General (Page 1,433)

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കളർ ഡോപ്ലറോടുകൂടിയ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീന്റെ ഉദ്ഘാടനവും നടന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ രണ്ടു സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റുകളിൽ ഒരെണ്ണം എറണാകുളം ജില്ലയിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാമത്തേത് കണ്ണൂർ ജില്ലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. കളർ ഡോപ്ലറോടുകൂടിയ അൾട്രാസൗണ്ട് സ്‌കാനിങ് മെഷീൻ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കാണ് അനുവദിച്ചിരിക്കുന്നത്.

അടിയന്തിര വെറ്ററിനറി സേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് സഹായകമാകും. കേരള പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1.1 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

രോഗ ബാധിതരായ മൃഗങ്ങളെ അതാത് ചികിത്സാ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുളള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഇത്തരമൊരു ആശയം രൂപീകരിച്ചിരിക്കുന്നത്. കൃത്യമായ രോഗനിർണയത്തിന് സഹായകരമായ ഉപകരണങ്ങളുടെ അഭാവം മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാനും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റുകൾ സഹായിക്കും.

ആധുനിക ഉപകരണങ്ങളായ പോർട്ടബിൾ എക്‌സറേ യൂണിറ്റ്, ടെലി മെഡിസിൻ സോഫ്റ്റ്വെയർ, വീണുപോയ കന്നുകാലികളെ ഉയർത്തുന്നതിനുളള ക്രയിൻ സംവിധാനം തുടങ്ങിയവയാണ് ഈ യൂണിറ്റുകളിൽ ഒരുക്കിയിരിക്കുന്നത്. പലപ്പോളും അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങൾക്ക് കൃത്യമായി അവസ്ഥ മനസിലാക്കി ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വെറ്ററിനറി ഡോക്ടർമാർക്ക് കഴിയാറില്ല. സഞ്ചരിക്കുന്ന ചികിത്സാലയത്തിൽ ഒരുക്കിയിരിക്കുന്ന എക്‌സ്റേ യൂണിറ്റ് ഇതിനൊരു പരിഹാരമാണ്. ടെലി വെറ്റിനറി സംവിധാനം ഉപയോഗിച്ച് വിദൂര സർവകലാശാലകളിൽനിന്നും വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഉണ്ട്. ഒരു വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, അറ്റൻഡന്റ് കം ഡ്രൈവർ എന്നിങ്ങനെ മൂന്ന് തസ്തികകളാണ് സഞ്ചരിക്കുന്ന ചികിത്സാലയത്തിന്റെ പ്രവർത്തനത്തിനായുള്ളത്. ജീവനക്കാരെ അനുവദിച്ചാലുടൻ ഈ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കും.

എല്ലാ ജില്ലകളിലും മൃഗചികിത്സാ രംഗത്ത് ആംബുലൻസ് സേവനം വ്യാപിപ്പിക്കുന്നതിനായി 12 ആംബുലൻസുകൾ കൂടി കേരളം പുനർ നിർമ്മാണ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

വാഷിംഗ്ടൺ: ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകി നിർണായക നേട്ടം കരസ്ഥമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖ വ്യവസായി ബിൽഗേറ്റ്സ്. സർക്കാർ, ഗവേഷകർ, വാക്സിൻ നിർമ്മാതാക്കൾ, ആരോഗ്യപ്രവർത്തർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ ഇന്ത്യയെ സഹായിച്ചതെന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ ഒരു ദിവസം ഒരു കോടി ഡോസ് വാക്സിൻ നൽകിയതിന്റെ വാർത്തയും ബിൽഗേറ്റ്സ് പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആരോഗ്യമന്ത്രാലയത്തേയും അദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്.

വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അതേസമയം രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ജനവാസ കേന്ദ്രവും ക്വാറിയുമായുള്ള ഭൂപരതി വർധിപ്പിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രിം കോടതിയെ സമീപിച്ചത്. ദേശീയ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സർക്കാർ സുപ്രിം കോടതിൽ വ്യക്തമാക്കിയിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വാറികളുടെ ദൂരപരിധി കൂട്ടിയ നടപടി സുപ്രിം കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു.

ജനവാസ മേഖലയിൽ സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. തുടർന്ന് ക്വാറി ഉടമകൾ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സംസ്ഥാന സർക്കാരും പിന്നീട് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസിന് മുഖ്യമന്ത്രിമാരുള്ളത് മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിൽ കനത്ത പോര്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് രാജ്യത്ത് കോൺഗ്രസിന് നിലവിൽ മുഖ്യമന്ത്രിമാരുള്ളത്. മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ എത്തുന്നത്. രാജസ്ഥാനിൽ പോരിന് നേരിയ ശമനമുണ്ടെങ്കിലും ഛത്തീസ്ഗഢിലും പഞ്ചാബിലും തർക്കം രൂക്ഷമാണ്.

2017-ൽ പഞ്ചാബിൽ കോൺഗ്രസ് അധികാരം നേടി അമരീന്ദർ സിങ് മുഖ്യമന്ത്രി ആയത് മുതൽ തുടങ്ങിയ പോരാണ് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പാർട്ടിയുടെ അദ്ധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവും അമരീന്ദർ സിങും വലിയ അഭിപ്രായ ഭിന്നതയിലാണ്. പാലപ്പോഴും പരസ്യമായ പോരിലേക്ക് വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ കോൺഗ്രസിന്റെ 78 എംഎൽഎമാരിൽ 32 പേരുടെ സംഘം അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സിദ്ദുവാണ് അവരുടെ നേതാവെന്ന് പറയുന്നുണ്ടെങ്കിലും അമരീന്ദറിന് പകരം ആരെ മുഖ്യമന്ത്രിയാക്കണമെന്ന് എംഎൽഎമാർ നിർദേശിച്ചിട്ടില്ല.

2018-ൽ ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേറിയത്. പാർട്ടി അധ്യക്ഷനായിരുന്ന ഭൂപേഷ് ബാഘേലിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നുവെന്ന ആരോപണവുമായി സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്.സി്ങ് ദേവ് രംഗത്തെത്തിയതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഭൂപേഷ് ബാഘേലും ടി.എസ്. സിങ്ദേവും തന്നെ അനുകൂലിക്കുന്ന അമ്പതോളം എംഎൽഎമാരുമായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതേസമയം രാഹുലിനെ കാണാൻ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ സിങ്ദേവ് റായ്പുരിലേക്ക് ഇതുവരെ മടങ്ങിയിട്ടില്ല. അന്തിമ തീരുമാനമുണ്ടായതിന് ശേഷം മാത്രമെ അദ്ദേഹം നാട്ടിലേക്ക് മടങ്ങൂവെന്നാണ് വിവരം.

രാജസ്ഥാനിലെ തർക്കങ്ങൾക്കും അഭിപ്രയ ഭിന്നതകൾക്കും മൂന്ന് വർഷത്തിലേറെ പഴക്കമുണ്ട്. 2018-ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ അശോക് ഗെഹ്ലോതിനെ മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയ്ക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ് ഇരുനേതാക്കളും. സച്ചിൻ പൈലറ്റ് തനിക്കുണ്ടാക്കുന്ന ഭീഷണി മുൻകൂട്ടി കണ്ടാണ് ഗെഹ്ലോത് ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ വർഷം തന്നെ പിന്തുണക്കുന്ന എംഎംൽഎമാരേയും ഒപ്പം കൂട്ടി അജ്ഞാത കേന്ദ്രത്തിലിരുന്ന് സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത ഭീഷണി ഗെഹ്ലോതിന് തന്ത്രപരമായി മറികടക്കാനും കഴിഞ്ഞു.

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയതിന് സമാനമായ നീക്കമായിരുന്നു സച്ചിൻ പൈലറ്റ് നടത്തിയതും. തന്റെ വിശ്വസ്തരെ സർക്കാരിലും പാർട്ടിയിലും മാന്യമായ രീതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പുതിയൊരു പോരാട്ടത്തിന് സച്ചിൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

തിരുവനന്തപുരം: പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനെ സാധൂകരിക്കുന്നതിനായി ചില പരാമർശങ്ങൾ അദ്ദേഹം നടത്തി. മുഖ്യമന്ത്രി തുടർച്ചയായി പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ്‌സി നിയമനത്തിലും പട്ടിക ജാതിക്കാരെ അവഗണിക്കുകയാണ്. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തു. സർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണ്. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയിൽ നവോത്ഥാനം നടപ്പാക്കാൻ, പറയുന്ന കാര്യത്തിൽ ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം സ്വന്തം കുടുംബത്തിൽ നടപ്പാക്കണമെന്നുളള ഒരു ചർച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ വന്നു. താൻ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അതിനെ വേറൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ ഐഎസ് ഭീകരര്‍ ലക്ഷ്യമിടുന്നതായി വെളിപ്പെടുത്തല്‍. രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. ‘ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാത്രമല്ല, അഫ്ഗാനില്‍ ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാനാണു പദ്ധതിയിടുന്നതെന്നും, ഭീകരാക്രമണങ്ങള്‍ നടത്തുക, സംഘടനയിലേക്കു യുവാക്കളെ ചേര്‍ക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയപരമായി ഇന്ത്യയെ അടക്കം ഉള്‍പ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ താല്‍പര്യമെന്നും, അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങള്‍ക്കു സൈ്വര്യവിഹാരം നടത്താന്‍ രാജ്യം ലഭ്യമായെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടം കരസ്ഥമാക്കി രാജ്യം. 24 മണിക്കൂറിനിടെ ഒരു കോടിയിലധികം ആളുകളാണ് രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചത്. വെള്ളിയാഴ്ച്ച രാത്രി ഏഴ് മണിവരെയുള്ള കണക്കുകൾ അനുസരിച്ച് 93.08 ലക്ഷം വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്.

രാജ്യം സ്വന്തമാക്കിയത് സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്കും വിജയകരമാക്കുന്നവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ വാക്‌സിനേഷൻ സ്വീകരിച്ചത്. 25 ലക്ഷത്തിലധികം പേർ ഉത്തർപ്രദേശിൽ വാക്‌സിനേഷൻ സ്വീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിനേഷൻ നടത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനകം വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നു.

ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നടന്നത്. ഓഗസ്റ്റിൽ ഇതുവരെ 15 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ജുലൈയിൽ 13.45 കോടിയും ജൂണിൽ 11.97 കോടി ഡോസ് വാക്‌സിനുമാണ് രാജ്യത്ത് നൽകിയത്. 18 വയസിന് മുകളിൽ പ്രായമുള്ള അമ്പത് ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താൻ വേണ്ടി സെറോ സർവേ നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. കോവിഡ് ബാധ, വാക്‌സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സർക്കാർ സർവേ നടത്തുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് സർക്കാരിന്റെ നേതൃത്വത്തിൽ സെറോ സർവേ സംഘടിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ ഐസിഎംആർ സെറോ സർവേ നടത്തിയിട്ടുണ്ട്. 42.7% ആണ് ഐ.സി.എം.ആർ നടത്തിയ സെറോ സർവേയിൽ കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തു. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18 വയസിന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലും പഠനം നടത്തും.

ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ നൽകാൻ തീരുമാനം. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനികൾ നിലവിൽ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധാരണ. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമായ ആശയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ-വിസ ഉപയോഗിച്ച് മാത്രമെ അഫ്ഗാനിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വരാവൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഓഗസ്റ്റ് 12-നും 14-നും ഇടയിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി അനുവദിച്ച 11,000-ൽ അധികം വിസകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ആയിരത്തിലധികം വിസകൾ മോഷ്ടിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു നടപടി. തുടർന്നാണ് ഇ വിസകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.

552-ൽ അധികം പേരെയാണ് അഫ്ഗാനിൽ നിന്നും ഇന്ത്യ രക്ഷപ്പെടുത്തിയത്. ആറു വിമാനങ്ങളിലായാണ് ഇന്ത്യ രക്ഷാ ദൗത്യം നടത്തിയത്.

തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റിൽ കോവിഡ് ബാധിച്ചത് നൂറിലധികം പേർക്ക്. ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ നിയമസഭ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരിൽ കോവിഡ് പടർന്നു പിടിക്കുന്ന ഗുരുതര സാഹചര്യം ഉണ്ടായതെന്ന് കത്തിൽ വിശദമാക്കുന്നു.

രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും വിഷയത്തിൽ വേണ്ട തുടർനടപടികൾ സ്വീകരിക്കാത്തതാണ് ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടാകാൻ കാരണം. ജിവനക്കാരുടെ കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുൻനിർത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭാ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റിൽ അടിയന്തര കോവിഡ് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ ജീവനക്കാർ ആശങ്കയിലാണെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നു.