മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം; ചരിത്രത്തെ നിരാകരിക്കാനാവില്ലെന്ന് എ വിജയരാഘവൻ

കണ്ണൂർ: മലബാർ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിനെതിരെ വിമർശനവുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ചരിത്രത്തെ നിരാകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലപാത്തിലെ ബ്രിട്ടീഷ് വിരുദ്ധത നിഷേധിക്കാനാവില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. മലബാർ കലാപത്തിന്റെ നേതാക്കളായിരുന്ന വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും ഉൾപ്പെടെ 387 പേരെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അതേസമയം വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടർ ഓം ജി ഉപാധ്യയ ഒരു പ്രമുഖ മലയാള മാദ്ധ്യമത്തോട് പ്രതികരിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് ചരിത്ര ഗവേഷണ കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് രഹസ്യമാണ്. റിസർച്ച്‌സ് പ്രൊജക്റ്റ് കമ്മിറ്റി ചേർന്ന് ശുപാർശ ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതിൽ അസ്വാഭാവികതയില്ല. ഐസിഎച്ച്ആറി മേൽ ഒരു രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.