തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിൽ കേരള മാതൃക തെറ്റാണെന്നാണ് പറയുന്നവർ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത് എന്നുകൂടി പറയണമെന്ന് പിണറായി വിജയൻ ചോദിച്ചു. ചിന്ത വാരികയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ഒരാൾ പോലും പ്രതിസന്ധി കാലത്ത് വിശന്ന് ഉറങ്ങേണ്ടി വന്നില്ലെന്നും ലഭിച്ചതിലധികം വാക്സീൻ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നദികളിൽ ഒഴുകുന്ന സ്ഥിതിയുണ്ടായില്ല. സംസ്ഥാനത്ത് ഒരാൾക്ക് പോലും ചികിത്സ കിട്ടാതെ ഇരുന്നിട്ടില്ല. കോവിഡിന്റെ ഭാഗമായുണ്ടായ പ്രതിസന്ധിയുടെ കാലത്തും സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിട്ടില്ലെന്നും വികസന – ക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടന്നുവെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണ്. കഴിയാവുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ സംരക്ഷിച്ചു നിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിൽ ആർക്കും ആരോഗ്യസേവനങ്ങൾ ലഭ്യമാകാതിരിക്കുകയോ അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് സീറോ പ്രിവലെൻസ് സർവ്വേകളാണ് ഇന്ത്യയിൽ ഇതുവരെ നടത്തപ്പെട്ടത്. മൂന്നിലും ഏറ്റവും കുറവ് ആളുകൾക്ക് രോഗബാധയുണ്ടായ സംസ്ഥാനം കേരളമാണ്. വാക്സിനേഷന്റെ കാര്യത്തിലും കേരളം മാതൃക കാട്ടി. ഒറ്റ തുള്ളി വാക്സിൻ പോലും നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ഓരോ വയലിലും ശേഷിച്ച ഡോസുകൂടി ഉപയോഗിച്ച് ജനങ്ങളെ വാക്സിനേറ്റ് ചെയ്യാൻ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. രാജ്യത്തെ ആകെ മരണനിരക്കിൻറെ മൂന്നിലൊന്ന് മാത്രമാണത്. ആയിരക്കണക്കിന് മൃതദേഹങ്ങൾ അനാഥപ്രേതങ്ങളെപ്പോലെ നദികളിൽ ഒഴുകി നടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും ഈ രാജ്യത്തുതന്നെ നാം കണ്ടതാണ്. കേരളത്തിൽ മരണപ്പെട്ട ഒരാളെപ്പോലും തിരിച്ചറിയാതെ ഇരുന്നിട്ടില്ല, ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. കാര്യങ്ങൾ മുൻകൂട്ടി കണ്ട് തയ്യാറെടുപ്പുകൾ നടത്തിയതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങൾക്കുവരെ ഓക്സിജൻ നൽകാൻ നമുക്കായത്. ഇത്തരത്തിൽ ലഭ്യമായിരിക്കുന്ന സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയിൽ മഹാമാരിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തിൻറെ കഴിവിലും ഉപരിയായി പ്രവർത്തിച്ചു എന്നതാണ് അവർ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കിൽ, ആ വീഴ്ച വരുത്തിയതിൽ ഈ സർക്കാർ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം വിശദമാക്കി.
അനാവശ്യ വിമർശനങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ ഈ സർക്കാർ ആഗ്രഹിക്കുന്നില്ല. നാടിൻറെ വികസനത്തോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള ഇടപെടലുകൾ സർക്കാർ നടപ്പാക്കുകയാണ്. ഇതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പ്രത്യേകമായ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കും. നിലവിലുള്ള ഓട്ടോക്ലേവ് റൂമുകളെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ടുമെൻറുകളായി പരിവർത്തിപ്പിക്കുകയാണ്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായി വാക്സീൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുന്നുണ്ട്. വേണ്ടത്ര വാക്സിൻ ഉത്പാദനം ഇല്ലാത്തതാണ് വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട് നാം അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു കാരണം. ഇനിയൊരു ഘട്ടത്തിൽ ഇത്തരം പകർച്ചവ്യാധികളെ അതിജീവിക്കണമെങ്കിൽ വാക്സിൻ ഉത്പാദനവുമായി ബന്ധപ്പെട്ട തനത് ശേഷികൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിനാണ് കേരളം ശ്രമിക്കുന്നത്. കേരള മോഡൽ എന്നുമൊരു ബദൽ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലും സർക്കാരിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുന്ന ബദൽ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചത്. ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

