ന്യൂഡൽഹി: അഫ്ഗാനിൽ അമേരിക്ക നാണംകെട്ട തോൽവി ഏറ്റു വാങ്ങിയിരിക്കുന്നെന്ന് സിപിഎം-സിപിഐ സംയുക്ത പ്രസ്താവന. അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാരിന്റെയും ദേശീയ സൈന്യത്തിന്റെയും തകർച്ച അമേരിക്കയുടെയും അവരുടെ നാറ്റോ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിൽ സ്ഥാപിച്ച അഫ്ഗാൻ ഭരണകൂടത്തിന്റെ സ്വഭാവത്തിന്റെ പൊള്ളത്തരം തുറന്നു കാണിച്ചിരിക്കുന്നെന്നെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഇന്ത്യൻ സർക്കാരിന്റെ അഫ്ഗാൻ നയം അന്ധമായി അമേരിക്കയെ പിന്തുടരുക എന്നതായിരുന്നു. അതിനാൽ തന്നെ ഇന്ത്യ ഈ മേഖലയിൽ ഒറ്റപ്പെടുകയും നിലവിൽ വളരെ കുറച്ചു നയതന്ത്ര വഴികൾ മാത്രമുള്ള സ്ഥിതിയിലേക്ക് എത്തുകയും ചെയ്തിരുന്നു. 1990 കളിലെ ആദ്യകാല താലിബാൻ സർക്കാർ അവരുടെ തീവ്ര മൗലികവാദ സമീപനം കൊണ്ട് സ്ത്രീകൾക്കും പെൺകുട്ടികൾക്കും അടിച്ചമർത്തപ്പെട്ട വംശീയ ന്യൂനപക്ഷങ്ങൾക്കും വിനാശകരമായ കാലത്തെയാണ് അടയാളപ്പെടുത്തിയതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനം സ്ത്രീകളുടെയും മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അധികാരങ്ങളും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്. അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുടെ അഭയകേന്ദ്രമാകരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക ആഗസ്ത് 16 ന് അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ടു ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ അടിയന്തിര യോഗം കൂട്ടായി പ്രകടിപ്പിക്കുകയുണ്ടായി.
അഫ്ഗാനിൽ സ്ഥിരതയുള്ള സർക്കാരും സാധാരണ ജനങ്ങൾക്ക് സുരക്ഷിതവും സമാധാന പൂർണവുമായ ജീവിതവും ഉറപ്പു വരുത്താൻ ഇന്ത്യ പ്രധാന പ്രാദേശിക ശക്തികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

