കാബൂൾ: അഫ്ഗാനിസ്താനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തി താലിബാൻ വിരുദ്ധ നിലപാടുകാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. അഫ്ഗാൻ പതാകയും കയ്യിലേന്തിയ ഇവർക്ക് നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ രൂക്ഷമാണെന്നും മരണസംഖ്യ ഇനിയു ഉയർന്നേക്കാമെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഇന്ത്യയ്ക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ വിലക്കി. റോഡ് മാർഗ്ഗമുള്ള വ്യാപാരത്തിനും താലിബാൻ വിലക്കേർപ്പെടുത്തി. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും താലിബാൻ നിരോധിച്ചു.

