General (Page 1,449)

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അതൃപ്തി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതൃത്വത്തിനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡിസിസി അദ്ധ്യക്ഷൻമാരുടെ സാധ്യതാ പട്ടികയുണ്ടാക്കിയതിൽ കൂടിയാലോചനകൾ നടത്തിയില്ലെന്നാണ് ഇരുവരും നേതൃത്വത്തോട് പരാതിപ്പെട്ടത്. ചർച്ചകളിൽ നിന്ന് മാറ്റിനിർത്തി അപമാനിച്ചെന്ന് ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച പരാതി മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ട്.

ഡിസിസി അദ്ധ്യക്ഷൻമാരുടെ ചുരുക്കപ്പെട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിന് ഡൽഹിയിൽ നടന്ന യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല. ഡൽഹിയിലും കേരളത്തിലും ഏതാനും ആഴ്ചകളായി നടന്ന ചർച്ചയുടെ ഒരു ഘട്ടത്തിൽപ്പോലും എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നാണ് ഉയരുന്ന ആരോപണം. ഡിസിസി അദ്ധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക നൽകുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താരിഖ് അൻവറിനെ പരാതി അറിയിച്ചു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി. ചർച്ചകൾക്കായി വിളിച്ച കെ. സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയും റിപ്പോർട്ടുകളുണ്ട്.

അതേസമയം പുനഃസംഘടനാ ചർച്ചകളെ വിമർശിച്ച പി.എസ് പ്രശാന്തിനെ കെപിസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. പി.എസ് പ്രശാന്ത് യുഡിഎഫിനും കോൺഗ്രസിനും എതിരായി നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്നും അദ്ദേഹം വിശദമാക്കി.

തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ആശംസകൾ അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിർത്തി എല്ലാവർക്കും കൂടുതൽ അന്തസ്സാർന്ന ജീവിതം ഉറപ്പാക്കാൻ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഗവർണർ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നാമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥപൂർണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാമെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനിൽക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാൽ സമ്പന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ. ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു.

സ്പീക്കർ എംബി രാജേഷും ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിനാശംകൾ നേർന്നു. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും മൗലികാവകാശങ്ങളിലും അടിയുറച്ച നമ്മുടെ ഭരണഘടനയെ നമുക്ക് കാത്തുസൂക്ഷിക്കാം. സ്വാതന്ത്ര്യ സമര പോരാളികൾ സ്വപ്നം കണ്ട മൂല്യാധിഷ്ഠിത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനും വിലമതിക്കാനാവാത്ത സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കൊല്ലത്തെ പോലീസ് മെഡലിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളുമാണ് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നേടിയത്.

എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി. ഐ.ജി ജി.സ്പർജൻ കുമാർ, എസ്.പിമാരായ ബി.കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകൻ.എ, (റിട്ട.), അരുൺ കുമാർ.എസ്, ഇൻസ്പെക്ടർ സജി കുമാർ.ബി, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ കിഴക്കേ വീട്ടിൽ ഗണേഷൻ, സബ് ഇൻസ്പെക്ടർ സിന്ധു പി.വി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ സദാശിവൻ, സതീശൻ. എം എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്.

നിലവിൽ ബിവറേജസ് കോർപ്പറേഷൻ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറാണ് യോഗേഷ് ഗുപ്ത. ഏഴുവർഷത്തോളം ഡൽഹിയിലും കൊൽക്കത്തയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എസ്.പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്ക്, ഇന്റലിജൻസ്, അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ ഐ.ജിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടിട്ടുണ്ട്. സപ്ലൈകോ, കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ സി.എം.ഡി ആയിരുന്നു. സി.ബി.ഐയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിയാണ് ജി.സ്പർജൻ കുമാർ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ട്രാഫിക്ക് സൗത്ത് സോൺ വിഭാഗം എസ്.പിയായ ബി.കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിൽ സേവനം അനുഷ്ഠിക്കുകയും പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിയുടെ അധികച്ചുമതല വഹിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി വിരമിച്ച ടോമി സെബാസ്റ്റ്യൻ ട്രാഫിക്ക് സൗത്ത് സോൺ എസ്.പി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2000 ൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിരുന്നു. കൊല്ലം ഡിവൈ.എസ്.പിയായി വിരമിച്ച അശോകൻ. എ വിജിലൻസ്, കൊട്ടാരക്കര, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2016 ലും 2021 ലും അദ്ദേഹം മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. പോലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പലാണ് ഡിവൈഎസ്പി അരുൺ കുമാർ. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വിജിലൻസ്, ക്രൈംബ്രാഞ്ച്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിരുന്നു.

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെല്ലിൽ ജോലി ചയ്യെുകയാണ് സജി കുമാർ ബി. 2012 ൽ മുഖ്യമന്ത്രിയുടെ പോലീസ് അദ്ദേഹത്തിന് മെഡൽ ലഭിച്ചിരുന്നു. കണ്ണൂർ ആസ്ഥാനമായുളള കേരളാ ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ആംഡ് പോലീസ് സബ് ഇൻസ്പെക്ടറാണ് ഗണേശൻ. 2017 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അദ്ദേഹം അർഹനായിട്ടുണ്ട്. തൃശ്ശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറാണ് സിന്ധു പി വി. 2017 ൽ സിന്ധു മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. വിജിലൻസ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റിൽ ജോലി ചെയ്യുകയാണ് സന്തോഷ് കുമാർ എസ്. 2009 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ സതീശൻ എം തൃശ്ശൂർ റൂറലിലെ കൊരട്ടി പെലീസ് സ്റ്റേഷനിൽ ആണ്. 2013 ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അദ്ദേഹം നേടിയിട്ടുണ്ട്.

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം നടത്തേണ്ടതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കോവിഡ് വൈറസ് വ്യാപനം സാമ്പത്തിക മേഖലയെ ബാധിച്ചു. എന്നാൽ ഈ പ്രതിസന്ധി താത്കാലികമെന്ന് അദ്ദേഹം പറഞ്ഞു. ഒളിമ്പിക് ജേതാക്കളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ കീർത്തി ഉയർത്തിയ നേട്ടമാണ് കായികതാരങ്ങൾ നേടിയതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

രാജ്യത്ത് 50 കോടി പേർക്ക് വാക്സിൻ നൽകാനായത് നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം അറിയിച്ചു.

ശ്രീനഗർ: ത്രിവർണ പതാകയുടെ നിറത്തിൽ തിളങ്ങി ജമ്മുകശ്മീരിലെ ബാഗ്ലിഹാർ അണക്കെട്ട്. ത്രിവർണ പതാകയുടെ നിറത്തിൽ പ്രകാശിച്ച് നിൽക്കുന്ന അണക്കെട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ജമ്മുകശ്മീരിലെ റംമ്പാൻ മേഖലയിൽ ചിനാബ് നദിക്ക് കുറുകെയുള്ള ജലവൈദ്യുത പദ്ധതിയാണ് ബാഗ്ലിഹാർ അണക്കെട്ട്.

ഇതാദ്യമായാണ് ബാഗ്ലിഹാർ അണക്കെട്ട് ത്രിവർണ്ണപ്പതാകയുടെ നിറത്തിൽ പ്രകാശിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ നിരവധി സ്ഥലങ്ങൾ ഇത്തവണ ത്രിവർണ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചിരുന്നു. ശ്രീനഗറിലെ ലാൽ ചൗക്ക് ക്ലോക്ക് ടവർ, ബാഹു കോട്ട, ജമ്മു റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ ത്രിവർണ്ണ നിറങ്ങളാൽ പ്രകാശിച്ചിരുന്നു. ഇവയുടെ ചിത്രങ്ങളെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

കശ്മീരിലെ ഊർജ്ജ വികസന കോർപ്പറേഷൻ 1992 ലാണ് ബാഗ്ലിഹാർ വൈദ്യുതി പ്ലാന്റ് വിഭാവനം ചെയ്യുന്നത്. 1996 ൽ പദ്ധതി അംഗീകരിക്കുകയും 1999 ൽ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായ പ്ലാന്റിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമാണ്. 100 കോടി ഡോളർ ചെലവിട്ടാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽ വന്നാൽ കേരളത്തിന് വലിയ തിരിച്ചടിയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒന്നുകിൽ കേരളം വൈദ്യുതി നിരക്ക് ഉയർത്തേണ്ടിവരുമെന്നും അല്ലെങ്കിൽ കനത്ത നഷ്ടം സഹിച്ച് കെഎസ്ഇബിയെ നിലനിർത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി പ്രസരണ മേഖല സ്വകാര്യ മേഖലക്ക് തുറന്ന് കൊടുത്താൽ, സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറുന്ന കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണെന്നും ഭരണ പ്രതിപക്ഷ ഭേദമെന്യെ കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

modi

ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1947 ൽ ഇന്ത്യയെ വിഭജിച്ചപ്പോൾ മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം ജീവൻ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാകില്ല. നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്മാരെ മാറ്റിപ്പാർപ്പിക്കുകയും മന:പൂർവ്വമല്ലാത്ത വിദ്വേഷവും അക്രമവും മൂലം അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമ്മയ്ക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സാമൂഹിക ഐക്യത്തിന്റെയും മാനുഷിക ശാക്തീകരണത്തിന്റെയും ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിഭജന ഭീകരത അനുസ്മരണ ദിനം ഓർമ്മിപ്പിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും അക്കൗണ്ടുകൾ പുന:സ്ഥാപിച്ച് ട്വിറ്റർ. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് താത്ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്ന അക്കൗണ്ടുകളാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ഒരാഴ്ചയോളം കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ട്വിറ്റർ താത്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ‘സത്യമേവജയതേ’ എന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് പിന്നാലെ കോൺഗ്രസ് ട്വീറ്റ് ചെയ്തു.

ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്റർ പറയുന്നത്. ട്വിറ്ററിന്റെ നടപടിക്കെതിരെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അക്കൗണ്ട് പൂട്ടിയതിലൂടെ ട്വിറ്റർ ഇന്ത്യയുടെ രാഷ്ട്രീയപ്രക്രിയയിലാണ് ഇടപെടുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. സർക്കാരിന് കടപ്പെട്ടവനാണ് എന്ന ഒറ്റക്കാരണത്താൽ നമ്മുടെ രാഷ്ട്രീയം നിശ്ചയിക്കാൻ കമ്പനികളെ അനുവദിക്കണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണമാണ് ട്വിറ്ററിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതു രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല. 1920 മില്യൻ ആളുകളാണ് ട്വിറ്ററിൽ തന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു ട്വിറ്റർ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നിഷ്പക്ഷമായ പ്ലാറ്റ്ഫോമാണ് ഇതെന്ന ആശയത്തെയാണ് ട്വിറ്റർ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 15 ഞായറാഴ്ച്ച ബെവ്‌കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം പരിഗണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഞായറാഴ്ച മദ്യവില്പന ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം കാണിച്ച് ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകൾക്കും വെയർഹൗസുകൾക്കും സർക്കാർ നിർദ്ദേശം നൽകി.

അതേസമയം ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബെവ്‌കോയുടെ പ്രവർത്തന സമയം വർധിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെയാണ് ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം.

ന്യൂഡൽഹി: ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെയല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഭജനം ദൗർഭാഗ്യകരം തന്നെയെന്നും ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറയുമ്പോഴും പഴയ മുറിവുകൾ ഓർമ്മപ്പെടുത്തുന്നത് സദുദ്ദേശത്തോടെയല്ല. ആ വേദന വീണ്ടും ഓർമ്മിപ്പിക്കുന്നത് വിദ്വേഷം പരത്തുമെന്ന് എ കെ ആന്റണി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്. 1947 ൽ ഇന്ത്യയെ വിഭജിച്ചപ്പോൾ മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം ജീവൻ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.