കൊച്ചി: അവിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുഞ്ഞുങ്ങളുടെ ജനന – മരണ രജിസ്ട്രേഷന് പിതാവിന്റെ പേര് രേഖപ്പെടുത്തുന്ന കോളമില്ലാത്ത അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും വേണമെന്ന് നിർദ്ദേശം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
വിവാഹമോചനം നേടിയ ശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംസ്ഥാന സർക്കാരിനും പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കും കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) പോലെയുള്ള അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജിയിലൂടെ (എ.ആർ.ടി) കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള സ്ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുള്ളതിനാൽ ജനന – മരണ രജിസ്‌ട്രേഷൻ ഫോമുകളിൽ പിതാവിന്റെ പേരു ചേർക്കണം എന്നു നിർബന്ധിക്കുന്നതു മൗലികാവകാശത്തിനു വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കേസുകളിൽ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഉചിതമായ ഫോം തയ്യാറാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. ഈ ഫോമുകൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ രജിസ്‌ട്രേഷനെത്തുന്നവരോടു എ.ആർ.ടിയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയതെന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖകളുടെ പകർപ്പും വാങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരി ഐ.വി.എഫ് മാർഗത്തിലൂടെയാണ് ഗർഭം ധരിച്ചത്. ഇത്തരം കേസുകളിൽ ആരാണ് ബീജം നൽകിയതെന്ന് ഗർഭം ധരിക്കുന്നവരോടു പോലും പറയാറില്ലെന്നും കോടതി നിരീക്ഷിച്ചു.
ജനന സർട്ടിഫിക്കറ്റ് അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തണമെന്നാണ് നിയമം. കൃത്രിമ ബീജ സങ്കലനത്തിലൂടെ അമ്മയാകാൻ ഒരുങ്ങുന്ന ഹർജിക്കാരിയുടെ കാര്യത്തിൽ ഈ കോളം ഒഴിച്ചിട്ട് അപേക്ഷയും സർട്ടിഫിക്കറ്റും നൽകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.

