മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ്; പാതയോരങ്ങളിൽ പായസ വിതരണവും പുഷ്പവൃഷ്ടിയും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ജന്മനാട്ടിൽ സ്വീകരണം. രണ്ടാമതും മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിൽ എത്തിയ പിണറായി വിജയന് ജന്മനാട്ടിൽ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തിരുവനന്തപുരത്തു നിന്നും മുഖ്യമന്ത്രിയും ഭാര്യ കമലയും മകൾ വീണയും പേരക്കുട്ടി ഇഷാൻ വിജയും മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസസും കണ്ണൂർ വിമാത്താവളത്തിലെത്തിയത്. കെ കെ ശൈലജ എംഎൽഎയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളം മുതൽ അദ്ദേഹത്തിന്റെ വീടു വരെ ഉജ്വല വരവേൽപ്പാണ് പാർട്ടി സംഘടിപ്പിച്ചത്.

പാതയോരങ്ങളിൽ പായസ വിതരണവും പുഷ്പ വൃഷ്ടിയും നടത്തിയായിരുന്നു വരവേൽപ്പ്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പിണറായി വിജയനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ.ശ്രീമതി അദ്ദേഹത്തിന് പൂച്ചെണ്ടു നൽകി. മുദ്രാവാക്യം വിളികളോടെയാണ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റത്.

ഭാര്യയ്ക്കു ചെറുമകനുമൊപ്പം മുഖ്യമന്ത്രി സഞ്ചരിച്ച കാറിന് നിരവധി പ്രവർത്തകർ വാഹനങ്ങളിൽ അകമ്പടി സേവിച്ചു. അഞ്ചരക്കണ്ടി, മമ്പറം വഴിയായിരുന്നു പിണറായി വിജയന്റെ യാത്ര. വഴിയോരങ്ങളിൽ കാത്തു നിന്ന പ്രവർത്തകർ അദ്ദേഹത്തെ പൂക്കളെറിഞ്ഞ് അഭിവാദ്യം അർപ്പിച്ചു. മുഹമ്മദ് റിയാസും ഭാര്യയും മറ്റൊരു കാറിലായിരുന്നു യാത്ര ചെയ്തത്.

പാണ്ട്യാല മുക്കിൽ സിപിഎം പിണറായി ലോക്കൽ കമ്മിറ്റി പായസ വിതരണം നടത്തി. മുഖ്യമന്ത്രി സ്വീകരണ കേന്ദ്രങ്ങളിൽ ഇറങ്ങുകയോ പ്രസംഗിക്കുകയോ ചെയ്തില്ല. കാറിലിരുന്നു കൈവീശി ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു. പി.ജയരാജൻ, കെ.പി.മോഹനൻ, കെ.ശശിധരൻ, കെ.മനോഹരൻ എന്നിവർ മുഖ്യമന്ത്രിയെ വീടു വരെ അനുഗമിച്ചു.എൽഡിഎഫ് നേതാക്കളായ വി.ശിവദാസൻ എംപി, സി.എൻ.ചന്ദ്രൻ, പി.സന്തോഷ് കുമാർ, പി.പുരുഷോത്തമൻ, കെ.പി.സഹദേവൻ, പി.ടി.ജോസ്, ജോസ് ചെമ്പേരി, എ.ജെ.ജോസഫ്, ഇ.പി.ആർ.വേശാല, വി.രാജേഷ് പ്രേം, രാമചന്ദ്രൻ തില്ലങ്കേരി, പി.ബാലൻ,വി.കെ.സുരേഷ് ബാബു എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലും എത്തിയിരുന്നു.

കനത്ത സുരക്ഷയോടെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. 10 പൊലീസ് വാഹനങ്ങളാണു മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാനും സുരക്ഷ ഒരുക്കാനുമായി ഉണ്ടായിരുന്നത്. ഇതിനു പുറമേ ആംബുലൻസ്, അഗ്‌നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ് എന്നിവയും ഉണ്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നത്.