നെറ്റ് വര്‍ക് കിട്ടാന്‍ മരത്തില്‍ കയറി വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: നെറ്റ് വര്‍ക് കിട്ടാത്തതിനാല്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബുവാണ് മരക്കൊമ്പ് ഒടിഞ്ഞു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്തു ബാബു മരത്തില്‍ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്തുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി വിവരങ്ങള്‍ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി അനന്തുവിന്റെ പിതാവ് ബാബുവിനെ അറിയിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള പരിയാരം മെഡികെല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ച് കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. അനന്തുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ കലക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്നം പരിഹരിച്ചതായും കലക്ടര്‍ മന്ത്രിയെ അറിയിച്ചു.