കുപ്പിവെളളത്തിന് 40 ഡോളർ, ഒരു പ്ലേറ്റ് റൈസിന് 100 ഡോളർ; അഫ്ഗാനിൽ ഭക്ഷണ വസ്തുക്കളുടെ വില കുതിച്ചുയരുന്നു

കാബൂൾ: താലിബാൻ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ ഏതുവിധേനയും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ കഴിയുന്ന ഒരു വിഭാഗം ജനങ്ങൾ അഫ്ഗാനിലുണ്ട്. യു.എസ് സൈന്യത്തെ പിൻവലിക്കുന്ന ഓഗസ്റ്റ് 31ന് മുമ്പ് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പോകാനുളള ശ്രമത്തിലാണ് ഇവർ. അവസാന ആശ്രയം എന്ന നിലയിൽ നിരവധി പേരാണ് കാബൂളിലെ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാബൂൾ വിമാനത്താവള പരിസരത്ത് ഭക്ഷണം വെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾക്ക് വില ദിനംപ്രതി വർധിക്കുകയാണെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എയർപോർട്ടിന് പുറത്ത് ഒരു കുപ്പിവെളളത്തിന് 40 ഡോളറും ഒരു പ്ലേറ്റ് റൈസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന അഫ്ഗാൻ പൗരൻ പറയുന്നു. ഇത് സാധാരണക്കാരന് താങ്ങാനാവുന്നതിൽ അധികമാണെന്നാണ് അഫ്ഗാൻ പൗരന്മാർ പറയുന്നത്. ഇതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.