അധികാരം മാറുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പകപോക്കൽ നടപടി അവസാനിപ്പിക്കണം; സുപ്രീം കോടതി

ന്യൂഡൽഹി: അധികാരം മാറുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പകപോക്കൽ നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിയോടൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ അധികാരം മാറുമ്പോൾ പീഡിപ്പിക്കപ്പെടുന്നത് നല്ല പ്രവണതയല്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. രാജ്യദ്രോഹ കേസ് ചോദ്യം ചെയ്ത് ചത്തീസ്ഗഡ് മുൻ എഡിജിപി ഗുർജേന്ദ്ര പാൽ സിംഗ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി സ്വീകരിക്കുന്നതിന് അന്ത്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു.

സർക്കാരിനെതിരെയുള്ള ഗുഡാലോചനയുടെ തെളിവുകൾ എഡിജിപിയുടെ വസതിക്ക് സമീപത്തുനിന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹ കേസെടുത്തത്. ചത്തീസ്ഗഡ് സർക്കാരിനും പ്രത്യേക അന്വേഷണ സംഘത്തിനും കോടതി നോട്ടീസ് അയച്ചു. കേസിലെ അറസ്റ്റ് നടപടികൾ കോടതി തടയുകയും ചെയ്തു.