General (Page 1,443)

കാബൂൾ: അഫ്ഗാനിസ്താനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തി താലിബാൻ വിരുദ്ധ നിലപാടുകാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്.

കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. അഫ്ഗാൻ പതാകയും കയ്യിലേന്തിയ ഇവർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ രൂക്ഷമാണെന്നും മരണസംഖ്യ ഇനിയു ഉയർന്നേക്കാമെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ത്യയ്ക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ വിലക്കി. റോഡ് മാർഗ്ഗമുള്ള വ്യാപാരത്തിനും താലിബാൻ വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും താലിബാൻ നിരോധിച്ചു.

covid

തൃശൂർ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് പുലി. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. തൃശൂരിലാണ് സംഭവം. അയന്തോൾ പുലിക്കളി സംഘത്തിലെ ജെയ്‌സണാണ് പുലിവേഷത്തിലെത്തി വാക്‌സിൻ സ്വീകരിച്ചത്. കേരളത്തിലെ ക്ഷേത്രങ്ങളും പൂരം, ഉത്സവം എന്നിവയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത നൂറ്റിയൻപതോളം പേർക്കായി സരോജ മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ കോവിഡ് വാക്‌സിൻ ക്യാംപിൽ എത്തിയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തത്.

കണ്ടു നിന്നവർക്കെല്ലാം ഒരു കൗതുക കാഴ്ച്ച തന്നെയായിരുന്നു അത്. പൂരപ്രേമി സംഘവും ടി.സി.കുഞ്ഞിയമ്മ ട്രസ്റ്റും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.

ട്രസ്റ്റിമാരായ അച്യുതൻ കുട്ടി, അഡ്വ.നാരായണൻകുട്ടി എന്നിവർ ചേർന്ന് ചടങ്ങിൽ ഭദ്രദീപം തെളിച്ചു. ആനക്കാർ, ആനപ്പുറക്കാർ, വാദ്യകലാകാരന്മാർ, ക്ഷേത്ര ജീവനക്കാർ, ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ, പന്തം പിടിക്കുന്നവർ, കൂത്ത്കൂടിയാട്ടം കലാകാരൻമാർ, പുലിക്കളിക്കാർ തുടങ്ങി നിരവധി പേർ ക്യാംപിലെത്തിയ വാക്‌സിൻ സ്വീകരിച്ചു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, കൺവീനർ വിനോദ് കണ്ടെംകാവിൽ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

കോഴിക്കോട്: ഇടതു സഹയാത്രികനായ ചെറിയാനെ ഫിലിപ് ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാൻ സാധ്യത. നിലവിലെ വൈസ് ചെയർപഴ്സൻ ശോഭന ജോർജ് മൂന്നു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ നടപടി.

കഴിഞ്ഞ സർക്കാരിൽ ചെറിയാൻ ഫിലിപ് വഹിച്ചിരുന്ന നവകേരള മിഷൻ കോ ഓർഡിനേറ്റർ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന സമിതി അംഗം ടി.എൻ.സീമ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2001 ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കു വന്ന ചെറിയാൻ ഫിലിപ്പിന് ഇതുവരെ പാർലമെന്ററി രംഗത്ത് അർഹിക്കുന്ന സ്ഥാനം കിട്ടിയിട്ടില്ലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ചെറിയാൻ ഫിലിപ്പിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ജയം ഉറപ്പില്ലാത്ത സീറ്റുകളിലായിരുന്നു അദ്ദേഹത്തെ പാർട്ടി മത്സരിപ്പിച്ചത്. 2006 ലെ എൽഡിഎഫ് ഭരണത്തിൽ കെടിഡിസി ചെയർമാനായിരുന്നു അദ്ദേഹം.

ശോഭന ജോർജ് മൂന്നു വർഷം ഖാദി ബോർഡ് വൈസ് ചെയർപേഴ്സനായി പ്രവർത്തിച്ചത് ഓണറേറിയം കൈപ്പറ്റാതെയാണ്. എംഎൽഎ പെൻഷൻ വാങ്ങുന്നതിനാലായിരുന്നു ശോഭനാ ജോർജ് ഓണറേറിയം കൈപ്പറ്റാതെ ഖാദി ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിച്ചത്.

കാബൂൾ: താലിബാൻ അഫ്ഗാന്റെ നിയന്ത്രണം കയ്യടക്കിയതിന് പിന്നാലെ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി രാജ്യത്ത് നിന്നും ജനങ്ങൾ പലായനം ചെയ്യുന്ന കാഴ്ച്ചയാണ് പുറത്തു വരുന്നത്. എങ്ങനെയെങ്കിലും രാജ്യത്ത് നിന്നും പുറത്തു കടക്കാനായി വിമാനത്താവങ്ങളിലേക്ക് കൂട്ടമായി എത്തുകയാണ് ജനങ്ങൾ. വിമാനങ്ങളിൽ തിങ്ങികൂടിയാണ് ജനങ്ങൾ രക്ഷപ്പെടുന്നത്. ജനങ്ങളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് തങ്ങിക്കൂടിയത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്നതിന്റേയും വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വാർത്തകളും പുറത്തു വന്നിരുന്നു.

കാബൂളിൽ നിന്നും രക്ഷപ്പെടാനായി അമേരിക്കൻ സൈനികരോട് അഭ്യർത്ഥിക്കുന്ന അഫ്ഗാനികളുടെ ദൃശങ്ങളും പുറത്തു വന്നിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിക്കുകയാണ് ഇവർ.

രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുവേലിക്ക് അപ്പുറത്തേക്ക് കുട്ടികളെ എറിഞ്ഞുകൊടുക്കുന്ന സ്ത്രീകളെ കാണുന്ന തങ്ങളുടെ സൈനികർ രാത്രിയിൽ എങ്ങനെ കരയാതിരിക്കുമെന്ന് മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ചോദിക്കുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭയാനകമായ കാഴ്ച്ചകളാണ് അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത്. സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പട്ടാളക്കാരോട് പിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുള്ളുകമ്പിക്ക് മുകളിൽ എറിയുകയായിരുന്നുവെന്നും ചിലർ മുള്ളുകമ്പിയിൽ കുടുങ്ങിയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ഗേറ്റിന് പുറത്ത് നിന്ന് സ്ത്രീകൾ സഹായത്തിനായി കരയുന്നതും സൈന്യത്തോട് അകത്തേക്ക് പ്രവേശിപ്പിക്കാൻ അപേക്ഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ‘ഞങ്ങളെ സഹായിക്കൂ, താലിബാൻ വരുന്നു’ എന്ന് സ്ത്രീകൾ നിലവിളിക്കുന്നത് വീഡിയോയിലുണ്ട്. വിമാനത്താവള ഗേറ്റിലേക്കുള്ള വരിയിൽ കാത്തുനിൽക്കവേ താലിബാൻ ഭീകരരിൽ ഒരാൾ തനിക്ക് നേരെ വെടിയുതിർത്തതായി ഓസ്ട്രിയൻ സൈന്യത്തിൽ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഒരാൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കായി ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചു വർഷത്തെ പുനരധിവാസ പദ്ധതി പ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്താൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: അഫ്ഗാനിൽ അമേരിക്ക നാണംകെട്ട തോൽവി ഏറ്റു വാങ്ങിയിരിക്കുന്നെന്ന് സിപിഎം-സിപിഐ സംയുക്ത പ്രസ്താവന. അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകർച്ച അമേരിക്കയുടെയും അവരുടെ നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിൽ സ്ഥാപിച്ച അഫ്ഗാൻ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നെന്നെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ അഫ്ഗാൻ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു. അതിനാൽ തന്നെ ഇന്ത്യ ഈ മേഖലയിൽ ഒറ്റപ്പെടുകയും നിലവിൽ വളരെ കുറച്ചു നയതന്ത്ര വഴികൾ മാത്രമുള്ള സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിരുന്നു. 1990 കളിലെ ആദ്യകാല താലിബാൻ സർക്കാർ അവരുടെ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിച്ചമർത്തപ്പെട്ട വംശീയ ന്യൂനപക്ഷങ്ങൾക്കും വിനാശകരമായ കാലത്തെയാണ് അടയാളപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെയും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്. അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമാകരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ആഗസ്ത് 16 ന് അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ടു ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ അടിയന്തിര യോഗം കൂട്ടായി പ്രകടിപ്പിക്കുകയുണ്ടായി.

അഫ്ഗാനിൽ സ്ഥിരതയുള്ള സർക്കാരും സാധാരണ ജനങ്ങൾക്ക് സുരക്ഷിതവും സമാധാന പൂർണവുമായ ജീവിതവും ഉറപ്പു വരുത്താൻ ഇന്ത്യ പ്രധാന പ്രാദേശിക ശക്തികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടിൽ സ്വീകരണം. രണ്ടാമതും മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിൽ എത്തിയ പിണറായി വിജയന് ജന്മനാട്ടിൽ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രിയും ഭാര്യ കമലയും മകൾ വീണയും പേരക്കുട്ടി ഇഷാൻ വിജയും മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസസും കണ്ണൂർ വിമാത്താവളത്തിലെത്തിയത്. കെ കെ ശൈലജ എംഎൽഎയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളം മുതൽ അദ്ദേഹത്തിന്റെ വീടു വരെ ഉജ്വല വരവേൽപ്പാണ് പാർട്ടി സംഘടിപ്പിച്ചത്.

പാതയോരങ്ങളിൽ പായസ വിതരണവും പുഷ്പ വൃഷ്ടിയും നടത്തിയായിരുന്നു വരവേൽപ്പ്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പിണറായി വിജയനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ.ശ്രീമതി അദ്ദേഹത്തിന് പൂച്ചെണ്ടു നൽകി. മുദ്രാവാക്യം വിളികളോടെയാണ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റത്.

ഭാര്യയ്ക്കു ചെറുമകനുമൊപ്പം മുഖ്യമന്ത്രി സഞ്ചരിച്ച കാറിന് നിരവധി പ്രവർത്തകർ വാഹനങ്ങളിൽ അകമ്പടി സേവിച്ചു. അഞ്ചരക്കണ്ടി, മമ്പറം വഴിയായിരുന്നു പിണറായി വിജയന്റെ യാത്ര. വഴിയോരങ്ങളിൽ കാത്തു നിന്ന പ്രവർത്തകർ അദ്ദേഹത്തെ പൂക്കളെറിഞ്ഞ് അഭിവാദ്യം അർപ്പിച്ചു. മുഹമ്മദ് റിയാസും ഭാര്യയും മറ്റൊരു കാറിലായിരുന്നു യാത്ര ചെയ്തത്.

പാണ്ട്യാല മുക്കിൽ സിപിഎം പിണറായി ലോക്കൽ കമ്മിറ്റി പായസ വിതരണം നടത്തി. മുഖ്യമന്ത്രി സ്വീകരണ കേന്ദ്രങ്ങളിൽ ഇറങ്ങുകയോ പ്രസംഗിക്കുകയോ ചെയ്തില്ല. കാറിലിരുന്നു കൈവീശി ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. പി.ജയരാജൻ, കെ.പി.മോഹനൻ, കെ.ശശിധരൻ, കെ.മനോഹരൻ എന്നിവർ മുഖ്യമന്ത്രിയെ വീടു വരെ അനുഗമിച്ചു.എൽഡിഎഫ് നേതാക്കളായ വി.ശിവദാസൻ എംപി, സി.എൻ.ചന്ദ്രൻ, പി.സന്തോഷ് കുമാർ, പി.പുരുഷോത്തമൻ, കെ.പി.സഹദേവൻ, പി.ടി.ജോസ്, ജോസ് ചെമ്പേരി, എ.ജെ.ജോസഫ്, ഇ.പി.ആർ.വേശാല, വി.രാജേഷ് പ്രേം, രാമചന്ദ്രൻ തില്ലങ്കേരി, പി.ബാലൻ,വി.കെ.സുരേഷ് ബാബു എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും എത്തിയിരുന്നു.

കനത്ത സുരക്ഷയോടെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. 10 പൊലീസ് വാഹനങ്ങളാണു മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാനും സുരക്ഷ ഒരുക്കാനുമായി ഉണ്ടായിരുന്നത്. ഇതിനു പുറമേ ആംബുലൻസ്, അഗ്‌നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ് എന്നിവയും ഉണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നത്.

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ താലിബാനെതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജലാലാബാദിലെ പഷ്തുനിസ്ഥാൻ സ്‌ക്വയറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. താലിബാൻ പതാക നീക്കി അഫ്ഗാന്റെ പതാ ഉയർത്താൻ ശ്രമിച്ചവർക്ക് നേരെയാണ് വെടിവെയ്പ്പ് നടന്നത്.

സർക്കാർ ഓഫീസുകളിൽ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരിൽ ചിലർ താലിബാൻ പതാക നീക്കം ചെയ്തുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. തോക്കുമായി ഭീകരർ എത്തിയതോടെ പ്രതിഷേധക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 115 കിലോമീറ്റർ അകലെയാണ് ജലാലാബാദ്. ജലാലാബാദിലെ മറ്റൊരു സ്ഥലത്തും താലിബാൻ പതാക നീക്കാൻ ശ്രമം നടന്നതായാണ് വിവരം. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പലസ്ഥലത്തും സ്ഥാപിച്ചിരുന്ന അഫ്ഗാൻ പതാക നീക്കം ചെയ്യുകയും പകരം താലിബാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികൾ.

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രണ്ടു ഘട്ടമായി രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 0091-11-49016783, 0091-11-49016784, 0091-11-49016785 എന്നീ നമ്പറുകളിലും 0091-8010611290 എന്ന വാട്‌സ്ആപ്പ് നമ്പറിലുമാണ് വിവരങ്ങൾ നൽകേണ്ടത്. SituationRoom@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ അറിയിക്കാം.

അഫ്ഗാൻ സ്വദേശികൾക്ക് ഇ-എമർജൻസി വിസ സൗകര്യവും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഇ-വിസ പോർട്ടലിനായി https://indianvisaonline.gov.in/evisa/Registration എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

കൊച്ചി: അവിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുഞ്ഞുങ്ങളുടെ ജനന – മരണ രജിസ്‌ട്രേഷന് പിതാവിന്റെ പേര് രേഖപ്പെടുത്തുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും വേണമെന്ന് നിർദ്ദേശം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

വിവാഹമോചനം നേടിയ ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംസ്ഥാന സർക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കും കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) പോലെയുള്ള അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജിയിലൂടെ (എ.ആർ.ടി) കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാൽ ജനന – മരണ രജിസ്‌ട്രേഷൻ ഫോമുകളിൽ പിതാവിന്റെ പേരു ചേർക്കണം എന്നു നിർബന്ധിക്കുന്നതു മൗലികാവകാശത്തിനു വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളിൽ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഉചിതമായ ഫോം തയ്യാറാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. ഈ ഫോമുകൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ രജിസ്‌ട്രേഷനെത്തുന്നവരോടു എ.ആർ.ടിയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖകളുടെ പകർപ്പും വാങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരി ഐ.വി.എഫ് മാർഗത്തിലൂടെയാണ് ഗർഭം ധരിച്ചത്. ഇത്തരം കേസുകളിൽ ആരാണ് ബീജം നൽകിയതെന്ന് ഗർഭം ധരിക്കുന്നവരോടു പോലും പറയാറില്ലെന്നും കോടതി നിരീക്ഷിച്ചു.

ജനന സർട്ടിഫിക്കറ്റ് അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നാണ് നിയമം. കൃത്രിമ ബീജ സങ്കലനത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന ഹർജിക്കാരിയുടെ കാര്യത്തിൽ ഈ കോളം ഒഴിച്ചിട്ട് അപേക്ഷയും സർട്ടിഫിക്കറ്റും നൽകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.

കറാച്ചി: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ താലിബാൻ നേതാവും കൊടും ഭീകരനുമായ മുല്ല മുഹമ്മദ് റസൂലിനെ ജയിൽ മോചിതനാക്കി പാകിസ്താൻ. അഞ്ചുവർഷമായി തടവിൽ കഴിയുകയായിരുന്ന മുല്ല മുഹമ്മദിനെയാണ് പാകിസ്താൻ ജയിലിൽ നിന്നും മോചിപ്പിച്ചത്. നടപടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. താലിബാനെ എല്ലാ തരത്തിലും സഹായിക്കുന്ന പാകിസ്ഥാൻ താലിബാൻ നൽകുന്ന പിന്തുണ പ്രകടിപ്പിക്കാനാണ് മുല്ല മുഹമ്മദിനെ ജയിൽ മോചിതനാക്കിയതെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്.

താലിബാനുമായി തെറ്റിപ്പിരിഞ്ഞ് പുതിയ തീവ്രവാദി വിഭാഗം രൂപീകരിച്ചതിന് പിന്നാലെയാണ് മുല്ല മുഹമ്മദിനെ പാകിസ്താൻ അറസ്റ്റു ചെയ്തത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ വച്ചായിരുന്നു അറസ്റ്റ്. താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മരണത്തെത്തുടർന്ന് മുല്ല അക്തർ മൻസൂറിനെ നേതാവായി തെരഞ്ഞെടുത്തതോടെയാണ് മുല്ല മുഹമ്മദ് താലിബാനുമായി തെറ്റിപ്പിരിഞ്ഞത്.

മുല്ല ഒമറിന്റെ മരണത്തെ തുടർന്ന് റസൂലും മൻസൂറും താലിബാന്റെ നേതൃത്വത്തെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. മുല്ല അക്തർ മൻസൂറിനെ നേതാവായി അംഗീകരിക്കാൻ മുല്ല മുഹമ്മദ് തയ്യാറായില്ല. തുടർന്ന് ഒരുവിഭാഗം പുതിയ സംഘടന രൂപീകരിച്ച് മുല്ല മുഹമ്മദിനെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ മുല്ല മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.