കാബൂൾ: അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും പിടിച്ചെടുത്ത് താലിബാൻ. കാണ്ഡഹാർ പൂർണമായും കീഴടക്കിയെന്നാണ് താലിബാന്റെ അവകാശവാദം. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയെന്ന് താലിബാൻ വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. അഫ്ഗാൻ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിൻവലിഞ്ഞതായി ഒരു പ്രദേശവാസിയും പറയുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതോടെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ പല പ്രദേശങ്ങളും താലിബാൻ കീഴടക്കി കഴിഞ്ഞു. പതിനൊന്നോളം പ്രവിശ്യകൾ ഇതുവരെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞുവെന്നാണ് വിവരം. കാബൂളിൽ നിന്നും 150 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമായ ഗസ്‌നിയും അഫ്ഗാൻ പിടിച്ചെടുത്തു.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ പിടിച്ചെടുക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് അഫ്ഗാൻ സർക്കാർ ഇത്തരമൊരു നടപടിയ്ക്ക് തയ്യാറായതെന്നാണ് വിവരം. ഖത്തറിൽ നടന്ന ചർച്ചകളിലാണ് രാജ്യത്ത് സംഘർഷം അവസാനിപ്പിക്കാൻ താലിബാനുമായി അധികാരം പങ്കിടാൻ തയ്യാറാണെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചതെന്നാണ് വിവരം.

