General (Page 1,438)

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപിയെന്ന് കെ മുരളീധരൻ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരണം പിന്തുടരാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അബ്ദുള്ളക്കുട്ടിക്കെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ടെന്നും ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബുള്ളക്കുട്ടിയെന്ന് അദ്ദേഹം പരിഹസിച്ചു. പുതിയ ചരിത്രം മെനയാൻ നോക്കുന്നത് നിലനിൽക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നു എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ഇതിനെതിരെയായിരുന്നു മുരളീധരന്റെ പ്രതികരണം.

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാർ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവർ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കോഴിക്കോട്: ഇത്തവണ ഓണക്കാലത്ത് മിൽമ നടത്തിയത് റെക്കോർഡ് പാൽവിൽപ്പന. തിരുവോണനാളിലെ ഉപയോഗത്തിന് മലയാളികൾ വാങ്ങിയത് 36 ലക്ഷം ലിറ്റർ പാലാണ്. മിൽമ രൂപീകരിച്ച ശേഷം ഇതാദ്യമായാണു കേരളത്തിൽ ഇത്രയേറെ പാലും തൈരും വിൽപന നടത്തുന്നത്. കഴിഞ്ഞ വർഷം 31 ലക്ഷം ലിറ്റർ പാൽ ആണ് മിൽമ വിറ്റഴിച്ചത്.

തൈരിന്റെ വിൽപനയും വലിയ തോതിൽൃ വർധിച്ചു. 3.60 ലക്ഷം കിലോ തൈരാണ് തിരുവോണ ദിനത്തിലേക്കായി സംസ്ഥാനത്ത് മിൽമ വിൽപ്പന നടത്തിയത്. കഴിഞ്ഞവർഷം 3 ലക്ഷം ലിറ്റർ തൈര് മിൽമ വിറ്റഴിച്ചു. കേരളത്തിലെ പ്രതിദിന പാൽ ഉൽപാദനം 15 ലക്ഷം ലിറ്റർ ആണ്. അതിനാൽ തന്നെ ഏറെ ആസൂത്രണത്തോടെയാണ് ഓണക്കാലത്ത് മിൽമ പാൽ വിൽപ്പന നടത്തിയത്.

ഓണക്കാലത്ത് കർണാടകയിൽ നിന്ന് 10 ലക്ഷം ലിറ്റർ പാലും തമിഴ്‌നാട്ടിൽനിന്ന് 1.5 ലക്ഷം ലിറ്റർ പാലും മിൽമ വാങ്ങി. അതോടൊപ്പം ഓണത്തോട് അടുത്ത ദിവസങ്ങളിലെ പാൽ സംഭരണത്തിന്റെ അളവും മിൽമ വർധിപ്പിച്ചു. ഈ രീതിയിൽ 10 ലക്ഷം ലീറ്റർ പാൽ ആഭ്യന്തരസംഭരണം നടത്തിയാണ് തിരുവോണനാളിൽ മിൽമ മലയാളികൾക്കായി പാൽ വിൽപ്പന നടത്തിയത്. മലബാർ മേഖലയിൽ 13.95 ലക്ഷം ലിറ്റർ പാലും 1.95 ലക്ഷം കിലോ തൈരും വിറ്റു. എറണാകുളം മേഖലയിൽ 12.8 ലക്ഷം ലിറ്റർ പാലും 95,000 കിലോ തൈരും വിറ്റഴിച്ചു. തിരുവനന്തപുരത്ത് 9.86 ലക്ഷം ലിറ്റർ പാലും 73,000 കിലോ തൈരും വിൽപ്പന നടത്തി.

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്താൻ കർഷകർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങൾ നടത്താൻ അനുവാദമില്ലെന്ന് കോടതി വിശദമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്ന മൗലിക അവകാശമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കർഷകരുടെ സമരം കാരണം ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നും നഗരത്തിലെ പല വഴികളും തടസ്സപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കർഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ പോംവഴി കാണണമെന്ന് കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.

കാർഷിക നിയമം കേന്ദ്ര സർക്കാർ നിയമം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഡൽഹിയിൽ സമരം നടത്തുകയാണ്. പല ഘട്ടങ്ങളിലും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര നടപടികളാണ് കർഷകർ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്റെ 167-ാമത് ജയന്തിയോടനുബന്ധിച്ചാണ് അദ്ദേഹം ആദരവ് അർപ്പിച്ചത്. ഗുരുദേവ ദർശനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണം, സമത്വം എന്നിവയിലൂന്നിയുള്ള ഗുരുദേവന്റെ പ്രവർത്തികൾ സമൂഹത്തിന് ഇന്നും പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനുമായി അദ്ദേഹം നിലകൊണ്ടു. യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും ശ്രീനാരായണ ഗുരു വളരെയധികം പ്രാധാന്യം നൽകിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും ശ്രീനാരായണ ഗുരുവിന് ആദരവ് അർപ്പിച്ചു. ഗുരുദേവന്റ ജയന്തിയോടനുബന്ധിച്ച് 100 രാജ്യങ്ങളിൽ നടന്ന ദൈവ ദശക ആലാപനത്തിൽ അദ്ദേഹം പങ്കെടുത്തു. ദൈവ ദശകത്തിന്റെ ആശയം സനാതന ധർമ്മത്തിന്റെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടിയും, സൃഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദൈവ ദശകം വിളിച്ചോതുന്നത്. സംഘർഷ ഭരിതമായ ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സഹിഷ്ണതയുടേയും സന്ദേശം നൽകുന്ന ദൈവ ദശകത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി മാറുന്ന പ്രാർത്ഥനയാണ് ദൈവ ദശകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാബൂൾ: ലോകം മുഴുവൻ കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ വൈറസ് വ്യാപനം വകവെയ്ക്കാതെ മാസ്‌ക് പോലും ധരിക്കാതെ നിൽക്കുന്ന താലിബാൻ നേതാക്കളെ പരിഹസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാസ്‌ക് ധരിക്കാതെ നിൽക്കുന്ന ഒരു കൂട്ടം താലിബാൻ നേതാക്കളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാൽ അഫ്ഗാനിസ്ഥാനിൽ മിക്കവരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഇലോൺ മസ്‌കിന്റെ പ്രതികരണം. ട്വിറ്ററിൽ ഒരു മീം പോസ്റ്റു ചെയ്ത മസ്‌ക് കൂടെ കമന്റും പങ്കുവെച്ചിട്ടുണ്ട്. ഡെൽറ്റാ വകഭേദത്തെക്കുറിച്ച് ഇവർ കേട്ടിട്ടെങ്കിലും ഉണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

നാലു ലക്ഷത്തിലേറെ ലൈക്കുകളും 40,000ലേറെ റീട്വീറ്റുകളുമാണ് ഇലോൺ മസ്‌കിന് ലഭിച്ചത്. മസ്‌കിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. മസ്‌കിന്റെ ഒരു തമാശയായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നാണ് ചിലർ പറഞ്ഞത്. കാരണം മസ്‌ക് തന്നെ കോവിഡ് വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ അഭിപ്രായങ്ങൾ മാറ്റിയിട്ടുള്ള വ്യക്തിയാണ്.

ന്യൂഡൽഹി: ഇനി മുതൽ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാകാം. ഇതിന്റെ ഭാഗമായിട്ടുളള നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജനറൽ ഇൻഷുറൻസ് ബിസിനസ് (നാഷണലൈസേഷൻ) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാനമാറ്റം.

അതസമയം നിയമ ഭേദഗതി സ്വകാര്യവത്ക്കരണത്തിനല്ലെന്നാണ് ധനമന്ത്രി അറിയിച്ചത്. ജനറൽ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ കമ്പനികൾ വിപണിയിൽ കൂടുതൽ ധനസമാഹരണം നടത്തുകയും പുതിയ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പൊതുമേഖല കമ്പനികൾക്ക് വിഭവശേഷി കുറവായതിനാൽ പിന്നോക്കം പോകുന്ന പ്രവണത ഉളളതായും അതിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നതുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

എന്നാൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതിയെന്നാണ് വിദഗ്ധർ പറയുന്നത്. പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദുവിന് താക്കീത് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകർക്ക് നിർദ്ദേശം നൽകണമെന്നാണ് അമരീന്ദർ സിംഗ് നൽകിയ താക്കീത്. കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ മാലി നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനകൾ ഇന്ത്യയുടേയും കോൺഗ്രസിന്റേയും പ്രഖ്യാപിത നിലപാടിനോടു തികച്ചും തെറ്റായതും വിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളിൽ സംസാരിക്കരുതെന്നും പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദുവിന്റെ മറ്റൊരു ഉപദേശകനായ പ്യാരേ ലാൽ ഗാർഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മാലി പറഞ്ഞത് പാകിസ്താൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നുമാണ് അമരീന്ദർ സിംഗിന്റെ ആരോപണം. പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ പഞ്ചാബികൾക്കും ഇന്ത്യക്കാർക്കും അറിയാം. പാക് പിന്തുണയുള്ള സംഘടകൾ ദിവസവും നമ്മുടെ സൈനികരെ ആക്രമിക്കുന്നു. പഞ്ചാബിലേക്ക് മയക്കുമരുന്ന് കയറ്റിവിടുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള പ്രതിരോധം തുടരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാബൂൾ: അമേരിക്ക തലയ്ക്ക് 37 കോടി രൂപ വിലയിട്ട കൊടുംഭീകരൻ അഫ്ഗാനിസ്താനിൽ തിരിച്ചെത്തി. താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് അമേരിക്ക കൊടുംഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഖലീൽ ഹഖാനി തിരിച്ചെത്തിയിരിക്കുന്നത്. വൻ സ്വീകരണമാണ് കാബൂളിൽ ഖലീലിന് ലഭിച്ചത്. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കൻ സൈനികർ രക്ഷാദൗത്യം തുടരുന്നതിനിടെയാണ് ഖലീലിന് വലിയ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഒസാമ ബിൻ ലാദനുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഖലീൽ ഹഖാനിയെ മോസ്റ്റ് വാണ്ടഡ് ടാർഗെറ്റ് പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തിയത്. 2011 ഫെബ്രുവരി 9 നായിരുന്നു ഇത്. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് കാബൂളിൽ മടങ്ങിയെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കാബൂളിലെ പള്ളിയിൽ ഹഖാനിയാണ് പ്രാർത്ഥനകൾക്ക് നേതൃതം നൽകിയത് ഖലീലാണ്. താലിബാൻ നേതാക്കളുമായി ഖലീൽ ചർച്ചകൾ നടത്തുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

താലിബാൻ ഖലീൽ ഹഖാനിയ്ക്ക് ഉയർന്ന സ്ഥാനമായിരിക്കും നൽകുയെന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ നോർത്ത് വസീരിസ്താൻ ജില്ലയിൽ പ്രവർത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഒരു ഭീകര ഗ്രൂപ്പായ ഹഖാനി നെറ്റ്വർക്കിലെ ഉയർന്ന അംഗമാണ് ഖലീൽ ഹഖാനി.

ന്യൂഡൽഹി: വിമാനത്താവളത്തിന് തൊട്ടു മുന്നിൽ വച്ച് താലിബാൻ ഭീകരർ തങ്ങളെ തടഞ്ഞെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും രാജ്യത്തേക്ക് തിരികെ എത്തിയവർ. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ താലിബാൻ തടഞ്ഞു വച്ചിരുന്നുവെന്നാണ് അഫ്ഗാനിൽ നിന്നും മടങ്ങിയെത്തിയവർ പറയുന്നത്. പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തുവെന്നും ഇവർ പറയുന്നു.

എല്ലാവരുടെയും തിരിച്ചറിയൽ കാർഡും താലിബാൻ ചോദിച്ചു. മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നൽകിയാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടത്. വീഡിയോ കാൾ വഴി ഒരാൾ നിർദ്ദേശം നൽകിയ ശേഷമാണ് തങ്ങളെ താലിബാൻ ഭീകരർ വിട്ടയച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ വ്യക്തമാക്കി.

മലയാളികൾ ഉൾപ്പടെ 392 പേരെ മൂന്നു വിമാനങ്ങളിലായി ഞായറാഴ്ച്ച ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു. ഇനി അഞ്ഞൂറിലധികം പേർ അഫ്ഗാനിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിൽ നിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമായി നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.

കോഴിക്കോട്: ഓണ വിപണിയിൽ ഇത്തവണ കൺസ്യൂമർ ഫെഡിന് റെക്കോർഡ് വ്യാപാരം. 150 കോടി രൂപയുടെ വിൽപ്പനയാണ് ഇത്തവണ ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് സംസ്ഥാനത്ത് നടത്തിയത്. ഓണ വിപണികൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വിൽപ്പനയും മദ്യ ഷോപ്പുകൾ വഴി 60 കോടിയുടെ വിദേശ മദ്യവിൽപ്പനയുമാണ് നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം 36 കോടിയുടെ മദ്യവിൽപ്പനയായി വിൽപ്പനയായിരുന്നു സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ 2000 ഓണ വിപണികളാണ് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചത്. ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് കൺസ്യൂമർ ഫെഡ് വിൽപ്പന ന
ത്തിയത്. ഈയിനത്തിൽ 45 കോടിയുടെ വിൽപ്പന നടന്നു.

10 ശതമാനും മുതൽ 30 ശതമാനം വരെ മറ്റ് നിത്യോപയോഗ സാധനങ്ങളും വിറ്റഴിച്ചു. 45 കോടിയുടെ വിൽപ്പനയാണ് ഈ ഇനത്തിൽ നടന്നത്. കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടേയും ഭാഗമായി എല്ലാ ദിവസവും എല്ലാ ഔട്ട്ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പൂഴ്ത്തിവയ്പ്പിനോ ക്രമക്കേടിനോ ഇടനൽകാതെ ജനകീയ മേൽനോട്ടത്തിൽ സാമൂഹിക പ്രതിബന്ധതയോടെയാണ് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ പ്രവർത്തിച്ചതെന്ന് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു.

കൺസ്യൂമർ ഫെഡിന്റെ 39 വിദേശമദ്യ ശാലകളിൽ ഉത്രാട ദിനത്തിലെ വിൽപ്പനയിൽ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വിൽപ്പന. 58 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വിൽപ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മാർക്കറ്റിൽ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപ വില അരി 25 രൂപയ്ക്കുമാണ് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർ ഫെഡ് ഓണ വിപണിയിൽ ലഭ്യമാക്കിയത്.

കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ് ഉത്രാട ദിനത്തിലെ വിൽപ്പനയിൽ ഒന്നാമതെത്തിയത്. 60 ലക്ഷത്തിന്റെ മദ്യവിൽപ്പനയാണ് ഇവിടെ ഒരു ദിവസം നടന്നത്. 58 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഞാറക്കലിലെ ഷോപ്പാണ് രണ്ടാം സ്ഥാനത്തുള്ളത്.