തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആർഎസ്എസ് പിന്തുണയുടെ ബലത്തിൽ സംസ്ഥാനത്ത് രണ്ടാമതും അധികാരത്തിൽ വന്ന പിണറായി വിജയൻ സമസ്ത വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്ത്തി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും സമാനതകളില്ലാത്ത കെടുകാര്യസ്ഥത ജനജീവിതം താറുമാറാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
ചിലവ് കുറയ്ക്കാനാണെങ്കിൽ സർക്കാർ ധൂർത്ത് ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഏകദേശം 30000 ഉപഭോക്താക്കൾ ഉള്ള അഗതികളുടെ പെൻഷൻ കൊള്ളയടിക്കുകയല്ല വേണ്ടത്. 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരോരുമില്ലാത്തവർക്ക് ഉറപ്പു വരുത്തിയ സാമൂഹിക സുരക്ഷാ പെൻഷനാണ് ഈ ജന വിരുദ്ധ സർക്കാർ നിർത്തലാക്കുന്നത്. യുഡിഎഫ് സർക്കാർ പെൻഷൻ കുടിശ്ശിക വരുത്തിയിരുന്നുവെന്ന് കള്ളക്കഥയുണ്ടാക്കി നാടുനീളെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയാനുള്ള വിവേകം മലയാളികൾക്കുണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരുടെ പ്രശ്നങ്ങൾ പിണറായി വിജയനെപ്പോലെ ക്രൂര മനസ്സുള്ള ഭരണാധികാരിയ്ക്ക് വിഷയമല്ലെന്ന് പല തവണ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഈ പാവങ്ങളുടെ ആകെയുള്ള വരുമാനത്തിൽ കൈയ്യിട്ട് വാരരുത് എന്ന് പറയാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്. സിപിഎമ്മിൽ മനുഷ്യരോട് ദയയും സഹാനുഭൂതിയും ഉള്ളവർ അവശേഷിക്കുന്നുണ്ടെങ്കിൽ കണ്ണടച്ചിട്ടാണെങ്കിലും പിണറായി വിജയന്റെ മുമ്പിൽ എണീറ്റ് നിന്ന് അദ്ദേഹത്തെ തിരുത്താനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. പിണറായി വിജയന്റെ അടിമക്കൂട്ടം ആയി സിപിഎം അധ:പതിച്ചിട്ടില്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനെങ്കിലും പെൻഷൻ റദ്ദാക്കരുതെന്ന് പിണറായി വിജയനോട് ആവശ്യപ്പെടാൻ അദ്ദേഹത്തിന്റെ പാർട്ടി തയ്യാറാകണമെന്ന് കെ സുധാകരൻ പറഞ്ഞു. ആരോരുമില്ലാത്ത പാവങ്ങളുടെ പെൻഷൻ പുന:സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാവങ്ങളെ ദ്രോഹിക്കാനായി ജനവിരുദ്ധ സമീപനം തുടർന്നാണ് സർക്കാർ ജനപക്ഷത്ത് പ്രതിപക്ഷമുണ്ടെന്ന് ഓർക്കണം. വിലക്കുകളും വിലങ്ങുതടികളും മറികടന്ന് നിങ്ങളെ കൊണ്ട് നിങ്ങളുടെ ജന വിരുദ്ധ നയങ്ങൾ പ്രതിപക്ഷം തിരുത്തിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

