ചെറിയാനെ ഫിലിപ് ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാൻ സാധ്യത

കോഴിക്കോട്: ഇടതു സഹയാത്രികനായ ചെറിയാനെ ഫിലിപ് ഖാദി ബോർഡ് വൈസ് ചെയർമാനായി നിയമിക്കാൻ സാധ്യത. നിലവിലെ വൈസ് ചെയർപഴ്സൻ ശോഭന ജോർജ് മൂന്നു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ നടപടി.

കഴിഞ്ഞ സർക്കാരിൽ ചെറിയാൻ ഫിലിപ് വഹിച്ചിരുന്ന നവകേരള മിഷൻ കോ ഓർഡിനേറ്റർ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന സമിതി അംഗം ടി.എൻ.സീമ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2001 ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കു വന്ന ചെറിയാൻ ഫിലിപ്പിന് ഇതുവരെ പാർലമെന്ററി രംഗത്ത് അർഹിക്കുന്ന സ്ഥാനം കിട്ടിയിട്ടില്ലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ചെറിയാൻ ഫിലിപ്പിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ജയം ഉറപ്പില്ലാത്ത സീറ്റുകളിലായിരുന്നു അദ്ദേഹത്തെ പാർട്ടി മത്സരിപ്പിച്ചത്. 2006 ലെ എൽഡിഎഫ് ഭരണത്തിൽ കെടിഡിസി ചെയർമാനായിരുന്നു അദ്ദേഹം.

ശോഭന ജോർജ് മൂന്നു വർഷം ഖാദി ബോർഡ് വൈസ് ചെയർപേഴ്സനായി പ്രവർത്തിച്ചത് ഓണറേറിയം കൈപ്പറ്റാതെയാണ്. എംഎൽഎ പെൻഷൻ വാങ്ങുന്നതിനാലായിരുന്നു ശോഭനാ ജോർജ് ഓണറേറിയം കൈപ്പറ്റാതെ ഖാദി ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിച്ചത്.