ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താരമായി നീഡിൽ ഫ്രീ ഇൻജെക്ഷൻ ഡിവൈസ്. അഹമ്മദാബാദിലെ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച സൈകോവ്-ഡി എന്ന വാക്സിന്റെ വരവോടെയാണ് ഇന്ത്യയിൽ നീഡിൽഫ്രീ ഇൻജക്ഷൻ ഉപകരണത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റു വാക്സീനുകളിൽ നിന്നു വ്യത്യസ്തമായി കുത്തിവയ്ക്കാതെ നൽകുന്ന ‘നീഡിൽ ഫ്രീ’ വാക്സീനാണ് സൈകോവ് ഡി.
‘ഫാർമജെറ്റ്’ എന്ന ഉപകരണമാണ് സൈകോവ് ഡി വാക്സിൻ നൽകാൻ ഉപയോഗിക്കുന്നത്. കൊളറാഡോ ആസ്ഥാനമായുള്ള ജെറ്റ് ഇൻജെക്റ്റർ നിർമാണ കമ്പനിയായ ഫാർമജെറ്റാണ് ഈ ഉപകരണം വികസിപ്പിച്ചത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈകോവ് ഡിയ്ക്കുള്ളത്.
ഈ വാക്സിൻ ഫാർമജെറ്റിൽ നിറച്ചു തൊലിപ്പുറത്ത് സാധാരണ കുത്തിവയ്ക്കുംപോലെ അമർത്തുമെങ്കിലും ഇതിൽ സൂചി ഉണ്ടാകില്ല. പകരം, ഉയർന്ന സമ്മർദത്തിൽ വാക്സീൻ ഉള്ളിലേക്ക് എത്താനുള്ള സാങ്കേതിക വിദ്യയുണ്ടാകും. വാക്സിൻ ശരീരത്തിന് അകത്തെത്തുംവിധം ശക്തമായ മർദമാണ് ഫാർമജെറ്റ് തൊലിപ്പുറത്ത് പ്രയോഗിക്കുക. അതിനാൽത്തന്നെ ഒട്ടും വേദനയും അറിയില്ല. നേരത്തേ വസൂരിക്കെതിരെയും പന്നിപ്പനിക്കെതിരെയുമെല്ലാം വാക്സീൻ പ്രയോഗത്തിന് സമാനമായ ജെറ്റ് ഇൻജെക്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്. യുഎസിൽ സൈനികർക്ക് കൂട്ടത്തോടെ വാക്സിനേഷൻ നടത്താനും ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.
കുത്തിവയ്പു സ്ഥലത്തെ അസ്വസ്ഥതകളും മറ്റു പാർശ്വഫലങ്ങളും കുറയുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.

