ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യൻ റെയിൽവെയ്ക്ക് ഉണ്ടായത് വലിയ സാമ്പത്തിക നഷ്ടം. 36000 കോടി രൂപയുടെ ബാധ്യതയാണ് റെയിൽവേയ്ക്ക് ഉണ്ടായത്. കേന്ദ്രമന്ത്രി റാവുസാഹേബ് ധൻവേയാണ് ഇക്കാര്യം അറിയിച്ചത്. ചരക്ക് തീവണ്ടികളാണ് ഈ സമയത്ത് റെയിൽവെയെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിക്കാലത്ത് റെയിൽവിയെ പിടിച്ച് നിർത്തുന്നതിൽ ചരക്ക് തീവണ്ടികൾ പ്രധാന പങ്ക് വഹിച്ചു. സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിലും ജനത്തിന് ആശ്വാസമാകുന്നതിനും ചരക്ക് തീവണ്ടികൾ സഹായിച്ചു. ചരക്ക് തീവണ്ടികൾ മാത്രമാണ് വരുമാനമുണ്ടാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. ജൽന റെയിൽവെ സ്റ്റേഷനിലെ അണ്ടർ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുംബൈ – നാഗ്പൂർ എക്‌സ്പ്രസ് വേയിൽ ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുംബൈ – നാഗ്പൂർ എക്‌സ്പ്രസ് വേയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്. പാസഞ്ചർ ട്രെയിൻ സർവീസ് എല്ലാ കാലത്തും നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളത്. എന്നാൽ ടിക്കറ്റ് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് മുകളിൽ ഭാരം അടിച്ചേൽപ്പിക്കുമെന്നായതിനാൽ അത് ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

