ജലാലാബാദിൽ പ്രതിഷേധം നടത്തിയവർക്ക് നേരെ വെടിവെയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ താലിബാനെതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ജലാലാബാദിലെ പഷ്തുനിസ്ഥാൻ സ്‌ക്വയറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. താലിബാൻ പതാക നീക്കി അഫ്ഗാന്റെ പതാ ഉയർത്താൻ ശ്രമിച്ചവർക്ക് നേരെയാണ് വെടിവെയ്പ്പ് നടന്നത്.

സർക്കാർ ഓഫീസുകളിൽ അഫ്ഗാന്റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. പ്രതിഷേധക്കാരിൽ ചിലർ താലിബാൻ പതാക നീക്കം ചെയ്തുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. തോക്കുമായി ഭീകരർ എത്തിയതോടെ പ്രതിഷേധക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 115 കിലോമീറ്റർ അകലെയാണ് ജലാലാബാദ്. ജലാലാബാദിലെ മറ്റൊരു സ്ഥലത്തും താലിബാൻ പതാക നീക്കാൻ ശ്രമം നടന്നതായാണ് വിവരം. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ പലസ്ഥലത്തും സ്ഥാപിച്ചിരുന്ന അഫ്ഗാൻ പതാക നീക്കം ചെയ്യുകയും പകരം താലിബാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു.