General (Page 1,442)

തിരുവനന്തപുരം: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കേസിൽ എ കെ ശശീന്ദ്രന് ക്ലീൻ ചിറ്റ്. സംഭവവുമായി ബന്ധപ്പെട്ട് ശശീന്ദ്രനെതിരെ കേസെടുക്കില്ല. പീഡന പരാതി നല്ല രീതിയിൽ തീർക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തിൽ തെറ്റില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു.

നല്ല രീതിയിൽ തീർക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെ അർത്ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമർശമോ സംഭാഷണത്തിൽ ഇല്ലെന്നും കേസ് പിൻവലിക്കണമെന്നോ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തിൽ വിശദമാക്കുന്നു. ഭീഷണി സ്വരവും ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പോലീസിന് നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.

എൻസിപി നേതാവിനെതിരായ പീഡന പരാതിയിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടതാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. ഇരയുടെ പിതാവിനെ മന്ത്രി ഫോണിൽ ബന്ധപ്പെടുകയും നല്ല രീതിയിൽ ഈ കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് ആരോപണം.

ന്യൂഡൽഹി: ഐസിസിന് വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയ കേസിൽ കണ്ണൂരിൽ നിന്നും അറസ്റ്റിലായ മലയാളി യുവതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസമാണ് കസ്റ്റഡി കാലാവധി. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവർക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരെയും ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.

യുവതികൾ ഐസിസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായാണ് ദേശീയ അന്വേഷണ ഏജൻസി അറിയിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ എൻ.ഐ.എ സംഘം വളരെ രഹസ്യമായാണ് ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മാസം 15 ന് കണ്ണൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മാർച്ച് മാസം ഷിഫാ ഹാരിസിനെയും മിഷ്ഹ സിദ്ദിഖിനെയും കൊച്ചിയിലെ ഓഫീസിലെത്തിച്ച് എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ എൻഐഎ ഇവരെ നിരീക്ഷിക്കുകയായിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ എൻഐഎ ഇരുവരെയും അറസ്റ്റ് ചെയ്തു.

കണ്ണൂർ: അന്തേവാസികൾക്ക് കോവിഡ് ബാധിച്ചതോടെ പ്രതിസന്ധിയിലായ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് ലക്ഷം രൂപ സഹായ സംഭാവനയാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം ഉടൻ കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം എ യൂസഫലി വ്യക്തമാക്കി.

ഉറ്റവർ ഇല്ലാത്തവരും തെരവിൽ അലയുന്നവരും മാനസിക വെല്ലുവിളി നേരിടുന്നവരും മറ്റ് രോഗികളുമാണ് കൃപാഭവനത്തിലെ അന്തേവാസികൾ. കൃപാലയത്തിലെ നൂറിലേറെ പേർക്ക് കോവിഡ് വൈറസ് ബാധിച്ചിരുന്നു. മാദ്ധ്യമങ്ങളാണ് കൃപാലയത്തിലെ ദുരവസ്ഥകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. 234 അന്തേവാസികളുള്ള കൃപാലയത്തിലെ ഒരാൾക്ക് ഈ മാസം നാലിനാണ് കോവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രണ്ടാഴ്ച്ചക്കിടെ കൃപാലയത്തിലെ കോവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേർ മരണപ്പെടുകയും ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകാനാകാത്ത സാഹചര്യമാണുള്ളത്. സുമനസുകൾ നൽകുന്ന സംഭാവനയും ഭക്ഷണ സാധനങ്ങളും കൊണ്ടാണ് കൃപാലയം പ്രവർത്തിക്കുന്നത്. അഗതി മന്ദിരത്തിലെ പലർക്കും കോവിഡ് പോസിറ്റീവായതോടെ സഹായം നൽകാനായി ആരും ഇവിടേക്കെത്താത്ത സാഹചര്യമായിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടിരുന്നു.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോസ്റ്റ് കോവിഡ് സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എ.പി.എല്ലും, ബി.പി.എല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എത്രയും വേഗം ഈ തീരുമാനം സർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. യുഎൻ രക്ഷാസമിതി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറാണ് ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ വിദേശകാര്യമന്ത്രി പാകിസ്താനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്നായിരുന്നു പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിമർശനം. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാസമിതി സംഘടിപ്പിച്ച ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാട്. ലഷ്‌കർ ഇ ത്വയ്ബയും ജയ്‌ഷെ മുഹമ്മദും അടക്കമുള്ള സംഘടനകൾ ഇന്ത്യയിലും അഫ്ഗാനിസ്താനിലും ഭീഷണിയുയർത്തുന്നു. ഐഎസിന്റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്‌കോയിനായും ഇപ്പോൾ ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകുന്നുണ്ട്. യുവാക്കളെ ഓൺലൈൻ വഴി ഭീകര സംഘടനകൾ സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നും 44 പുതിയ വിമാനങ്ങൾ സർവീസുകൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സർവീസുകൾ ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വ്യോമയാന മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻപന്തിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം വിശദമാക്കി. തന്നിൽ വിശ്വാസം അർപ്പിച്ച പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മധ്യപ്രദേശിൽ പുതുതായി ആരംഭിച്ച 44 പുതിയ വിമാനങ്ങളിൽ 8 എണ്ണം ഉഡാൻ പദ്ധതിയുടെ കീഴിൽ ചെറിയ വിമാനത്താവളങ്ങളിൽ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് നടത്തുന്നതാണ്. ബുധനാഴ്ച ജബൽപുരിൽ നിന്നും മുംബൈ, പുണെ, സൂറത്ത്, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് വിമാനം സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചയോടെ ജബൽപുരിൽ നിന്നും ഡൽഹിയിലേക്കും ഇൻഡോറിലേക്കും സർവീസ് ആരംഭിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.

കാബൂൾ: താലിബാനും ചൈനയും തമ്മിലുള്ള ബന്ധം തുറന്നു സമ്മതിച്ച് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ. ഭാവിയിൽ അഫ്ഗാനിസ്താന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന് സുഹൈൽ ഷഹീൻ വ്യക്തമാക്കി. ചൈനയിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുഹൈൽ ഷഹീന്റെ പ്രസ്താവന.

അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതം ചെയ്ത രാജ്യം ചൈനയാണ്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കുക എന്നത് ചൈനയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന പരസ്യമായി വ്യക്തമാക്കിയിരുന്നു. ചെനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും അറിയിച്ചിരുന്നു.

ചൈന താലിബാനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാൻ. അഷ്‌റഫ് ഗനിയുടെ സർക്കാർ അഫ്ഗാനിൽ അധികാരത്തിലിരിക്കുന്ന കാലം വരെ തങ്ങളുടെ താത്പര്യങ്ങൾ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈന മനസിലാക്കിയിരുന്നു. ഇക്കാരണത്താലാണ് ചൈന താലിബാന് പിന്തുണ നൽകുന്നത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ് മറ്റൊരു പദ്ധതി. പാകിസ്താനിൽ നിക്ഷേപങ്ങൾ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ചൈന പദ്ധതിയിടുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് താലിബാന് ചൈന പിന്തുണ നൽകുന്നത്.

ലക്നൗ: താലിബാനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി നേതാവ്. സമാജ്‌വാദി പാർട്ടി എം.പി ഷഫിഖുർ റഹ്മാൻ ബറാക്കാണ് താലിബാനെ ന്യായീകരിച്ച് പരാമർശം നടത്തിയത്. ഇയാൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ബി.ജെ.പി നേതാവായ രാജേഷ് സിംഗാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാൻ പോരാട്ടത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായാണ് ഷഫിഖുർ റഹ്മാൻ ബറാക്ക് താരതമ്യപ്പെട്ടുത്തിയത്. താലിബാന്റെ വിജയം ആഘോഷിക്കാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താലിബാൻ ഭീകരസംഘടനയാണെന്നും അതിനാലാണ് എം.പിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും പോലീസ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ സ്വയംഭരണം ഏർപ്പെടുത്താനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യ സ്വാതന്ത്ര്യത്തിനായി പോരാടിയതു പോലെയാണ് താലിബാൻ അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതെന്നും ഷഫിഖുർ റഹ്മാൻ പറഞ്ഞിരുന്നു. താലിബാനെ പിന്തുണച്ച് കമന്റുകൾ പോസ്റ്റ് ചെയ്ത ഫൈസാൻ ചൗധരി, മുഹമ്മദ് മുഖീം തുടങ്ങിയവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: ഓണ ദിവസങ്ങളിലെ വാക്സിനേഷൻ ക്രമീകരിക്കണമെന്ന് കെജിഎംഒഎ. ആരോഗ്യ പ്രവർത്തകരുടെ മാനസികോന്മേഷവും വിശ്രമവും ഉറപ്പുവരുത്തുന്ന രീതിയിൽ വാക്‌സിനേഷൻ ക്രമീകരിക്കണമെന്നാണ് കെജിഎംഒഎ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ വിശ്രമം അനിവാര്യമാണെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.

തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെയ്ക്കുന്നുണ്ട്. കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത്. അതിനാൽ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവയ്പുകൾ എന്നിവയ്ക്ക് തടസം നേരിടാതെ വാക്‌സിനേഷൻ നടപടിക്രമങ്ങൾക്കായി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

എത്രയും വേഗം ഇത്തരം സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കണം. പൊതു ജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്നും കെജിഎംഒഎ വിശദമാക്കി.

ന്യുഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ 87,000 ലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 46% പേരും കേരളത്തിലാണ്.

കേരളത്തിൽ വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവരിൽ 80,000 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസും സ്വീകരിച്ചവരിൽ 40,000 ഓളം പേർക്ക് കോവിഡ് പോസിറ്റീവായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയർന്നുവരുന്നത് ആശങ്കാജനകമാണെന്നും മന്ത്രാലയം ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവരിലെ സാംപിളുകൾ പരിശോധിച്ചതിൽ 200 ഓളം എണ്ണത്തിൽ ജനിതക ഘടന അനുവർത്തിച്ചുള്ള രോഗവ്യാപനം കണ്ടെത്തി. എന്നാൽ ജനിതക വകഭേദമോ പരിവർത്തനമോ സംഭവിച്ച രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിവർത്തനം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ രോഗബാധയുടെ പുതിയ തരംഗത്തിന്റെ തുടക്കമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഡെൽറ്റ വകഭേദമുള്ള രണ്ടാം തരംഗം കുറഞ്ഞുവരികയാണെങ്കിലും മറ്റൊരു വകഭേദം കടന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.