂടെ കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണനിലവാരമുള്ള സുരക്ഷിതമായ പാഡുകളും അനുബന്ധ ഉപകരണങ്ങളും വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്നു. ഇതുവഴി മികച്ച ശുചിത്വ പ്രവണതകൾ പ്രോത്സാഹിപ്പിക്കുകയാണ്. പദ്ധതി പൂർണമായും നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിൽ ആർത്തവ മാലിന്യങ്ങൾ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ പദ്ധതി പ്രകാരം ഉറപ്പാക്കുന്നു. മുതിർന്ന ടീച്ചർമാരുടെ/സ്‌കൂൾ കൗൺസിലർമാരുടെ സേവനം പ്രയോജനപ്പെടുത്തി പെൺകുട്ടികളുടെ കൗമാരസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സംശയ നിവാരണം വരുത്തുന്നതിനും സാഹചര്യം ഒരുക്കുകയും ചെയ്യുന്നതായും വീണാ ജോർജ് കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയാണ് പദ്ധതിയുടെ തീം പ്രകാശനം നിർവ്വഹിച്ചത്. പദ്ധതിയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. ജൈവിക പ്രക്രിയ മാത്രമായ ആർത്തവത്തെ കുറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറാൻ ഈ പരിപാടി സഹായിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സമ്പൂർണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ പോലും സ്ത്രീ അശുദ്ധയാണെന്ന് വാദിക്കുന്നവർ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന് കണ്ടതാണ്. സ്ത്രീക്ക് പ്രകൃതി നൽകിയിയിരിക്കുന്ന സ്വാഭാവികമായ ഒരു സവിശേഷതയെ പഴയകാലത്ത് അശുദ്ധമായി കണക്കാക്കിയിരുന്നത് അവരുടെ അറിവില്ലായ്മ മൂലമായിരുന്നു. എന്നാൽ ശാസ്ത്രം അത്ഭുതകരമായ നേട്ടം ഉണ്ടാക്കിയിട്ടും ആർത്തവത്തിന്റെ പേരിൽ സ്ത്രീയെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായ ജീവിതത്തിന് ആർത്തവം ഒരു തടസമല്ലെന്ന് പെൺകുട്ടികൾക്ക് ബോധ്യമുണ്ടാകണം. അതിനവരെ പ്രാപ്തമാക്കണം. പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികളും ഇത് മനസിലാക്കണം. എങ്കിൽ മാത്രമേ ലിംഗനീതി ഉറപ്പാകൂവെന്നും അദ്ദേഹം വിശദമാക്കി.

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫോൺ ചോർത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സഭയിൽ പ്രതിഷേധമുണ്ടാക്കി ഇറങ്ങി പോകാൻ മാത്രമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

എല്ല പ്രശ്‌നങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിരുന്നു. എന്നാൽ പെഗാസസ് വിഷയത്തിൽ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നുവെന്നും പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചു കീറുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനുമായ അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോൺ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ 2014-ൽ സറണ്ടർ ചെയ്ത നമ്പറാണിതെന്ന് അരുൺ മിശ്ര തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഫോൺ കോളുകൾ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നിലവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും തുടർച്ചയായി തടസപ്പെട്ടതിലൂടെ 130 കോടി രൂപയോളം ഖജനാവിന് നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ: ജില്ലയിൽ നിബന്ധനകളോടുകൂടി ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ. ഇതുസംബന്ധിച്ച ഉത്തരവ് കളക്ടർ പുറപ്പെടുവിച്ചു. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ / ശിക്കാര വള്ളങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കാൻ പാടുള്ളൂ. ഒരു ഹൗസ് ബോട്ടിന് ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപയും ഇതിലേയ്ക്കായി ഡി.ടി.പി.സിയ്ക്ക് യൂസർ ഫീ നൽകണം. പുന്നമട ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യേണ്ടതാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാൻ പാടുള്ളുവെന്നും യാത്രയ്ക്കുള്ള ബോർഡിംഗ് പാസില്ലാതെ യാതൊരു കാരണവശാലും ഹൗസ്‌ബോട്ടുകൾ സർവ്വീസ് നടത്തുവാൻ പാടുള്ളതല്ലെന്നും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയും 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ചേർന്നാണ് ഏർപ്പെടുത്തേണ്ടത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി, സെക്രട്ടറി, ഡി ടി പി സി, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം, പോർട്ട് ഓഫീസർ എന്നിവരെ ഇതിനായി കളക്ടർ ചുമതലപ്പെടുത്തുകയും ചെയ്തു.