General (Page 1,450)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 19,49,640 ഓണക്കിറ്റുകൾ. ഭക്ഷ്യ മന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ഊർജിതമായി നടക്കുകയാണെന്നും കഴിഞ്ഞദിവസം വരെയുള്ള കണക്കുകളാണ് ഇതെന്നും മന്ത്രി വിശദമാക്കി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്. 239812 കിറ്റുകളാണ് ജില്ലയിൽ വ്യാഴാഴ്ച വരെ വിതരണം ചെയ്തത്. തിരുവനന്തപുരം- 220991, തൃശൂർ- 194291, ആലപ്പുഴ- 137662, എറണാകുളം- 159631, ഇടുക്കി- 93931, കണ്ണൂർ- 98986, കാസർകോട്- 76501, കൊല്ലം- 130092, കോട്ടയം- 97460, കോഴിക്കോട്- 176308, പാലക്കാട്- 165358, പത്തനംതിട്ട- 81692, വയനാട്- 76925 എന്നിങ്ങനെയാണ് വിതരണം ചെയ്ത കിറ്റുകളുടെ കണക്ക്. ഓണത്തിന് മുമ്പ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാസി മേഖലകളിലുള്ളവർക്ക് ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കുമെന്നും മന്ത്രി അനിൽ വ്യക്തമാക്കി. ആഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പുളിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനും കിറ്റ് വിതരണത്തിൽ പങ്കെടുക്കും. ഈ മാസത്തെ അരി വാങ്ങാത്ത ആദിവാസി വിഭാഗത്തിലുള്ളവർക്ക് അതും എത്തിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ താമസക്കാർക്കും ഓണക്കിറ്റുകൾ നേരിട്ട് എത്തിക്കും. അനർഹർ കൈവശം വച്ചിരുന്ന 1,34,170 മുൻഗണനാ റേഷൻ കാർഡുകളാണ് തിരിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അർഹതയുള്ള 12,000 പേർക്ക് കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ കാർഡുകളുടെ വിതരണം ആഗസ്റ്റ് 20 ന് പൂർത്തിയാകും. ഈ വിഭാഗത്തിൽ പെട്ടവർക്ക് സെപ്റ്റംബർ ഒന്നു മുതൽ അർഹതപ്പെട്ട റേഷൻ വിഹിതം ലഭിക്കും. സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഫെസ്റ്റിവൽ അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനു പുറമെ 750 രൂപയുടെ സൗജന്യ വൗച്ചറും ജീവനക്കാർക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമം പ്രശ്‌നങ്ങൾ നിറഞ്ഞ വിവാഹബന്ധത്തിനുള്ളിൽ കഴിയുന്ന സ്ത്രീകളുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ട്. തലാഖ് ചൊല്ലാതെതന്നെ ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാനോ പുനർവിവാഹം കഴിക്കാനോ കഴിയുന്നില്ല. ഇതാണ് സ്ത്രീകളുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

സാക്കിറ എന്ന യുവതിയുടെ അനുഭവം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. 18 ദിവസങ്ങൾ മാത്രമെ സാക്കിറയ്ക്ക് ദാമ്പത്യ ബന്ധം അനുഭവിക്കാനുള്ള യോഗം ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞ് 19 -ാം ദിവസം സാക്കിറയുടെ ഭർത്താവ് കൊലപാതക കുറ്റത്തിന് പ്രതിചേർക്കപ്പെട്ട് ജയിലിലായി. തുടർന്ന് പുതുമോടി മാറുന്നതിന് മുൻപ് തന്നെ സാക്കിറയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിന്നീട് ഭർത്താവ് തിരികെ എത്തുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സാക്കിറ. ഇതിനിടെ ഇവർ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സാക്കിറയുടെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇയാളുടെ ജയിൽ മോചനത്തിനായി പണം ചെലവഴിച്ചതെല്ലാം സാക്കിറയുടെ കുടുംബമായിരുന്നു.

‘അദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി തങ്ങൾ 25 ലക്ഷം രൂപയാണ് ചെലവാക്കിയത്. എന്നിട്ടും അയാൾ തന്നെ ഉപേക്ഷിച്ചുവെന്ന്’ സാക്കിറ പറയുന്നു. ‘വിവാഹമോചനം നൽകാനോ ജീവനാംശം നൽകാനോ അയാൾ തയ്യാറായില്ലെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നിർബന്ധിച്ചാൽ തന്റെ മകനെ കൊണ്ടുപോകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും സാക്കിറ വ്യക്തമാക്കി.

സാക്കിറയെ പോലെ നിരവധി സ്ത്രീകൾ സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട്. മുൻപ് വിവാഹമോചനത്തിൽ കലാശിക്കുമായിരുന്ന 30 ശതമാനത്തോളം കേസുകളിൽ ഇപ്പോൾ ഭാര്യമാർ ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നതെന്നാണ് മതനേതാക്കളും ഉദ്യോഗസ്ഥരും പറയുന്നത്. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഭാര്യമാർ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചതായി തെലങ്കാനയിലെയും ആന്ധ്ര പ്രാദേശിലെയും ജമാഅത്ത് ഉലമ ജനറൽ സെക്രട്ടറി ഹാഫിസ് പീർ ഖലീഖ് അഹമ്മദ് സബർ ആരോപിക്കുന്നു.

മുത്തലാഖ് നിരോധിച്ചതോടെ ഒരുപാട് പുരുഷന്മാർക്ക് ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനുള്ള ഒരേയൊരു വഴിയായി ഭാര്യമാരെ ഉപേക്ഷിക്കൽ മാറിയതായി സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതീവ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ കടന്നു പോകുന്നതെന്നും ദൈനംദിന ജീവിതോപാധിയ്ക്ക് പോലും ഇവർ കഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും സാമൂഹ്യ പ്രവർത്തകർ വിശദമാക്കുന്നു.

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം ലഭിച്ച മഴയിൽ 26% കുറവ്. കാലാവസ്ഥാ വിഭാഗമാണ് ഇതുസംബന്ധിച്ച ജൂൺ മുതൽ സെപ്തംബർ മാസം വരെയുള്ള മഴയുടെ ലഭ്യതയിലാണ് കുറവ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ മാത്രമാണ് സാധാരണ നിലയിലെങ്കിലും മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

1148 മില്ലി മീറ്റർ മഴയാണ് ഇത്തവണ ജൂൺ 1 മുതൽ കഴിഞ്ഞ ദിവസം വരെ ലഭിച്ചത്. 1559.5 മില്ലിമീറ്റർ മഴയാണ് സാധാരണ ഈ സമയത്തു ലഭിക്കേണ്ടത്. കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിൽ ആറ് ശതമാനവും എറണാകുളം ജില്ലയിൽ 12 ശതമാനവും മഴയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെ നിലയിൽ നിന്ന് 19% വരെ കുറവോ കൂടുതലോ മഴ പെയ്യുന്നതിനെയാണ് സാധാരണ നില എന്നു പറയുന്നത്.

പത്തനംതിട്ടയിൽ 1171.7 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1106.6 മില്ലി മീറ്ററാണ് ലഭിച്ചത്. എറണാകുളത്ത് 1521.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 1342.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോട്ടയത്തു സാധാരണ മഴ ലഭ്യത 1384.1 മില്ലി മീറ്ററാണ്. ഇന്നലെ വരെ കോട്ടയത്ത് 1428.9 മില്ലി മീറ്റർ മഴ ലഭിച്ചു.

പാലക്കാട്, വയനാട് ജില്ലകളിലാണ് ജൂൺ ഒന്നു മുതൽ ഇന്നലെ വരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. 39 ശതമാനം കുറവാണ് ഇക്കുറി ഇവിടങ്ങളിലുണ്ടായത്. കണ്ണൂർ,മലപ്പുറം ജില്ലകളിൽ 36 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ 28 ശതമാനവും ഇടുക്കിയിൽ 23 ശതമാനവും കാസർകോട് 29 ശതമാനവും കൊല്ലത്ത് 31 ശതമാനവും കോഴിക്കോട് 21 ശതമാനവും തിരുവനന്തപുരം 33 ശതമാനവും തൃശൂർ 27 ശതമാനവും മഴയിൽ കുറവുണ്ടായി.

20 ശതമാനം മുതൽ 9 ശതമാനം വരെ മഴ കുറയുന്നത് ഡെഫിഷ്യൻസി അഥവാ സാധാരണ നിലയിലും കുറഞ്ഞ മഴ ലഭ്യതയെ ആണു കാണിക്കുന്നത്. 60 ശതമാനത്തിലേറെയുള്ള കുറവ് ഗണ്യമായ വരൾച്ചയുടെ സൂചകമാണെന്നാണ് വിദഗ്ധർ പറയുന്നത്.

covid

ന്യൂഡൽഹി: വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധയുണ്ടായത് 0.048 ശതമാനത്തിന് മാത്രമെന്ന് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇതുവരെ നൽകിയ 53.14 കോടി വാക്സിൻ ഡോസുകളിൽ ഏകദേശം 2.6 ലക്ഷം ആളുകൾ മാത്രമാണ് രോഗബാധിതരായതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.

രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്‌സിനേഷന് ശേഷം രോഗബാധയുണ്ടായവരിൽ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവരാണ്.

രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന മൂന്ന് കോവിഡ് വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി എന്നിവ ‘ബ്രേക്ക്ത്രൂ അണുബാധകളിൽ’ നിന്ന് ഒരേപോലയുള്ള പരിരക്ഷ നൽകുന്നുവെന്നും കണക്കുകൾ വിശദമാക്കുന്നു. വാക്സിനെയും അതിജീവിച്ച ബ്രേക്ക് ത്രൂ അണുബാധ കുറവാണെങ്കിലും ഇന്ത്യയിലും വിദേശത്തുമായി കണ്ടുവരുന്ന വൈറസിന്റെ കൂടുതൽ ആക്രമണാത്മക വകഭേദങ്ങൾ ആശങ്കാജനകമാണെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. വാക്സിനെ അതിജീവിച്ചുണ്ടായ കൊറോണ വൈറസിന്റെ ജീനോം സീക്വൻസിങ് നടത്തി അത് ഏത് വകഭേദമാണെന്നും കണ്ടെത്താനുള്ള നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ബ്രേക്ക് ത്രൂ ഉണ്ടായാലും വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധ ഉണ്ടായാലും ആശുപത്രി ചികിത്സ തേടേണ്ട സാധ്യതയും മരണ സാധ്യതയും ഇവർക്ക് കുറവായിരിക്കുമെന്നാണ് ഐസിഎംആറിന്റെ പഠനത്തിൽ പറയുന്നത്.

ശ്രീനഗർ: ഭീകരരുടെ പദ്ധതികൾ തകർത്തെറിഞ്ഞ് സുരക്ഷാ സേന. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതിയാണ് സുരക്ഷാ സേന തകർത്തത്. 15 മണിക്കൂർ നീണ്ടു നിന്ന വെടിവെപ്പിന് ശേഷം ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കശ്മീർ സോൺ പൊലീസാണ് ഭീകരനെ വധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് തോക്ക്, ഗ്രനേഡ്, റോക്കറ്റ് ലോഞ്ചർ തുടങ്ങിയ വൻ ആയുധശേഖരം കണ്ടെത്തിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പട്രോളിങ് നടത്തുന്നതിനിടെയാണ് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നും ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു.

വെള്ളിയാഴ്ചയും മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയായിരുന്നു. വെടിവെയ്പ്പിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് പൊലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ ഭീകരർ വെടിവെച്ചിട്ടു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരരിലൊരാളെ സുരക്ഷാ സേന വധിച്ചത്.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആയിരം രൂപയാണ് സർക്കാർ ഉത്സവബത്തയായി നൽകുക. 75 തൊഴിൽ ദിനങ്ങൾ പൂർത്തിയായ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ 75 ദിവസം വരെ തൊഴിൽ ദിനങ്ങൾ പൂർത്തിയായവർക്ക് ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസും കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. 4000 രൂപയാണ് ഓണം ബോണസായി ജീവനക്കാർക്ക് നൽകുക. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപ നൽകാനും തീരുമാനമായി. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപയും നൽകും.

കഴിഞ്ഞ തവണത്തെ ഓണത്തിന് അനുവദിച്ച അതേനിരക്കിൽ തന്നെയാണ് ഇത്തവണയും സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകുന്നത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർഎസ്എസ് പിന്തുണയുടെ ബലത്തിൽ സംസ്ഥാനത്ത് രണ്ടാമതും അധികാരത്തിൽ വന്ന പിണറായി വിജയൻ സമസ്ത വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും സമാനതകളില്ലാത്ത കെടുകാര്യസ്ഥത ജനജീവിതം താറുമാറാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ചിലവ് കുറയ്ക്കാനാണെങ്കിൽ സർക്കാർ ധൂർത്ത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഏകദേശം 30000 ഉപഭോക്താക്കൾ ഉള്ള അഗതികളുടെ പെൻഷൻ കൊള്ളയടിക്കുകയല്ല വേണ്ടത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരോരുമില്ലാത്തവർക്ക് ഉറപ്പു വരുത്തിയ സാമൂഹിക സുരക്ഷാ പെൻഷനാണ് ഈ ജന വിരുദ്ധ സർക്കാർ നിർത്തലാക്കുന്നത്. യുഡിഎഫ് സർക്കാർ പെൻഷൻ കുടിശ്ശിക വരുത്തിയിരുന്നുവെന്ന് കള്ളക്കഥയുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാനുള്ള വിവേകം മലയാളികൾക്കുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യരുടെ പ്രശ്‌നങ്ങൾ പിണറായി വിജയനെപ്പോലെ ക്രൂര മനസ്സുള്ള ഭരണാധികാരിയ്ക്ക് വിഷയമല്ലെന്ന് പല തവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ പാവങ്ങളുടെ ആകെയുള്ള വരുമാനത്തിൽ കൈയ്യിട്ട് വാരരുത് എന്ന് പറയാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്. സിപിഎമ്മിൽ മനുഷ്യരോട് ദയയും സഹാനുഭൂതിയും ഉള്ളവർ അവശേഷിക്കുന്നുണ്ടെങ്കിൽ കണ്ണടച്ചിട്ടാണെങ്കിലും പിണറായി വിജയന്റെ മുമ്പിൽ എണീറ്റ് നിന്ന് അദ്ദേഹത്തെ തിരുത്താനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. പിണറായി വിജയന്റെ അടിമക്കൂട്ടം ആയി സിപിഎം അധ:പതിച്ചിട്ടില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പെൻഷൻ റദ്ദാക്കരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടാൻ അദ്ദേഹത്തിന്റെ പാർട്ടി തയ്യാറാകണമെന്ന് കെ സുധാകരൻ പറഞ്ഞു. ആരോരുമില്ലാത്ത പാവങ്ങളുടെ പെൻഷൻ പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാവങ്ങളെ ദ്രോഹിക്കാനായി ജനവിരുദ്ധ സമീപനം തുടർന്നാണ് സർക്കാർ ജനപക്ഷത്ത് പ്രതിപക്ഷമുണ്ടെന്ന് ഓർക്കണം. വിലക്കുകളും വിലങ്ങുതടികളും മറികടന്ന് നിങ്ങളെ കൊണ്ട് നിങ്ങളുടെ ജന വിരുദ്ധ നയങ്ങൾ പ്രതിപക്ഷം തിരുത്തിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമ്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കണ്ടെയ്‌മെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തുമെന്നും നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷൻ യജ്ഞം ദ്രുതഗതിയിൽ നടപ്പാക്കാൻ എല്ലാ ജില്ലകളിലും ഊർജ്ജിതമായ പ്രവർത്തനം നടത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലകൾക്ക് അനുവദിച്ചിരിക്കുന്ന വാക്‌സിൻ ഡോസുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. വലിപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകൾ 25,000 വാക്‌സിനേഷനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തും. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും. സർക്കാർ ഓഫീസുകളിൽ ഓണത്തോട് അനുബന്ധിച്ച് പൂക്കളം ഇടുന്നത് ഒഴികെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കണം. വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ആവശ്യമായ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ. കാണ്ഡഹാർ പൂർണമായും കീഴടക്കിയെന്നാണ് താലിബാന്റെ അവകാശവാദം. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയെന്ന് താലിബാൻ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാൻ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിൻവലിഞ്ഞതായി ഒരു പ്രദേശവാസിയും പറയുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പതിനൊന്നോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽ നിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്‌നിയും അഫ്ഗാൻ പിടിച്ചെടുത്തു.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ പിടിച്ചെടുക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് വിവരം.

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കാരക്കാമല മഠത്തിൽ തുടരാമെന്ന് കോടതി. മാനന്തവാടി മുൻസിഫ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നേരത്തെ മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ അന്തിമവിധി വരുന്നതു വരെ മഠത്തിൽ തുടരാമെന്നാണ് കോടതി നിർദ്ദേശം.

മഠത്തിൽ നിൽക്കുമ്പോൾ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവ
ർത്തിച്ചുവെന്ന് ആരോപിച്ച് സിസ്റ്റർ ലൂസിയോട് മഠം വിട്ട് പോകാൻ സഭ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സിസ്റ്റർ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. കാരയ്ക്കാമല മഠത്തിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ സിസ്റ്ററിന് പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു അന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കോൺവന്റിലെ താമസവുമായി ബന്ധപ്പെട്ട് മുൻസിഫ് കോടതിയിൽ നടക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാനും അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.