General (Page 1,437)

തിരുവനന്തപുരം: കെട്ടിട നിർമ്മാണം ആരംഭിച്ച ശേഷം ചട്ടലംഘനമുണ്ടായാൽ വലിയ നൂലാമാലകളിലേക്ക് നീങ്ങാതെ പ്രശ്നം പരിഹരിക്കാനുള്ള അവസരമൊരുങ്ങുന്നു. കെട്ടിട നിർമ്മാണം തുടങ്ങിയതിന് ശേഷം ചട്ടലംഘനമുണ്ടായാൽ പണി നിർത്തി വെയ്പ്പിച്ച് ലംഘനം ഒഴിവാക്കി പുതുക്കിയ സ്വയം സാക്ഷ്യപത്ര പ്രകാരം പെർമിറ്റ് നൽകി നിർമ്മാണം പുനരാരംഭിക്കണമെന്ന് വ്യക്തമാക്കുന്ന സർക്കുലർ തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. ഉത്തരവ് പാലിക്കപ്പെട്ടില്ലെങ്കിൽ തദ്ദേശ സെക്രട്ടറി പെർമിറ്റ് റദ്ദാക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യും. ചെറുകിട കെട്ടിടങ്ങൾ പണിയുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നടപടിയാണിത്.

സ്വയം സാക്ഷ്യപത്രം ഉപയോഗിച്ച് കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുന്ന ചട്ടങ്ങളെക്കുറിച്ച് ജൂൺ 28 ന് ഇറക്കിയ ഉത്തരവിൽ വ്യക്തത വരുത്തിയാണ് തദ്ദേശ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കിയത്. സ്വയം സാക്ഷ്യപത്രം ഉപയോഗിക്കാവുന്നത് മതസംഘടന കെട്ടിടങ്ങൾ ഉൾപ്പെടെ 7 വിഭാഗങ്ങൾക്കു മാത്രമാണെന്നാണ് സർക്കുലറിൽ വിശദമാക്കുന്നത്. ലോ റിസ്‌ക് ഗണത്തിൽപ്പെടുന്നവർക്കാണ് സ്വയം സാക്ഷ്യപ്പെടുത്താനുള്ള അവസരം ലഭിക്കുക. 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും 7 മീറ്ററിൽ കൂടാതെ ഉയരമുള്ളതും ഇരുനിലയിൽ പരിമിതപ്പെടുത്തിയിട്ടുള്ളതുമായ ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധ സദനങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ളതും ഹാനികരമല്ലാത്തതുമായ വ്യാവസായിക കെട്ടിടങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അനുമതി ലഭ്യമാകുന്നത്.

ലോ റിസ്‌ക് ഗണത്തിൽപ്പെട്ട കെട്ടിട നിർമ്മാണത്തിനായി എംപാനൽഡ് ലൈസൻസികളാണ് നിശ്ചിത ഫീസ് അടച്ച് തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാനുകൾ ഉൾപ്പെടെ നൽകേണ്ടത്. അപേക്ഷയ്ക്ക് തദ്ദേശ സെക്രട്ടറി അനുവാദം നൽകുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കും. ഇതിനു ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ പെർമിറ്റിൽ, അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം ആരംഭിക്കാമെന്നും ഉത്തരവിൽ പറയുന്നു.

സ്വയം സാക്ഷ്യപ്പെടുത്തിയ പെർമിറ്റ് പ്രകാരമുള്ള പ്ലാനിൽ ചട്ടലംഘനം കണ്ടെത്തിയാൽ ഉടമസ്ഥൻ തിരുത്തി നൽകണമെന്നും തിരുത്തിയ പ്ലാനിന് റിവൈസ്ഡ് സെൽഫ് സർട്ടിഫൈഡ് ബിൽഡിങ് പെർമിറ്റ് വാങ്ങണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ ചട്ട പ്രകാരം ഏതെങ്കിലും വകുപ്പുകളുടെ/ഏജൻസികളുടെ എതിർപ്പില്ലാ രേഖ ആവശ്യമുണ്ടെങ്കിൽ അതു സ്വയം സാക്ഷ്യപ്പെടുത്തിയുള്ള അനുമതിക്കുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്ലിന്ത് ലെവൽ വരെ നിർമ്മാണം പൂർത്തിയാകുമ്പോൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് തദ്ദേശ സെക്രട്ടറിക്ക് നിർബന്ധമായും നൽകണം. ഭൂമി ഖനനത്തിന് സെക്രട്ടറിയുടെ അനുമതി ആവശ്യമായ നിർമ്മാണം സ്വയം സാക്ഷ്യപത്ര പരിധിയിൽപ്പെടില്ല. എംപാനൽഡ് ലൈസൻസ് രജിസ്‌ട്രേഷനും എംപാനൽഡ് ലൈസൻസിയ്ക്കും നാലു വർഷമാണ് കാലാവധി. ലോ റിസ്‌ക് കെട്ടിടത്തിന് സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമ്മാണ അനുമതിയില്ലാതെ സാധാരണ രീതിയിൽ അപേക്ഷ നൽകാമെന്നും പെർമിറ്റ് ലഭിച്ച ശേഷം കെട്ടിട നിർമ്മാണം രേഖപ്പെടുത്താൻ രേഖപ്പെടുത്തിയ തീയതിയിലോ അതിന് ശേഷമോ മാത്രമെ നിർമ്മാണം ആരംഭിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തു. അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് 70 വർഷം ഒന്നും നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞത്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് റെയിൽ, റോഡ് വൈദ്യുതി മേഖലകളിലെ സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചത്.

നാല് വർഷം കൊണ്ട് സർക്കാർ ആസ്തികളിൽ നിന്ന് വരുമാനം സമാഹരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിക്കുമെന്നും നിർമ്മലാ സീതാരാമൻ വിശദമാക്കിയിരുന്നു.

കോഴിക്കോട്: സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിലുള്ള സർക്കാർ നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഫ്റ്റ് വെയർ അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന. കോഴിക്കോട്ട് കെഎസ്‌ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

നോക്കുകൂലി ക്രിമിനൽ കുറ്റമാണെന്നും അത് വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണിമുടക്കു മൂലം വ്യവസായ വളർച്ച തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ റെയിൽവെയ്ക്ക് ഉണ്ടായത് വലിയ സാമ്പത്തിക നഷ്ടം. 36000 കോടി രൂപയുടെ ബാധ്യതയാണ് റെയിൽവേയ്ക്ക് ഉണ്ടായത്. കേന്ദ്രമന്ത്രി റാവുസാഹേബ് ധൻവേയാണ് ഇക്കാര്യം അറിയിച്ചത്. ചരക്ക് തീവണ്ടികളാണ് ഈ സമയത്ത് റെയിൽവെയെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിക്കാലത്ത് റെയിൽവിയെ പിടിച്ച് നിർത്തുന്നതിൽ ചരക്ക് തീവണ്ടികൾ പ്രധാന പങ്ക് വഹിച്ചു. സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിലും ജനത്തിന് ആശ്വാസമാകുന്നതിനും ചരക്ക് തീവണ്ടികൾ സഹായിച്ചു. ചരക്ക് തീവണ്ടികൾ മാത്രമാണ് വരുമാനമുണ്ടാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ജൽന റെയിൽവെ സ്റ്റേഷനിലെ അണ്ടർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുംബൈ – നാഗ്പൂർ എക്‌സ്പ്രസ് വേയിൽ ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുംബൈ – നാഗ്പൂർ എക്‌സ്പ്രസ് വേയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്. പാസഞ്ചർ ട്രെയിൻ സർവീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ ടിക്കറ്റ് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിക്കുമെന്നായതിനാൽ അത് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനുള്ള നടപടികൾ ആരംഭിച്ച് സുരേഷ് ഗോപി എംപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റാനൊരുങ്ങുന്നത്. കോർപറേഷന്റെ അനുമതി ലഭിച്ചാൽ ശക്തൻ മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുന്ന വികസന പദ്ധതിയാണ് സുരേഷ് ഗോപി നടപ്പിലാക്കുന്നത്.

മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ഏറ്റവും വൃത്തിയോടെയുള്ള വ്യാപാര സമുച്ചയം ഉയർത്തിയെടുക്കുക എന്നതാണ് എം പി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശ്ശൂർ കോർപറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. ഒരു കോടി രൂപയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി അദ്ദേഹം അനുവദിക്കുക. ബിജെപി നേതാക്കളെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.

തൃശ്ശുരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി എടുത്ത് ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. തോറ്റാൽ എംപി ഫണ്ടിൽ നിന്നും അതുമല്ലെങ്കിൽ വീട്ടിൽ നിന്നും ഒരു കോടി കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നൽകിയ വാക്ക്. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

കണ്ണൂർ: മലബാർ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിനെതിരെ വിമർശനവുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ചരിത്രത്തെ നിരാകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലപാത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. മലബാർ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉൾപ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അതേസമയം വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ഓം ജി ഉപാധ്യയ ഒരു പ്രമുഖ മലയാള മാദ്ധ്യമത്തോട് പ്രതികരിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് രഹസ്യമാണ്. റിസർച്ച്‌സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരരും അഫ്ഗാൻ സൈന്യവും തമ്മിൽ പോരാട്ടം നടക്കുന്നത്. ഫജ്‌റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാൻ സൈന്യത്തിലെ ഒരാളും കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ വളഞ്ഞിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം.

താലിബാന് ഇതുവരെ കീഴടക്കാൻ കഴിയാത്ത മേഖലയാണ് പാഞ്ച്ഷിർ. അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സല ഉൾപ്പെടെയുള്ളവരാണ് പാഞ്ച്ഷിറിൽ താലിബാനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്നത്.

ബെയ്ജിങ്: അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. സംഘർഷഭരിതമായ ഈ അവസ്ഥയിൽ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഫ്ഗാൻ വിഷയം ഉണ്ടാകാൻ പ്രധാന കാരണവും ഘടകവും അമേരിക്കയാണ്. അതിനാൽ തന്നെ അമേരിക്കയ്ക്ക് അഫ്ഗാൻ വിട്ട് ഓടി പോകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിൽ സംഘർഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണം. രാജ്യത്ത് സ്ഥിരതയും പുനർനിർമാണവും നടത്താൻ അമേരിക്കയുടെ ഇടപെടലുണ്ടാകണം. നേരത്തെ അമേരിക്ക ഉറപ്പ് നൽകിയത് പോലെ അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നൽകാനും മുൻകൈയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. താലിബാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാൻ പുനർനിർമാണത്തിൽ പങ്കാളിയാകാനുള്ള താത്പര്യവും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്‌കരവും അപകടകരവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും എത്രയും വേഗം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കണമെന്നുമാണ് മമത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

വോട്ട് ചെയ്യാനും അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പേരിൽ അത് തടയരുത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും മമതാ ബാനർജി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമിൽ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരുന്നത്.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താരമായി നീഡിൽ ഫ്രീ ഇൻജെക്ഷൻ ഡിവൈസ്. അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച സൈകോവ്-ഡി എന്ന വാക്‌സിന്റെ വരവോടെയാണ് ഇന്ത്യയിൽ നീഡിൽഫ്രീ ഇൻജക്ഷൻ ഉപകരണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റു വാക്‌സീനുകളിൽ നിന്നു വ്യത്യസ്തമായി കുത്തിവയ്ക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്‌സീനാണ് സൈകോവ് ഡി.

‘ഫാർമജെറ്റ്’ എന്ന ഉപകരണമാണ് സൈകോവ് ഡി വാക്‌സിൻ നൽകാൻ ഉപയോഗിക്കുന്നത്. കൊളറാഡോ ആസ്ഥാനമായുള്ള ജെറ്റ് ഇൻജെക്റ്റർ നിർമാണ കമ്പനിയായ ഫാർമജെറ്റാണ് ഈ ഉപകരണം വികസിപ്പിച്ചത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈകോവ് ഡിയ്ക്കുള്ളത്.

ഈ വാക്‌സിൻ ഫാർമജെറ്റിൽ നിറച്ചു തൊലിപ്പുറത്ത് സാധാരണ കുത്തിവയ്ക്കുംപോലെ അമർത്തുമെങ്കിലും ഇതിൽ സൂചി ഉണ്ടാകില്ല. പകരം, ഉയർന്ന സമ്മർദത്തിൽ വാക്‌സീൻ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യയുണ്ടാകും. വാക്‌സിൻ ശരീരത്തിന് അകത്തെത്തുംവിധം ശക്തമായ മർദമാണ് ഫാർമജെറ്റ് തൊലിപ്പുറത്ത് പ്രയോഗിക്കുക. അതിനാൽത്തന്നെ ഒട്ടും വേദനയും അറിയില്ല. നേരത്തേ വസൂരിക്കെതിരെയും പന്നിപ്പനിക്കെതിരെയുമെല്ലാം വാക്‌സീൻ പ്രയോഗത്തിന് സമാനമായ ജെറ്റ് ഇൻജെക്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്. യുഎസിൽ സൈനികർക്ക് കൂട്ടത്തോടെ വാക്‌സിനേഷൻ നടത്താനും ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.

കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.