ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപ; തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനുള്ള നടപടികൾ ആരംഭിച്ച് സുരേഷ് ഗോപി എംപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റാനൊരുങ്ങുന്നത്. കോർപറേഷന്റെ അനുമതി ലഭിച്ചാൽ ശക്തൻ മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുന്ന വികസന പദ്ധതിയാണ് സുരേഷ് ഗോപി നടപ്പിലാക്കുന്നത്.

മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ആധുനിക സൗകര്യങ്ങളോട് കൂടിയ ഏറ്റവും വൃത്തിയോടെയുള്ള വ്യാപാര സമുച്ചയം ഉയർത്തിയെടുക്കുക എന്നതാണ് എം പി ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശ്ശൂർ കോർപറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കാനാണ് സുരേഷ് ഗോപിയുടെ തീരുമാനം. ഒരു കോടി രൂപയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി അദ്ദേഹം അനുവദിക്കുക. ബിജെപി നേതാക്കളെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.

തൃശ്ശുരിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി എടുത്ത് ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. തോറ്റാൽ എംപി ഫണ്ടിൽ നിന്നും അതുമല്ലെങ്കിൽ വീട്ടിൽ നിന്നും ഒരു കോടി കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹം ജനങ്ങൾക്ക് നൽകിയ വാക്ക്. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.