General (Page 1,451)

ന്യൂഡൽഹി: ട്വിറ്ററിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക് ചെയ്ത നടപടിക്കു പിന്നാലെയാണ് രാഹുൽ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണമാണ് ട്വിറ്ററിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതു രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല. 1920 മില്യൻ ആളുകളാണ് ട്വിറ്ററിൽ തന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു ട്വിറ്റർ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിഷ്പക്ഷമായ പ്ലാറ്റ്‌ഫോമാണ് ഇതെന്ന ആശയത്തെയാണ് ട്വിറ്റർ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്റർ നിലവിൽ നിഷ്പക്ഷമായ പ്ലാറ്റ്‌ഫോം അല്ല. സർക്കാർ പറയുന്നതെന്തോ അതാണ് ട്വിറ്റർ അനുസരിക്കുന്നത്. കേന്ദ്ര സർക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിർവചിക്കാൻ അവരെ അനുവദിക്കണോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പാർലമെന്റിൽ തങ്ങൾക്കു സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മാദ്ധ്യമങ്ങളെയും നിയന്ത്രിക്കുകയാണ്. ട്വിറ്ററിൽ നിലപാടറിയിക്കാൻ സാധിക്കുമെന്നാണു കരുതിയത്. എന്നാൽ അതും അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടിട്ടും ആഗോളതലത്തിൽ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് ജൈത്രയാത്ര തുടരുന്നു. 2020 ൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയിൽ ടിക് ടോക്കാണ് മുൻനിരയിലുള്ളത്. ടിക് ടോക്കിനെ പ്രതിരോധിക്കാൻ ഫേസ്ബുക്കും അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാഗ്രാമും കൈക്കൊണ്ട നടപടികളൊന്നും വിജയിച്ചില്ലെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.

അമേരിക്ക, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും പട്ടികയിൽ മുൻനിരയിലെത്താൻ ടിക് ടോക്കിന് കഴിഞ്ഞു. സാമ്പത്തികകാര്യ സ്ഥാപനമായ നിക്കി ഏഷ്യയുടെ സർവേയിലാണ് ടിക് ടോക്ക് ഒന്നാമതെത്തിയത്. 2020 ഡിസംബറിൽ 8.5 കോടി ആളുകളാണ് പുതിയതായി ടിക് ടോക്ക് ഡൗൺലോഡ് ചെയ്തത്. 5.4 കോടി പേരാണ് ഫേസ്ബുക്ക് ഡൗൺ ലോഡ് ചെയ്തത്. പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ആപ്പുകളെല്ലാം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. വരുമാനത്തിന്റെ കാര്യത്തിലും ടിക് ടോക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

2017 ലാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് ആപ്പിനെ രാജ്യാന്തരതലത്തിൽ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ടെക് മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ടിക് ടോക്കിന് കഴിഞ്ഞു.

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികൾക്കും മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നാലു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ആർ ബി ശ്രീകുമാർ, എസ് ജയപ്രകാശ് എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം ലഭിച്ചത്.

സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കോടതി കേസിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്ന നിലയിൽ പെരുമാറരുതെന്നും പ്രതികൾക്ക് നിർദ്ദേശം നൽകി. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു കോടതിയെ അറിയിച്ചിരുന്നത്. രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിൽ അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എഞ്ചിന്റെ വികസനം 20 വർഷത്തോളം തടസപ്പെട്ടതായി സിബിഐയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ദോഹ: താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല. ഖത്തറിൽ സമാധന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അഫ്ഗാൻ നയതന്ത്ര പ്രതിനിധി അബ്ദുള്ള അബ്ദുള്ള അറിയിച്ചു.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പത്തോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽനിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്നിയും അഫ്ഗാൻ പിടിച്ചെടുത്തു.

കാണ്ഡഹാറിലെ ജയിലും ബുധനാഴ്ച താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകൾ കീഴടക്കിയ താലിബാൻ തടവുകാരെ മോചിപ്പിച്ച ശേഷം അവരെ ഒപ്പം ചേർക്കുകയാണ് ചെയ്യുന്നത്. താലിബാനെ ഭയന്ന് വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇത്തരത്തിൽ കാബൂളിലേക്കെത്തുന്നവരുടെ കൂട്ടത്തിൽ താലിബാൻ പോരാളികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആശങ്ക.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. ചെറിയ പ്രദേശത്തേപ്പോലും മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന രീതിയിലാണ് സർക്കാർ സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. രോഗവ്യാപനമുണ്ടായാൽ പത്ത് അംഗങ്ങളിൽ കുടുതലുള്ള കുടുംബത്തേയും മൈക്രോ കണ്ടെൻമെന്റ് സോണായി കണക്കാക്കും. 100 പേരിൽ അഞ്ച് പേർക്ക് രോഗം വന്നാലും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കും. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്റ് നിയന്ത്രണം പ്രഖ്യാപിക്കുന്നത്. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവിൽ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നത്. എന്നാൽ ഇനി മുതൽ രോഗ വ്യാപനമുണ്ടെങ്കിൽ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാം. ഒറ്റ ദിവസം 100 മീറ്റർ പ്രദേശത്ത് അഞ്ച് പേർക്ക് രോഗവ്യാപനമുണ്ടായാൽ അവിടം മൈക്രോ കണ്ടെൻമെന്റ് സോണായി പ്രഖ്യാപിച്ച് നടപടികൾ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകൾ, ആളുകൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങൾ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏർപ്പെടുത്താമെന്ന് സർക്കാർ ഉത്തരവിൽ വിശദമാക്കുന്നു.

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ പരാജയം അന്വേഷിക്കുന്നതിനായി കമ്മിഷനെ നിയോഗിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ല കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കൺവീനറും ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ അടക്കം അന്വേഷണ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നേതൃത്വം ഇത് നിരാകരിക്കുകയായിരുന്നു.

ചടയമംഗലത്ത് സ്ഥാനാർത്ഥി നിർണയത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ. മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും യോഗത്തിൽ തീരുമാനിച്ചു. ചടയമംഗലത്തെ സ്ഥാനാർത്ഥി നിർണയത്തിനെതിരെ മുസ്തഫ വിമത കൺവെൻഷൻ അടക്കം വിളിച്ചു ചേർത്തിരുന്നു. അതേസമയം എ. മുസ്തഫയുടെ കാര്യത്തിൽ വിചിത്രമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്നായിരുന്നു പൊതുവെ ഉയർന്ന വിമർശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നൽകിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്‌നാകരൻ പറഞ്ഞു. കുറ്റവാളി തന്നെ ശിക്ഷ വിധിക്കുന്നതിന് തുല്യമാണിതെന്നും ആക്ഷേപമുണ്ട്. തനിക്കെതിരെയുള്ള അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും യോഗത്തിൽ മുസ്തഫ ആവശ്യപ്പെട്ടു. താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് മുസ്തഫ പറയുന്നത്.

pinarayi

തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കുമായി വാതിൽപ്പടി സേവനം ആവിഷ്‌ക്കരിച്ച് സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ആലോചനാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ആജീവനാന്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കൽ, സാമൂഹിക സുരക്ഷ പെൻഷൻ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചു നൽകൽ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ലഭ്യമാക്കുക. സേവനം ലഭ്യമാക്കേണ്ടവർക്ക് കമ്മിറ്റി അംഗങ്ങളെ ഫോൺ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. ഇതിനായി കമ്മിറ്റി അംഗങ്ങളുടെ ഫോൺ നമ്പരുകൾ അടങ്ങിയ കാർഡ് വിതരണം ചെയ്യുമെന്നും അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയർമാരും ആശാവർക്കർമാരുടെ സഹായത്തിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടം ആരംഭിച്ചതിന് ശേഷം പദ്ധതിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതായിരിക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ആശാ വർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശാവർക്കർമാർക്കാണ്. മികച്ച രീതിയിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തണം. ഇതിനായുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. എൻ എസ് എസ്, എൻ സി സി വോളണ്ടിയർമാരെ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാം.

പാലിയേറ്റീവ് കെയർ ആവശ്യമായവർക്ക് ഈ സേവനം ലഭ്യമാക്കാൻ ആവശ്യമായ കരുതലുകൾ ഉണ്ടാകണം. കോവിഡ് കാലത്ത് നടപ്പിലാക്കിയ രീതി ഇതിനായി തുടരാവുന്നതാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വാതിൽപ്പടി സേവന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും നിരന്തരം അവലോകനം ചെയ്യണം. ജില്ലാ കളക്ടരും ജില്ലാ ആസൂത്രണ സമിതിയും പദ്ധതിയുടെ നടത്തിപ്പിലും മോണിറ്ററിങിലും നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം വിശദമാക്കി.

കൊച്ചി: ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം തിരുവാർപ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

തിരുവാർപ്പ് പളളി ആറാഴ്ചയ്ക്കകം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ നിർദ്ദേശം. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്ക്കോടതിയുടെ ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോൾഡ് സ്റ്റോറേജിൽ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാത്തതിന് കാരണമായി പോലീസ് പറയുന്നത് ക്രമസമാധാന പ്രശ്നമാണ്. ഇത് കോടതി അംഗീകരിക്കാൻ പോയാൽ അത് നീതിന്യായ വ്യവസ്ഥയിലെ തന്നെ കറുത്തദിനമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

മലപ്പുറം: മുൻമന്ത്രി കെ. ടി. ജലീലീന് ഭീഷണി. ജലീലിനെ വാഹനാപകടത്തിൽപെടുത്തുമെന്നാണ് വാട്‌സാപ്പിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഹംസ എന്ന പേരിൽ ശബ്ദസന്ദേഷമായാണ് ഭീഷണിയെത്തിയത്. സംഭവത്തിൽ കെ ടി ജലീൽ പോലീസിൽ പരാതി നൽകി. മുസ്ലിം ലീഗിനെതിരെ സംസാരിക്കുമ്പോൾ ഇരിക്കുന്ന കൊമ്പാണ് ജലീൽ മുറിക്കുന്നതെന്ന് ഓർക്കണമെന്നും തറവാട് മാന്തുമെന്നും സന്ദേശത്തിൽ പറയുന്നു. നിന്റെയീ സിപിഐഎമ്മിന്റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ. അതൊക്കെ നീ കരുതിവെച്ചോ.

‘എടാ ജലീലെ നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓർക്കണം. നല്ലോണം ശ്രദ്ധിച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാൽ മതി. നല്ലോണം ഓർമ്മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓർമ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ’- എന്നാണ് ശബ്ദ സന്ദേശം. കോഴിക്കോട്, മലപ്പുറം ഭാഗത്തുള്ള സംസാരശൈലിയിലാണ് ശബ്ദ സന്ദേശം ലഭിച്ചത്.

പികെ കുഞ്ഞാലിക്കുട്ടിയെയും ചില ലീഗ് നേതാക്കളെയും വിമർശിച്ച് ജലീൽ രംഗത്തെത്തിയിരുന്നു. ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ജലീൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതെല്ലാം മുസ്ലീംലീഗിനുള്ളിൽ പോലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് പ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ അജ്ഞാതനിൽ നിന്നും ജലീലിന് ഭീഷണി ലഭിച്ചത്.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാനാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇപ്പോഴുള്ളത് കോവിഡ് രണ്ടാം തരംഗം തന്നെയാണെന്നും മൂന്നാം തരംഗത്തിന്റെ തുടക്കമായിട്ടില്ലെന്നാണ് വിദഗ്ധ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരും കോവിഡ് പരിശോധന നടത്തണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.

കോവിഡ് വൈറസിന്റെ പുതിയ ജനിതകമാറ്റം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള വൈറസിന്റെ വ്യാപനം കൂടുതലായി കണ്ടെത്തിയാൽ മാത്രമേ മൂന്നാം തരംഗമായി കണക്കാക്കാൻ സാധിക്കൂ.

മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. നിലവിൽ ഐസിയു, വെന്റിലേറ്റർ, ഓക്‌സിജൻ എന്നിവ ആവശ്യത്തിന് ലഭ്യമാണ്. ഈ ഘട്ടത്തിൽ ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം. തുടർ ചികിത്സ ഡോക്ടറുടെ നിർദേശം അനുസരിച്ച് സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.